മൃണാൽ താക്കൂർ, ധനുഷ് Source: X
ENTERTAINMENT

"ഈ ഫെബ്രുവരി 14 വിഡ്ഢി ദിനമാകുമെന്ന് തോന്നുന്നു "; ധനുഷുമായുള്ള വിവാഹ വാർത്തകളിൽ മൃണാൾ താക്കൂർ

ഫെബ്രുവരി 14, പ്രണയ ദിനത്തിൽ, ധനുഷും മൃണാളും വിവാഹിതരാകുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: ധനുഷും മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ നടക്കുന്നു. വരുന്ന ഫെബ്രുവരി 14, പ്രണയ ദിനത്തിൽ, ഇവർ വിവാഹിതരാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇരുവരും ഇത് സ്ഥിരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴിതാ, വാർത്തകളിൽ നിറഞ്ഞ 'പ്രണയ വിവാഹത്തിൽ' നടി വ്യക്തത വരുത്തിയിരിക്കുന്നു.

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മൃണാൾ താക്കൂർ വിവാഹത്തെപ്പറ്റി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. വിവാഹിതയാകാൻ പോകുകയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. "ഇല്ല. ഈ ഫെബ്രുവരി 14 ഏപ്രിൽ ഒന്നിന് (ഏപ്രിൽ ഫൂൾസ് ഡേ) തുല്യമാകുമെന്ന് ഞാൻ കരുതുന്നു. ആരാണ് ഇത് തുടങ്ങിയതെന്ന് എനിക്കറിയില്ല. എന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുകയാണ്. 'മൃണാൾ ഇങ്ങനെ പറഞ്ഞു' എന്നാണ് അവർ പറയുന്നത്. ഇത് അതിശയിപ്പിക്കുന്നതും ഒപ്പം പേടിപ്പെടുത്തുന്നതുമാണ്," എന്നാണ് മൃണാൾ താക്കൂർ പറഞ്ഞത്.

കഴിഞ്ഞ വർഷം മുതലാണ് മൃണാളും ധനുഷും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. നിരവധി വേദികളില്‍ ഇരുതാരങ്ങളേയും ഒന്നിച്ചു കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായി. മൃണാൾ നായികയായ 'സണ്‍ ഓഫ് സര്‍ദാർ' എന്ന സിനിമയുടെ സ്‌ക്രീനിങ്ങിന് ധനുഷ് എത്തിയിരുന്നു. ഇതോടെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. എന്നാല്‍, സിനിമയുടെ സ്‌ക്രീനിങ്ങിന് ധനുഷിനെ ക്ഷണിച്ചത് അജയ് ദേവ്ഗണ്‍ ആണെന്നും ആരും അതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നുമായിരുന്നു മൃണാളിന്റെ പ്രതികരണം. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും പല അഭിമുഖങ്ങളില്‍ മൃണാൾ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ധനുഷിന്റെ സഹോദരിയെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതും വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ, ഫെബ്രുവരിയിൽ താരങ്ങൾ വിവാഹിതരാകുന്നുവെന്ന ഓൺലൈൻ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് നടിയുടെ പ്രതികരണം.

അതേസമയം, മൃണാൾ നിലവിൽ സിനിമകളുടെ തിരക്കിലാണെന്നും ഇതിനിടെ അവർ വിവാഹിതയാകുന്നു എന്ന് പറയുന്നതിൽ യുക്തിയില്ലെന്നുമാണ് നടിയോട് ചേർന്ന വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. രവി ഉദ്യാവർ സംവിധാനം ചെയ്ത , 'ദോ ദീവാനേ ഷെഹർ മേം' ആണ് മൃണാളിന്റെ അടുത്ത റിലീസ്. സിദ്ധാർഥ് ചതുർവേദിയാണ് ചിത്രത്തിലെ നായകൻ. ഇള അരുൺ, ജോയ് സെൻഗുപ്ത, വിരാജ് ഗെലാനി, സന്ദീപ ധർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സീ സ്റ്റുഡിയോസും ഭൻസാലി പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സഞ്ജയ് ലീല ഭൻസാലി, പ്രേരണ സിംഗ്, ഉമേഷ് കുമാർ ബൻസാൽ, ഭരത് കുമാർ രംഗ എന്നിവർ രവി ഉദയവാർ ഫിലിംസുമായി സഹകരിച്ചാണ് നിർമിക്കുന്നത്. സിനിമ ഫെബ്രുവരി 20ന് റിലീസ് ചെയ്യും.

SCROLL FOR NEXT