പണം നല്‍കിയില്ലെങ്കില്‍ മോശം റിവ്യൂ ഇടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ''വ്യസനസമേതം ബന്ധുമിത്രാദികള്‍' സിനിമയുടെ സംവിധായകന്‍ എസ്. വിപിന്‍ . ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസില്‍ സംവിധായകന്‍ പരാതി നല്‍കി.
പണം നല്‍കിയില്ലെങ്കില്‍ ചിത്രത്തിനെതിരെ മോശം റിവ്യൂ നല്‍കുമെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ ഭീഷണി. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ സമൂഹമാധ്യമങ്ങളിലൂടെ സിനിമയെ മോശമായി പ്രചരിപ്പിച്ചു. ഇയാളുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും സംവിധായകന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
തൻ്റെ സിനിമയ്‌ക്കെതിരെ മനപൂര്‍വമായ പ്രചരണം നടക്കുന്നുവെന്ന് സംവിധായകന്‍ ആരോപിച്ചു. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് ഹൈദരാബാദില്‍ നിന്നുള്ളവരായതിനാല്‍ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ടെന്നും കേസില്‍ ഇരുവരും കക്ഷിചേരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വിപിന്‍ദാസ് പറഞ്ഞു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ''വ്യസനസമേതം ബന്ധുമിത്രാദികള്‍' ജൂണ്‍ 13 നാണ് തിയേറ്ററുകളിലെത്തിയത്. വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.