സുദേവ് നായർ, യഷ് 
MOVIES

"സുദേവ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു”; 'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിൽ നടനെ പ്രശംസിച്ച് യഷ്

2026 ഓഗസ്റ്റ് 26നാണ് ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' റിലീസ് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ മലയാളി താരം സുദേവ് നായരെ പ്രശംസിച്ച് നടനും ചിത്രത്തിന്റെ സഹനിർമാതാവുമായ യഷ്. സുദേവിന്റെ ആത്മാർത്ഥമായ ഇടപെടലും പിന്തുണയും സിനിമയുടെ യാത്രയിൽ നിർണായകമായിരുന്നുവെന്ന് യഷ് പറഞ്ഞു. ട്രെയ്‌ലർ ലോഞ്ച് ഓഗസ്റ്റ് എട്ടിന് ബെംഗളൂരുവിലാണ് നടന്നത്.

കന്നഡയിൽ 'ആസ്ഥാന കലാവിദ' (ആസ്ഥാന കലാകാരൻ) എന്ന് വിളിക്കുന്ന, എന്തിനും കൂടെനിൽക്കുന്ന ഒരാളായിരുന്നു സുദേവ്. ചിത്രത്തിന്റെ നിർമാണത്തിന്റെ തുടക്കകാലം മുതൽ സുദേവ് ഒപ്പമുണ്ടായിരുന്നുവെന്നും യഷ് ഓർമിച്ചു. "നിർമാണത്തിന് അപ്രതീക്ഷിതമായി തടസങ്ങൾ നേരിടുമ്പോഴെല്ലാം ടോക്സിക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആദ്യഘട്ടങ്ങളിൽ ഒരാളായിരുന്നു സുദേവ്," എന്നും യാഷ് കൂട്ടിച്ചേർത്തു.

‘ടോക്സിക്’ ഒരു സിനിമ മാത്രമല്ലെന്നും, നിരവധി പ്രതിസന്ധികൾ മറികടന്ന് പൂർത്തിയാക്കിയ വലിയൊരു യാത്രയാണെന്നും യഷ് ട്രെയ്‌ലർ ലോഞ്ചിൽ വ്യക്തമാക്കി. സിനിമയുടെ നിർമാണത്തെ യുദ്ധത്തിന് പോകുന്നതുമായി താരതമ്യം ചെയ്ത യാഷ്, നിർമാതാവ് വെങ്കട് കെ. നാരായണയുടെ പിന്തുണയും പ്രത്യേകം എടുത്തുപറഞ്ഞു.

ചിത്രത്തിൽ യാഷിനൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് സുദേവും സംസാരിച്ചു. യഷ് ഒരു വലിയ മാസ് താരമെന്നതിനപ്പുറം വളരെ മികച്ച നടനാണെന്നും, താരപരിവേഷവും അഭിനയവും ഒരുപോലെ കൈകാര്യം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും സുദേവ് വ്യക്തമാക്കി. യാഷിന്റെ സിനിമയോടുള്ള സമീപനവും സുദേവ് എടുത്തുപറഞ്ഞു. പ്രേക്ഷകരോടുള്ള വലിയ ഉത്തരവാദിത്തമായാണ് യഷ് സിനിമയെ കാണുന്നതെന്നും, നിർമാതാവ് എന്ന നിലയിൽ നിരവധി കാര്യങ്ങൾ ഒരേസമയം കൈകാര്യം ചെയ്യുമ്പോഴും സിനിമയുടെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയാണ് താരമെന്നും സുദേവ് പറഞ്ഞു.

“വലിയ മാസ് താരമായിരിക്കുമ്പോഴും ആ പൾസ് കൃത്യമായി മനസിലാക്കുന്ന മികച്ച നടനാണ് യാഷ്” എന്ന സുദേവിന്റെ വിലയിരുത്തൽ, ഇരുവരും തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. യഷും സംവിധായിക ഗീതു മോഹൻദാസും പരസ്പരം അഭിപ്രായങ്ങൾ സ്വീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും, സെറ്റിൽ യാതൊരു ഈഗോ ക്ലാഷും താൻ കണ്ടിട്ടില്ലെന്നും സുദേവ് വ്യക്തമാക്കി.

2014ൽ ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുദേവ് നായർ, തന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി അംഗീകാരം നേടിയ താരമാണ്. തുടർന്ന് 'അനാർക്കലി', 'എസ്ര', 'അബ്രഹാമിന്റെ സന്തതികൾ', 'കായംകുളം കൊച്ചുണ്ണി', 'മിഖായേൽ', 'ഭീഷ്മപർവ്വം', 'കടുവ', 'പത്തൊൻപതാം നൂറ്റാണ്ട്', 'തുറമുഖം' തുടങ്ങി നിരവധി ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ ഭാഗമായി.

പ്രത്യേകിച്ച് ‘ഭീഷ്മപർവ്വം’ പോലുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും പ്രകടനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിൽ വില്ലൻ, നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ, പോലീസ് കഥാപാത്രങ്ങൾ തുടങ്ങി വ്യത്യസ്തമായ വേഷങ്ങളിലൂടെ സുദേവ് തന്റെ സാന്നിധ്യം ഉറപ്പിച്ചു.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സുദേവ് തന്റെ സാന്നിധ്യം രേഖപ്പെടുത്തി. ‘ഫ്രീഡം’ ആണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലൊന്ന്. 2025ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുദേവ് പ്രധാന താരനിരയുടെ ഭാഗമായി. തമിഴ് സിനിമയ്ക്കപ്പുറം ഒടിടി രംഗത്തും സുദേവ് നായർ തന്റെ സാന്നിധ്യം ശക്തമാക്കുകയാണ്. വിജയ് സേതുപതി നായകനായ 'മുത്തു എങ്കിര കാട്ടാൻ' എന്ന തമിഴ് സീരീസിൽ സുദേവ് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് സേതുപതിക്കൊപ്പമുള്ള സുദേവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

മലയാളം, തമിഴ് സിനിമകൾക്ക് പുറമെ തെലുങ്ക് സിനിമയിലും സുദേവ് സജീവമാണ്. 'ടൈഗർ നാഗേശ്വര റാവു', 'എക്‌സ്ട്രാ ഓർഡിനറി മാൻ', 'ദേവര: പാർട്ട് 1', 'ദേ കോൾ ഹിം ഒജി', 'മന ശങ്കര വരപ്രസാദ ഗാരു' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമയിലും സുദേവ് നായർ ഇതിനകം ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു. 'ട്വന്റി വൺ അവേഴ്സ്', 'ഓൾഡ് മോങ്ക്' തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച സുദേവ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായ യഷിന്റെ 'ടോക്സിക്കി'ന്റെ ഭാഗമായിരിക്കുകയാണ്. ‘കർമാഡി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്നത്.

2026 ഓഗസ്റ്റ് 26നാണ് 'ടോക്സിക്' റിലീസ് ചെയ്യുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്കി'ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിരയാണുള്ളത്.

SCROLL FOR NEXT