'ഓ റോമിയോ' സിനിമ Source: Youtube
ENTERTAINMENT

ഷാഹിദ് കപൂർ ചിത്രം 'ഓ റോമിയോ'യ്ക്ക് പ്രദർശനാനുമതി; റിലീസ് തടയണമെന്ന ഹർജി തള്ളി

അന്തരിച്ച ഹുസൈൻ ഷെയ്ഖ് എന്ന ഗ്യാങ്സ്റ്ററുടെ മകൾ സനോബർ ആണ് സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഷാഹിദ് കപൂർ - തൃപ്തി ദിമ്രി ചിത്രം 'ഓ റോമിയോ'യുടെ റിലീസിന് അനുമതി നൽകി സിറ്റി സിവിൽ കോടതി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഇടക്കാല ഹർജി കോടതി തള്ളി.

അന്തരിച്ച ഹുസൈൻ ഷെയ്ഖ് (ഹുസൈൻ ഉസ്താര) എന്ന ഗ്യാങ്സ്റ്ററുടെ മകൾ സനോബർ ഷെയ്ഖ് ആണ് സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 'ഓ റോമിയോ' തന്റെ പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും ഇതിനായി കുടുംബത്തിന്റെ അനുവാദം വാങ്ങിയിട്ടില്ലെന്നും ചിത്രത്തിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. തന്റെ ഹർജി പരിഗണിക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നായിരുന്നു സനോബറുടെ ആവശ്യം. എന്നാൽ, ഈ വാദം കോടതി പരിഗണിച്ചില്ല.

വ്യക്തിത്വ അവകാശങ്ങളുടെയും സ്വകാര്യതയുടെയും ലംഘനം ആരോപിച്ച് ഉസ്താരയുടെ മകൾ ഒന്നിലധികം ലീഗൽ നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നും, രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 'ഓ റോമിയോ'യുടെ സംവിധായകൻ വിശാൽ ഭര‌ദ്വാജ് ചൂണ്ടിക്കാട്ടി. സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ അറിയാമായിരുന്നിട്ടും റിലീസിന് തൊട്ടുമുൻപ് കോടതിയെ സമീപിച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു നിർമാതാക്കളുടെ വാദം.

സംവിധായകന്റെയും നിർമാതാവിന്റെയും വാദങ്ങൾ പരിഗണിച്ച കോടതി കേവലം സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി സിനിമയുടെ റിലീസ് തടയാനാവില്ലെന്ന് വ്യക്തമാക്കി. ഇതൊരു സാങ്കൽപ്പിക കഥയാണെന്നും ആവശ്യമായ മുൻകരുതൽ അറിയിപ്പുകൾ സിനിമയിൽ നൽകിയിട്ടുണ്ടെന്നുമുള്ള നിർമാതാക്കളുടെ വാദം കോടതി അംഗീകരിച്ചു. അവസാന നിമിഷം ഒരു സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് നിർമാതാക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചു.

സാജിത് നാദിയദ്‌വാലയാണ് 'ഓ റോമിയോ'യുടെ നിർമാണം. ഹുസൈൻ സയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഷാഹിദ് കപൂർ, തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നാനാ പടേക്കർ, വിക്രാന്ത് മാസി, തമന്ന, ദിശ പടാനി, അവിനാഷ് തിവാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കമീനെ', 'ഹൈദർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹിദ് കപൂറുമായി വിശാൽ ഭരദ്വാജ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഓ റോമിയോ'. കോടതി വിധി അനുകൂലമായതോടെ മുൻനിശ്ചയിച്ച പ്രകാരം, 2026 ഫെബ്രുവരി 13ന് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും.

SCROLL FOR NEXT