സഹപ്രവർത്തകർക്ക് പിന്തുണയുമായി ഡബ്ല്യൂസിസി Source: Facebook
MOVIES

"ഇവർ വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ച സ്ത്രീകള്‍"; സഹപ്രവർത്തകർക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

അടൂരിന്റെ സമീപനത്തെയും നിലപാടിനെയും അതിശക്തമായി അപലപിക്കുന്നതായി ഡബ്ല്യുസിസി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിനിമാ മേഖലയില്‍ വ്യത്യസ്ത വെല്ലുവിളികളെ നേരിടുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). 'മാറ്റം ‘നാളെ’ അല്ല, 'ഇന്ന്' നമുക്കിടയിൽ എത്തിയിരിക്കുന്നു' എന്ന തലക്കെട്ടിൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. പുഷ്പവതി, സാന്ദ്ര, ശ്വേത, ഉർവശി എന്നിങ്ങനെയുള്ള സ്ത്രീ ശബ്ദങ്ങളെ ഉദാഹരിച്ചായിരുന്നു ഡബ്ല്യുസിസിയുടെ കുറിപ്പ്.

സിനിമാ നയ രൂപീകരണ കോൺക്ലേവിലെ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂർ തൻ്റെ സവർണ ജാതീയ ലിംഗഭേദ വീക്ഷണം തുറന്ന് കാട്ടിയെന്ന് ഡബ്ല്യുസിസി പറഞ്ഞു. ഗായിക പുഷ്പവതിക്കെതിരായ അടൂരിന്റെ പ്രസ്താവന പുരുഷാധിപത്യ ദളിത് വിരുദ്ധ നിലപാടാണ്. ആണധികാരത്തിനെതിരെ ശബ്ദമുയർത്തിയ പുഷ്പവതിക്ക് ഡബ്യൂസിസി പിന്തുണ അറിയിച്ചു. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും അതിശക്തമായി അപലപിക്കുന്നതായും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.

ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്രസർക്കാരിന്റെ സിനിമാ അവാർഡ് നിർണയ നയങ്ങൾക്കെതിരെയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്ര തോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പട പോരുതുന്നത്. ശ്വേത മേനോൻ അടക്കമുള്ള സിനിമാ സംഘടനകളുടെ മുൻ നിരയിലേക്ക് വരുന്ന സ്ത്രീകളോട് പുലർത്തിപ്പോരുന്ന നിലപാടുകളെയും ഡബ്ല്യുസിസി അപലപിച്ചു.

തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാമെന്ന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കുറിച്ചു.

SCROLL FOR NEXT