MUSIC

"എട്ട് വര്‍ഷത്തിനിടയില്‍ ചില അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്, അതിന്റെ കാരണം...."; എ.ആര്‍. റഹ്‌മാന്‍

കലയേക്കാള്‍ ബിസിനസ് താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരുടെ കൈകളിലാണ് അധികാരം

Author : ന്യൂസ് ഡെസ്ക്

ബോളിവുഡില്‍ വിവേചനങ്ങള്‍ നേരിട്ടിരുന്നോ എന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് എ.ആര്‍. റഹ്‌മാന്‍. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ തുറന്നു പറച്ചില്‍.

ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സംഗീത സംവിധായകരില്‍ ഒരാളാണ് എആര്‍ റഹ്‌മാന്‍. ഓസ്‌കാര്‍ പുരസ്‌കാരം വരെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന പ്രതിഭ. എന്നാല്‍ തന്റെ കരിയറിലും തിരിച്ചടികളും അവഗണനകളും നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയപ്പോള്‍ വിവേചനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി വിവേചനങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. പക്ഷേ, തന്റെ അറിവിന് പുറത്ത്, ചില തന്ത്രപരമായ നീക്കങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

ഒരുപക്ഷേ ഇതെല്ലാം താന്‍ അറിഞ്ഞുകാണില്ല. ദൈവം ഇതൊക്കെ തന്നില്‍ നിന്ന് മറച്ചുവെച്ചതാകാം. ഇങ്ങനെയുള്ള വിവേചനങ്ങള്‍ നേരിട്ട് അനുഭവപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഇതിലൊരു മാറ്റം വന്നിട്ടുണ്ട്, കാരണം അധികാര കേന്ദ്രങ്ങളില്‍ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു.

സിനിമാ മേഖലയിലെ സ്വാധീനശക്തികളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കലയോട് താല്പര്യമില്ലാത്ത വ്യക്തികളുടെ കൈകളിലാണ് തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമുള്ളത്. തനിക്ക് ലഭിച്ച അവസരങ്ങള്‍ പിന്നീട് മ്യൂസിക് കമ്പനികള്‍ പലര്‍ക്കായി വീതിച്ചു നല്‍കുന്നത് കണ്ടിട്ടുണ്ട്. കലയേക്കാള്‍ ബിസിനസ് താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ് ഇന്‍ഡസ്ട്രിയില്‍ തീരുമാനങ്ങളെടുക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

"സര്‍ഗ്ഗാത്മകതയില്ലാത്ത ആളുകളുടെ കൈകളിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം. ഇതൊരുപക്ഷേ വര്‍ഗീയപരമായ കാരണങ്ങളാല്‍ കൂടിയാവാം. പക്ഷേ അത് എന്റെ മുഖത്തുനോക്കി ആരും പ്രകടിപ്പിച്ചിട്ടില്ല. എന്നെ ഒരു സിനിമയ്ക്കായി നിശ്ചയിച്ചെന്നും എന്നാല്‍ പിന്നീട് മ്യൂസിക് കമ്പനികള്‍ അവരുടെ സ്വന്തം അഞ്ച് സംഗീത സംവിധായകരെ ആ സ്ഥാനത്ത് നിയമിച്ചെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ പരോക്ഷമായാണ് അറിയാറ്. എനിക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയല്ലോ, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം എന്നാണ് അപ്പോള്‍ കരുതാറ്".

അത്തരം സഹാചര്യങ്ങള്‍ ഉണ്ടായപ്പോള്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസാരമായിട്ടാണ് കണ്ടത്. അര്‍ത്ഥവത്തായ ജോലികള്‍ സമ്മര്‍ദ്ദത്തിലൂടെയോ പുറകെ നടന്നു പിടിച്ചെടുക്കുന്നതിലൂടെയോ അല്ല, സത്യസന്ധതയിലൂടെയും അര്‍പ്പണബോധത്തിലൂടെയും സ്വാഭാവികമായി തേടി വരണമെന്നാണ് താന്‍ വിശ്വസിക്കുന്നത്.

താന്‍ ജോലിക്കു പുറകേ പോകാറില്ല. തന്നിലേക്ക് വരുന്ന ജോലികളാണ് ചെയ്യുന്നത്. എന്താണ് തനിക്ക് അര്‍ഹതപ്പെട്ടത് അത് ലഭിക്കും എന്നാണ് വിശ്വാസം. ഹിന്ദി സിനിമാ സംഗീതത്തെ കുറിച്ച് മനസിലാക്കാന്‍ ഒരുപാട് നാളുകളെടുത്തെന്നും അദ്ദേഹം പറഞ്ഞു.

റോജ, ബോംബെ, ദില്‍ സേ പോലുള്ള വമ്പന്‍ ഹിറ്റുകള്‍ പുറത്തിറക്കിയിട്ടും ബോളിവുഡില്‍ പുറത്തു നിന്നുള്ള ആളായിട്ടാണ് സ്വയം തോന്നിയതെന്നും അദ്ദേഹം സമ്മതിച്ചു. താല്‍ എന്ന സിനിമയിലെ പാട്ടുകളിലൂടെയാണ് ഉത്തരേന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ സ്വീകാര്യത ലഭിച്ചത്.

ഭാഷയായിരുന്നു പ്രധാന തടസ്സം. ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തതിനാല്‍ വളരെക്കാലം ഹിന്ദി സിനിമയില്‍ പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നതായി തോന്നിയിരുന്നില്ല. തമിഴില്‍ നിന്ന് വരുന്നതിനാല്‍ ഹിന്ദി ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസകരമായിരുന്നു. ഹിന്ദിയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭാഷ പഠിക്കണമെന്ന് പ്രോത്സാഹിപ്പിച്ചത് സംവിധായകന്‍ സുഭാഷ് ഗായ് ആണ്.

അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് ഹിന്ദിക്കൊപ്പം ഉറുദുവും പഠിച്ചത്. ക്ലാസിക് ഹിന്ദി സംഗീതത്തില്‍ ഉറുദുവിനുള്ള സ്വാധീനം മനസ്സിലാക്കിയാണ് ആ ഭാഷ പഠിച്ചത്. ഉറുദുവില്‍ നിന്ന് അറബിയിലേക്കും ഗായകന്‍ സുഖ് വീന്ദര്‍ സിങ്ങിന്റെ സ്വാധീനത്താല്‍ പഞ്ചാബിയും പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT