

കൊച്ചി: തമിഴ് സിനിമയിലേയും രാഷ്ട്രീയത്തിലേയും പ്രമുഖർ പരസ്പരം 'തല്ലുകയും തലോടുകയും' ചെയ്യുന്നത് പതിവ് കാഴ്ചയാണ്. സിനിമാക്കാരുടെ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങൾ തമിഴ് ജനതയെ വലിയതോതിൽ സ്വാധീനിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ പല പിണക്കങ്ങളും പരസ്യവിമർശനങ്ങളിലേക്കാണ് ചെന്നുനിൽക്കുക. സൂപ്പർസ്റ്റാർ രജനികാന്തും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുമായുള്ള പോരു ഇത്തരത്തിൽ ഒന്നാണ്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിന് താൻ നേരിട്ട ആൾക്കൂട്ട അതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് രജനികാന്ത്.
1995ൽ ഷെവലിയാർ ബഹുമതി ലഭിച്ച ശിവാജി ഗണേശനെ ആദരിക്കാൻ തമിഴ്നാട്ടിൽ വലിയ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിൽ ജയലളിത സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു രജനികാന്തിന്റെ പ്രസംഗം. ഇത് എഐഎഡിഎംകെ അണികളെ ചൊടിപ്പിച്ചു. ഇവർ പ്രസംഗത്തിന് പിന്നാലെ തന്നെ തുറന്ന ജീപ്പിൽ ചെപോക്ക് സ്റ്റേഡിയത്തിലൂടെ കൊണ്ടുപോകും വഴി മർദിച്ചുവെന്നാണ് രജനികാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് നടൻ ഭാഗ്യരാജ് ആണ് തന്നെ രക്ഷപ്പെടുത്തിയതെന്നും നടൻ ഓർക്കുന്നു. ഇന്ത്യൻ സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ.ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു രജനിയുടെ വെളിപ്പെടുത്തൽ.
ഈ സംഭവത്തിന് മുൻപ് തന്നെ, രജനികാന്തും ജയലളിതയും തമ്മിലുള്ള കലുഷമായി ബന്ധം തമിഴ്നാട് രാഷ്ട്രീയത്തിലെയും സിനിമാ ലോകത്തെയും വലിയ ചർച്ചയായി മാറിയിരുന്നു. 1992ൽ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ചെന്നൈ പോയസ് ഗാർഡനിലെ ഇരുവരും അയൽവാസികളായിരുന്നു. ജയലളിതയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ വേണ്ടി മണിക്കൂറുകളോളം ട്രാഫിക് തടഞ്ഞിടുന്നത് അക്കാലത്ത് പതിവായിരുന്നു. ഒരിക്കൽ രജനികാന്തിന്റെ കാറും ഇത്തരത്തിൽ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് നടൻ കാറിൽ നിന്നിറങ്ങി റോഡരികിലെ ഒരു കടയിൽ നിന്ന് സിഗരറ്റ് വാങ്ങി എല്ലാവരും കാണെ പരസ്യമായി അതും വലിച്ചുനിന്നു. സൂപ്പർസ്റ്റാറിനെ റോഡരുകിൽ കണ്ട ആരാധകർ അദ്ദേഹത്തിന് ചുറ്റും കൂടി. ഇതോടെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുവരുന്ന റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇത് ഇവർ തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ തുടക്കമായിരുന്നു
1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്ന ജയളിതയ്‌ക്കെതിരെ രജനികാന്ത് പരസ്യ പ്രസ്താവന നടത്തി. "ജയലളിത വീണ്ടും അധികാരത്തിൽ വന്നാൽ തമിഴ്നാടിനെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ല" എന്നാണ് രജനി പറഞ്ഞത്. ആ തെരഞ്ഞെടുപ്പിൽ ഡിഎംകെ - ടിഎംസി സഖ്യം വൻ വിജയം നേടാനും ജയലളിത പരാജയപ്പെടാനും പ്രധാന കാരണമായത് ഈ ഒറ്റ പ്രസ്താവനയാണെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ,പിന്നീടുള്ള വർഷങ്ങളിൽ ഇരുവരും തമ്മിലുള്ള ശത്രുത കുറഞ്ഞു വന്നു. പരസ്പര ബഹുമാനത്തോടെയാണ് ഇരുവരും പെരുമാറിയത്. തന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ പോയപ്പോൾ ജയലളിത തന്നോട് വളരെ മാന്യമായി പെരുമാറിയതിനെ കുറിച്ച് രജനികാന്ത് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. ജയലളിതയുടെ മരണ ശേഷം "1996ലെ അവരുടെ തോൽവിക്ക് ഒരു കാരണം ഞാനായിരുന്നു," എന്ന് രജനി തുറന്നു സമ്മതിച്ചിരുന്നു. 'ഉരുക്ക് വനിത' എന്നാണ് അന്ന് ജയലളിതയെ രജനി വിശേഷിപ്പിച്ചത്.
ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവമാണത്. അത് പറയാൻ പറ്റിയ വേദി ഇതാണ്. 1995ൽ ശിവാജി ഗണേശന് ഷെവലിയാർ പട്ടം ലഭിച്ചു. അദ്ദേഹത്തിനെ ആദരിക്കാൻ ചെപോക് മൈതാനത്തിൽ ഒരു വലിയ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയിലെ മുഴുവൻ ആൾക്കാരും, എല്ലാ രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന ഒരു വലിയ ചടങ്ങ്. അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ അവസാനം നന്ദി പറയാനുള്ള ചുമതല എനിക്കായിരുന്നു. ഞാൻ ഒരു ആവേശത്തിൽ സംസാരിച്ചു. നമ്മുടെ ഉള്ളിലെ കോപത്തിന് ആയുസ് കുറവ് ആണെങ്കിലും ആ സമയത്ത് പറയുന്ന വാക്കുകൾക്ക് ആയുസ് ഏറെയാണ്. അതുകൊണ്ടാണ് ദേഷ്യത്തിൽ ഇരിക്കുമ്പോൾ വാക്കുകൾ അളന്ന് ഉപയോഗിക്കണമെന്ന് മുതിർന്നവർ പറയുന്നത്.
അന്ന് ഒരു ആവേശത്തിൽ ഞാൻ അന്ന് പ്രസംഗിച്ചത് ജയലളിതയെ വല്ലാതെ ബാധിച്ചു. പ്രസംഗം കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുഖഭാവം മാറി. ഞാൻ വേദി വിട്ട് വെളിയിൽ ഇറങ്ങിയപ്പോൾ ഓപ്പൺ ജീപ്പിൽ എല്ലാവർക്കും അഭിവാദ്യം ചെയ്യാൻ എന്നെ കൊണ്ടുപോകണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. എല്ലാവരും ദേഷ്യത്തിൽ ഇരിക്കുകയാണ് പോകരുത് എന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ ജീപ്പിൽ കയറി. എന്നെ അതിൽ കയറ്റി, ഗ്രൗണ്ട് വഴി ഇവർ ജീപ്പ് ഇട്ട് കറക്കി കൊണ്ടിരിക്കുന്നു. പോകുന്ന വഴിയെല്ലാം എന്റെ തലക്കിട്ടു അടിക്കുകയും ചീത്ത വിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല.
അപ്പോഴാണ് നമ്മുടെ ഭാഗ്യരാജ് സാർ ഇത് കാണുന്നത്. ഇതെല്ലാം കണ്ട് കൊണ്ട് ഒരു പൊലീസ് ഓഫീസർ അവിടെ നിൽപ്പുണ്ട്. പക്ഷേ പുള്ളിക്ക് ഇടപെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ മോശം പറഞ്ഞത് കൊണ്ട് അയാൾ പേടിച്ച് നിൽക്കുകയാണ്. ഭാഗ്യരാജ് ഉടനെ ആ പൊലീസ് ഓഫീസറോട് ഇടപെടാൻ ആവശ്യപ്പെട്ടു. പുള്ളി ഒന്നും മിണ്ടിയില്ല. ഇദ്ദേഹം ചൂടായി. ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകും, പ്രശ്നം ഉണ്ടാക്കും, മാധ്യമങ്ങളെ അറിയിക്കും, അങ്ങനെ അവസാനം ആ പൊലീസ് ഓഫീസറെ വിരട്ടിച്ചാണ് എന്നെ ആ ജീപ്പിൽ നിന്ന് ഇറക്കി കൊണ്ട് വരുന്നത്.
"വീട്ടിൽ ചെന്നിട്ട് ഉറപ്പായും എന്നെ ഫോൺ ചെയ്യണം" എന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്ന് അയച്ചു. വേറൊരു വണ്ടി എനിക്ക് അറേഞ്ചും ചെയ്ത് തന്ന്, എന്നെ അതിൽ കയറ്റി വിട്ടതും അദ്ദേഹമാണ്. ആ നന്ദി ഒരിക്കലും ഞാൻ മറക്കില്ല സാർ.