'തുടക്കം' സിനിമ 
MOVIES

ആക്ഷനിൽ തിളങ്ങി വിസ്മയ, ഞെട്ടിച്ച് ആശിഷ്; 'തുടക്കം' മോശമായില്ല | THUDAKKAM REVIEW

മോഹൻലാൽ പറഞ്ഞപോലെ ആക്ഷൻ പ്രതീക്ഷിച്ച് എത്തുന്നവ‍ർക്ക് ചെറിയ ചായയും കടിയും ഒക്കെ ഇതിലുണ്ട്!

Author : ശ്രീജിത്ത് എസ്

'2018' എന്ന മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് അടിച്ച ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' ഒരു കൊച്ചു സിനിമയാണ്. ഇമോഷനും ആക്ഷനും ത്രില്ലർ ഘടകങ്ങളും ചേർന്ന ചിത്രം. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിൽ വലിയ തോതിൽ ശ്രദ്ധ ആക‍ർഷിച്ച ചിത്രം പ്രേക്ഷകരെ നിരാശരാക്കുന്നില്ല. സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ മോഹൻലാൽ പറഞ്ഞപോലെ ആക്ഷൻ പ്രതീക്ഷിച്ച് എത്തുന്നവ‍ർക്ക് ചെറിയ ചായയും കടിയും ഒക്കെ ഇതിലുണ്ട്!

സിനിമ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ആശിഷ് ജോ ആന്റണി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തെ ജൂഡ് നമുക്ക് പരിചയപ്പെടുത്തുന്നു. ഒപ്പം, സിനിമയുടെ മൂഡും. ഇതൊരു ഫാമിലി ഡ്രാമ, അല്ല. വില്ലനിൽ നിന്നും തുടങ്ങുന്ന ചിത്രം പതിയെ വിസ്മയ അവതരിപ്പിക്കുന്ന മീനുവിനേയും വില്ലേജ് ഓഫീസറായ അച്ഛനേയും അവരുടെ ജീവിതവും കാണിച്ചു തരുന്നു. അവൻ, വില്ലൻ, അവനെവിടെയെന്ന് അപ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ ഒരു സംശയം തോന്നിയേക്കാം. ആ നിമിഷം അയാൾ നമുക്ക് മുന്നിലേക്ക് എത്തും. പിന്നെ, ചമൻ ചാക്കോ എന്ന എഡിറ്റ‍റുടെ കയ്യുംപിടിച്ച് ടോപ് ​ഗിയറിലാണ് സിനിമയുടെ സഞ്ചാരം. അത് എത്തി നിൽക്കുന്നതോ? പ്രേക്ഷക‌ർ പ്രതീക്ഷിച്ചിരുന്ന ആ നിമിഷത്തിലേക്കും. വിസ്മയയുടെ മുവായ് തായ് പാടവം വ്യക്തമാക്കുന്ന സീനിലേക്ക്! ഒറ്റ കിക്കിൽ നടി തന്റെ വരവിന് ആരവങ്ങളുയർത്തുന്നു.

