തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ പ്രിവ്യൂ ഷോ ഇന്നലെ നടന്നു. പ്രിവ്യു ഷോക്ക് പിന്നാലെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് ഒക്ടോബർ ഒന്നിന് ആഗോള റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ ഷോയിൽ സിനിമ കണ്ടവരിൽ നിന്ന്, "മനസ്സിനെ സ്പർശിക്കുന്ന മനോഹര സിനിമ" എന്ന അഭിപ്രായമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും റാമിന്റെ വേറിട്ട ആഖ്യാനശൈലിയും നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരുടെ പ്രകടനങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി ചിത്രം കണ്ടവർ ചൂണ്ടിക്കാട്ടുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.
നിവിൻ പോളിയും സൂരിയും അഞ്ജലിയും പ്രിവ്യൂ ഷോയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം പങ്കെടുത്തു. തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ, മലയാള നടൻ അജു വർഗീസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പ്രിവ്യൂവിനെത്തി. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും ഉൾപ്പെടെയുള്ള നിരവധി പേരുടെ സാന്നിധ്യം പ്രിവ്യൂ ഷോയ്ക്ക് ശ്രദ്ധേയമായ അന്തരീക്ഷമാണ് സമ്മാനിച്ചത്.
ത്രില്ലർ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമം, ആക്ഷൻ, വൈകാരികത തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. പ്രേക്ഷകർക്ക് മുന്നിൽ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായൊരു ലോകം തുറന്നിടുന്ന സിനിമയാണ് റാം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിവ്യൂവിന് ശേഷമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കഥയുടെ വ്യത്യസ്തമായ പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും സിനിമയുടെ അവതരണ രീതിയും ചിത്രത്തെ വേറിട്ട അനുഭവമാക്കി മാറ്റുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.
8000ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനവും പ്രേക്ഷകർക്കിടയിൽ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. നിവിൻ പോളിയും സൂരിയും ഒന്നിച്ചുള്ള രംഗങ്ങളിലെ കോമ്പിനേഷനും നർമവും വൈകാരികതയും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നാണ് പ്രിവ്യു ഷോക്ക് ശേഷമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അഞ്ജലിയുടെ കഥാപാത്രവും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സാന്നിധ്യമാണ്.
‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് ‘യേഴു കടൽ യേഴു മലൈ’. റാം-നിവിൻ പോളി കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടിയ ചിത്രമാണിത്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.