നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’ സിനിമയെ റിവ്യൂ ചെയ്യുന്നതിനിടെ പ്രശസ്ത മലയാളി നടി ശോഭനയെ അവഹേളിക്കുന്ന രീതിയിൽ പരാമർശം നടത്തി മുരളി തുമ്മാരുകുടി. മികച്ച അഭിനേത്രിയായ ശോഭനയുടെ മുഖത്ത് എല്ലായ്‌പ്പോഴും ഒരേ ഭാവമാണ് കണ്ടതെന്നും വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്ന് തോന്നുന്നുവെന്നും മുരളി തുമ്മാരുകുടി പരിഹസിച്ചു.
എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ ഈ പരാമർശം മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് പിൻവലിച്ചു. ശോഭനയെ പരാമർശിക്കുന്ന ഭാഗം പോസ്റ്റിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയം അത്ര ഇഷ്‌ടപ്പെട്ടില്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. വാളെടുക്കുന്ന സീതയെ ആദ്യമായിട്ടാണ് കാണുന്നത്. സാങ്കേതിക വിദ്യയ്ക്കപ്പുറം അഭിനയം ഒക്കെ കണക്കാണെന്നും മുരളി തുമ്മാരുകുടി പരിഹസിച്ചു.
അതേസമയം, നടി ശോഭനയെ പേരെടുത്ത് വിമർശിക്കുന്ന മുരളി തുമ്മാരുകുടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. "അവർക്ക് അഭിനയമായാലുo ഭക്ഷണമായാലും ഏതളവിൽ കൃത്യതയോടെ വേണമെന്ന് അറിയാം. അതോണ്ടാ പത്മഭൂഷൻ ശോഭന ആയത്" എന്നായിരുന്നു ഒരു ആരാധികയുടെ മറുപടി. ശോഭന അവരുടെ വേഷം നന്നായി ചെയ്തെന്ന് മറ്റൊരാളും അഭിപ്രായം പങ്കുവച്ചു.
"ചുമ്മാതല്ല ആ തുമ്മാരുക്കുടിയിൽ ഒതുങ്ങിപോയത്. അമ്മാതിരി കുശുമ്പ് അല്ലേ. അയൽക്കൂട്ടം ചേച്ചിമാർ തോൽക്കും," എന്ന് മറ്റൊരാളും മുരളി തുമ്മാരുകുടിയെ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
വാളെടുക്കുന്ന സീത...
രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയ്യരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്‌ക്രീനിൽ തന്നെ കാണണം.
കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.
വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു. (ഡിലീറ്റ് ചെയ്ത വിവാദ ഭാഗം)
-മുരളി തുമ്മാരുകുടി