ഒരു തുടക്കക്കാരിയുടെ പരിഭ്രമം സിനിമയിലുടനീളം വിസ്മയയിൽ കാണാം. അത് പലപ്പോഴും പരിഹരിക്കുന്നത് ചുറ്റുമുള്ള കഥാപാത്രങ്ങളും നടിക്കായി ഡബ്ബ് ചെയ്ത ആ‍ർട്ടിസ്റ്റുമാണ്. എന്നാൽ, ആക്ഷൻ രം​ഗങ്ങളിലേക്ക് എത്തുമ്പോൾ കളി മാറുന്നു. വിസ്മയയുടെ ശരീര ഭാഷ തന്നെ ഇവിടെ മാറുന്നതായി കാണാം. സംഘട്ടന രം​ഗങ്ങൾ അതിമനോഹരമായാണ് നടി കൈകാര്യം ചെയ്തിരിക്കുന്നത്. മറുവശത്ത് വില്ലനായി ഞെട്ടിക്കുന്ന പ്രകടനമാണ് ആശിഷ് ജോ ആന്റണി കാഴ്ചവച്ചിരിക്കുന്നത്. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോഴാണ് അയാൾക്ക് ഒരു സംഭാഷണമുള്ളത്. പക്ഷേ ആ കഥാപാത്രത്തിനുള്ളിലെ പൈശാചികത, ആദ്യാവസാനം പാകത വന്ന ഒരു നടനെപ്പോലെ തന്റെ നോട്ടം കൊണ്ടും ഭാവം കൊണ്ടും ആശിഷ് പ്രതിഫലിപ്പിക്കുന്നു. ഈ സിനിമയുടെ ത്രില്ല‍ർ ഘടകം നിലനി‍ർത്തുന്നത് നടന്റെ ഈ പ്രകടനം തന്നെയാണ്. അച്ഛൻ വേഷത്തിൽ എത്തിയ സായ് കുമാറും തന്റെ ഭാ​ഗം വൃത്തിയായി ചെയ്തു. അച്ഛൻ-മകൾ അതിവൈകാരിക രം​ഗങ്ങളിലേക്ക് കടക്കാതെ അടുത്തടുത്ത ഇവന്റിലേക്ക് പോയത് ഒരു വിധത്തിൽ സിനിമയുടെ ആസ്വാദനത്തിന് ​ഗുണം ചെയ്തിട്ടുണ്ട്.

ഇനി ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാവരും ഉറ്റുനോക്കുന്ന കാര്യം- മോഹൻലാലിന്റെ ക്യാമിയോ. മകളുടെ ആദ്യ ചിത്രത്തിൽ അച്ഛന്റെ അതിഥി വേഷം. പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറിയ 'ആദി'യിലും നമ്മൾ അത് കണ്ടതാണ്. എന്നാൽ, ഈ ചിത്രത്തിൽ മോഹൻലാൽ മോഹൻലാലായി അല്ല തത്വത്തിൽ എത്തുന്നത്. കഥാ​ഗതിയോട് ചേ‍ർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തിന് ഇടം ഒരുക്കിയിട്ടുണ്ട് സംവിധായകൻ. ആർക്കും ചെയ്യാവുന്ന ഒരു വേഷം. പക്ഷേ അത് മോഹൻലാൽ ചെയ്യുമ്പോൾ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾക്ക് മറ്റൊരു തലം വരുന്നു. ഒരച്ഛൻ മകളോട് സംസാരിക്കുന്നത് പോലെ. ഇത്തരം സംഭാഷണങ്ങളും സീനുകളും ഇല്ലെങ്കിലും ചിത്രം തടസങ്ങളില്ലാതെ മുന്നോട്ടുപോകുമായിരുന്നു. Make your father proud പോലുള്ള ഡയലോ​ഗുകൾ കഥാപാത്രം പറഞ്ഞതോ മോഹൻലാൽ പറഞ്ഞതോ എന്ന സംശയം ആ‍ർക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് സിനിമാസ്വാദനത്തെ ബാധിക്കുമെന്നല്ല. ചിലപ്പോൾ ആരാധകർക്കത് രോമാഞ്ചവുമുണ്ടാക്കിയേക്കാം. സംവിധായകന്റെ തീരുമാനം ആ രോമാഞ്ചിഫിക്കേഷൻ ആയിരുന്നിരിക്കണം. അങ്ങനെയെങ്കിൽ, അതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

ഒരു നല്ല തുടക്കം തന്നെയാണ് വിസ്മയയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ജൂഡ് ആന്തണി അത് ഉറപ്പാക്കിയിട്ടുണ്ട്. വിസ്മയ എന്ന അഭിനേത്രിയുടെ മികവുകളും പരിമിതികളും തിരിച്ചറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ സിനിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് കേടുപാടുകളുണ്ടാകാതെ അത് സാധ്യമാക്കിയതിൽ അദ്ദേഹം കയ്യടി അ‍ർഹിക്കുന്നു. പിന്നെ, ഒരു കാര്യം. അത് പറയാതിരിക്കാനാകില്ല. ആശിഷ് ജോ ആന്റണി, അയാളാണ് ഈ സിനിമയിലെ ഷോ സ്റ്റീലർ!

SCROLL FOR NEXT