കൊച്ചി: ധനുഷും മൃണാൾ താക്കൂറും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടെ ഇൻസ്റ്റഗ്രാമിൽ നടി പങ്കുവച്ച പുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധനുഷും മൃണാളും വിവാഹിതരാകുന്നു എന്ന വാർത്തകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇരുതാരങ്ങളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ചർച്ചകൾക്കിടയിലാണ് താരം തന്റെ പുതിയ വീഡിയോ പങ്കുവച്ചത്.
'ഗ്രൗണ്ടഡ്, ഗ്ലോയിങ്, അൺഷേക്കൺ' എന്ന അടിക്കുറിപ്പോടെയാണ് മൃണാൾ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെ വിവാഹ അഭ്യൂഹങ്ങളുമായി ചേർത്തുവായിക്കുകയാണ് ആരാധകർ. മൃണാളിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ ധനുഷുമായുള്ള വിവാഹ വാർത്തകളെക്കുറിച്ച് ചോദിക്കുന്നുമുണ്ട്. "ഇതാണോ വിവാഹത്തിന് മുന്നോടിയായുള്ള തിളക്കം?" എന്നും മറ്റുമാണ് കമന്റുകൾ.
ധനുഷ് സംവിധാനം ചെയ്ത 'ഇഡ്‌ലി കടൈ' എന്ന ചിത്രത്തിൽ മൃണാൾ താക്കൂർ നായികയാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ തുടങ്ങിയത്. നിരവധി വേദികളില്‍ ഒന്നിച്ചു കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായി. കഴിഞ്ഞ വര്‍ഷം മൃണാളിന്റെ സിനിമയായ 'സണ്‍ ഓഫ് സര്‍ദാറി'ന്റെ സ്‌ക്രീനിങ്ങിനും ധനുഷ് എത്തിയിരുന്നു. ഇതോടെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. എന്നാല്‍, സിനിമയുടെ സ്‌ക്രീനിങ്ങിന് ധനുഷിനെ ക്ഷണിച്ചത് അജയ് ദേവഗണ്‍ ആണെന്നും ആരും അതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നുമായിരുന്നു മൃണാളിന്റെ പ്രതികരണം. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ചില അഭിമുഖങ്ങളില്‍ മൃണാൾ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ധനുഷിന്റെ സഹോദരിയെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതും വാര്‍ത്തയായിരുന്നു.
പ്രണയ ദിനമായ ഫെബ്രുവരി 14 ന് മൃണാളും ധനുഷും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. തന്നെക്കുറിച്ചുള്ള ഗോസിപ്പുകളെ തള്ളിക്കളയുന്നതാണോ അതോ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണോ മൃണാളിന്റെ പുതിയ പോസ്റ്റ് എന്ന ആശയക്കുഴപ്പത്തിലാണ് സോഷ്യൽ മീഡിയ.