ഗീതു മോഹൻദാസ് - യഷ് ചിത്രം 'ടോക്സിക്' 
MOVIES

'ടോക്സിക്' റിലീസ് വീണ്ടും മാറ്റി; വലിയ സ്കെയിലിൽ ആഗോള റിലീസ് ഉറപ്പുനൽകി യഷ്

2026 ജൂൺ നാലിനാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ റിലീസ് പ്രഖ്യാപിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയതായി നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും അറിയിച്ചു. 2026 ജൂൺ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയിൽ ആഗോളതലത്തിൽ വമ്പൻ സ്കെയിലിൽ റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

അടുത്തിടെ നടന്ന സിനിമാകോൺ 2026 വേദിയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗോള വിതരണക്കാർക്കും അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖർക്കും ഇടയിൽ മികച്ച അഭിപ്രായം നേടിയെടുക്കാനായത് ചിത്രത്തിന്റെ അന്താരാഷ്ട്ര റിലീസ് സാധ്യതകൾ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചത്.

ചിത്രം പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് നിർമാതാക്കൾ. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് വലിയ സ്കെയിലിൽ സിനിമ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിലീസ് പ്ലാൻ തയ്യാറാക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

യഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ: "നമ്മൾ ചെയ്യുന്ന ചില സിനിമകൾക്ക് അപ്പുറം, സിനിമയെ എന്തുകൊണ്ടാണ് നമ്മൾ ഇഷ്ടപ്പെട്ടത് എന്ന് വീണ്ടും ഓർമിപ്പിക്കുന്ന ചില സിനിമകളുണ്ട്. ‘ടോക്സിക്’ അത്തരമൊരു അനുഭവമാണ്. സിനിമാകോണിൽ ചിത്രം അവതരിപ്പിച്ചപ്പോൾ ലഭിച്ച ആഗോള പ്രതികരണം, ഈ ചിത്രം ലോകവ്യാപകമായി അതിന്റെ പൂർണ ശേഷിയിൽ എത്തണമെന്ന ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിച്ചു.

'ടോക്സിക്' പൂർത്തിയായിരിക്കുന്നു, ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ ഞങ്ങൾ. ഇതിന്റെ ഭാഗമായാണ് റിലീസ് തീയതി പുതുക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രഖ്യാപിച്ച പോലെ ജൂൺ നാലിന് റിലീസ് ചെയ്യുന്നില്ലെങ്കിലും, ആഗോളതലത്തിൽ യോജിച്ച മറ്റൊരു തീയതിയിൽ റിലീസ് ചെയ്യും. 'ടോക്സിക്' ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ഇന്ത്യൻ സിനിമ സ്വന്തം സ്വരം കണ്ടെത്തി ആഗോള വേദിയിലേക്ക് ഉയരുന്ന ഇത്തരമൊരു ഘട്ടത്തിൽ അതിന്റെ നിലവാരം ഉയർത്തേണ്ടത് നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒരു നടനെന്ന നിലയിലും നിർമാതാവെന്ന നിലയിലും, ഇന്ത്യൻ സിനിമയ്ക്ക് വേണ്ടിയും നമ്മൾക്ക് എല്ലാവർക്കും വേണ്ടിയും എന്റെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. ഈ ചിത്രം ലോകത്തെത്തേണ്ട രീതിയിൽ എത്തിക്കാൻ വേണ്ട സമയം എടുക്കുന്നത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു."

ഓരോ ചുവടുവയ്പ്പിലും ഓരോ മാറ്റത്തിലും നിങ്ങളുടെ പിന്തുണ എന്നോടൊപ്പം ഉണ്ടായിരുന്നു, ഞാൻ അത് വളരെ നന്ദിയോടെ ഓർക്കുന്നു. ചില കഥകൾ ക്ഷമ ആവശ്യപ്പെടുന്നു. ചില യാത്രകൾ ക്ഷമ ആവശ്യപ്പെടുന്നു. ആസ്വദിക്കാനും ആഘോഷിക്കാനും ഒരു സിനിമ നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു - ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമായി നിലകൊള്ളുന്ന ഒരു സിനിമ, ”

യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT