'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ  Source: Facebook
MOVIES

വിസ്മയയുടെ 'തുടക്കം' പ്രേക്ഷകർ ഏറ്റെടുത്തോ? ആദ്യ ദിന കളക്ഷൻ ഇങ്ങനെ

ആക്ഷൻ രംഗങ്ങളിൽ വിസ്മയ തകർപ്പൻ പ്രകടനം കാഴ്ചവച്ചുവെന്നാണ് പൊതുവഭിപ്രായം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ വിസ്മയ തകർപ്പൻ പ്രകടനം കാഴ്ചവച്ചുവെന്നാണ് പൊതുവഭിപ്രായം. വില്ലനായി എത്തിയ ആശിഷ് ജോ ആന്റണിക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്. 'എമ്പുരാനി'ൽ നിർണായകമായ ഒരു സീനിൽ ആശിഷ് അഭിനയിച്ചിരുന്നു.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം 1,102 ഷോകളിൽ നിന്നായി 2.40 കോടി രൂപയാണ് സിനിമയുടെ നെറ്റ് കളക്ഷൻ നേടി. ഇന്ത്യയിലെ മൊത്തം ഗ്രോസ് കളക്ഷൻ 2.78 കോടി രൂപയും. മികച്ച റിവ്യൂ ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കളക്ഷൻ ഉയരാനാണ് സാധ്യത.

ഫാമിലി ആക്ഷൻ ത്രില്ലറാണ് 'തുടക്കം'. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഒരു നിർണായക മുഹൂർത്തത്തിൽ മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.

SCROLL FOR NEXT