തിയേറ്ററുകളിൽ ഏവരും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ടപ്പോൾ മുതൽ കാതോരത്ത് കൂടുകൂട്ടിയ 'വർണ്ണജാലമേ...' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ ഹൃദയഹാരിയായ വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന മനംതൊടും ഈണവും കെ.എസ്. ഹരിശങ്കറിന്റേയും പൂർണിമ കണ്ണന്റേയും മധുരമാർന്ന ശബ്‍ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
ബോക്സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഇതിനകം 200 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്.
'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിലേതായി പുറത്തിറങ്ങിയ 'സോൾമേറ്റ്സ്' എന്ന ഹ്രസ്വചിത്രവും യൂട്യൂബിൽ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമോയെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.