അയാന്‍ മുഖർജി സംവിധാനം ചെയ്യുന്ന 'വാർ 2'വില്‍ നിരവധി മാറ്റങ്ങള്‍ നിർദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ഓഗസ്റ്റ് 14നാണ് ഹൃത്വിക് റോഷൻ, ജൂനിയർ എന്‍ടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ബോളിവുഡ് സ്പൈ സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് പ്രകാരം, ആറിടങ്ങളില്‍ അനുചിതമായ പരാമർശങ്ങളുണ്ടെന്നും ഇവിടെ ഓഡിയെ മ്യൂട്ട് ചെയ്യണമെന്നുമാണ് സിബിഎഫ്‌സിയുടെ നിർദേശം. 'അശ്ലീലം' ആണെന്ന് ചൂണ്ടിക്കാട്ടി ഒരു സംഭാഷണം നീക്കി പകരം മറ്റൊരു വാക്യം ചേർത്തു. സമാനമായി ഒരു കഥാപാത്രത്തിന്റെ ആംഗ്യവും ഒഴിവാക്കാന്‍ നിർദേശിച്ചിട്ടുണ്ട്. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ യൊതൊരു വിധ മാറ്റങ്ങളും നിർദേശിച്ചിട്ടില്ല.
പ്രലോഭനകരമായ രംഗങ്ങള്‍ 50 ശതമാനം വെട്ടിക്കുറച്ച് ഒന്‍പത് സെക്കന്‍ഡ് ആക്കാനാണ് സിബിഎഫ്‌സി നല്‍കിയ നിർദേശം. 'ആവാന്‍ ജാവാന്‍' എന്ന ഗാനത്തില്‍ കിയാര അദ്വാനി ബിക്കിനിയില്‍ എത്തുന്ന രംഗങ്ങളാണ് വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
സിബിഎഫ്‌സി ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തിയതോടെ വാർ 2ന് യു/എ 16+ റേറ്റിങ് ലഭിച്ചു. രണ്ട് മണിക്കൂർ 59 മിനിറ്റ് 49 സെക്കൻഡായിരുന്ന ചിത്രത്തിന്റെ ആകെ ദൈർഘ്യം, സെൻസർ കട്ടുകള്‍ക്ക് ശേഷം രണ്ട് മണിക്കൂർ 51 മിനിറ്റ് 44 സെക്കൻഡായി ചുരുങ്ങി.
യഷ് രാജ് ഫിലിംസാണ് വാർ 2ന്റെ നിർമാണം. വൈആർഎഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രം. ചിത്രത്തില്‍ ഷാരൂഖും, സൽമാനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കാമിയോ റോളുകളിലെത്തുമെന്നും സൂചനയുണ്ട്.