സൗബിന്‍ ഷാഹിർ, രജനികാന്ത്  Source : Facebook
MOVIES

"എന്തൊരു സ്റ്റൈല്‍!"; രജനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സൗബിന്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്

Author : ന്യൂസ് ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലൂടെ തന്റെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ദയാല്‍ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലോകേഷിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്ന് സൗബിന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്തിടെ ആരാധകരുമായി സംസാരിക്കവെയാണ് സൗബിന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

"ചിത്രീകരണത്തിന്റെ ആദ്യ ദിനം അദ്ദേഹത്തിന് മുന്നില്‍ അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു", സൗബിന്‍ വെളിപ്പെടുത്തി. രജനികാന്ത് എന്ന നടന്റെ ലാളിത്യവും സാന്ന്യധ്യവുമാണ് സൗബിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നാണ് താരം പറഞ്ഞത്. "വസ്ത്രം മാറ്റാനും ഭക്ഷണം കഴിക്കാനും മാത്രമെ അദ്ദേഹം കാരവാന്‍ ഉപയോഗിക്കുകയുള്ളൂ. ബാക്കിയുള്ള സമയമെല്ലാം അദ്ദേഹം സെറ്റില്‍ എല്ലാവര്‍ക്കും ഒപ്പം തന്നെയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്കെല്ലാം ഒരു പ്രത്യേക ഊര്‍ജം നല്‍കും. എന്തൊരു സ്റ്റൈലാണ്", എന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണവും.

ആഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

SCROLL FOR NEXT