‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’  
MOVIES

കട്ടുകളില്ല, രണ്ട് ചെറിയ മാറ്റങ്ങൾ മാത്രം! 'ടോക്സിക്കി'ന് എ സർട്ടിഫിക്കറ്റ്

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 26ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും

Author : ന്യൂസ് ഡെസ്ക്

‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കേഷൻ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 26ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.

കഴിഞ്ഞ ആഴ്ചയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. സർട്ടിഫിക്കറ്റ് പ്രകാരം, കന്നഡ-ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും 12 മിനുട്ടുമാണ്. ചിത്രത്തിന്റെ കന്നഡ പതിപ്പിലെ രണ്ട് വാക്കുകൾ മ്യൂട്ട് ചെയ്യാനോ മാറ്റാനോ, അതോടൊപ്പം ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിലും തത്തുല്യമായ മാറ്റങ്ങൾ വരുത്താനും സെൻസർഷിപ്പ് ബോർഡ് അണിയറപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറും, ട്രെയ്‌ലറും, ലേഡീസ് & ലേഡീസ് എന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT