ചക്ക് മാന്‍ജിയോണ്‍ Source : X
MUSIC

ജാസ് ഇതിഹാസം ചക്ക് മാന്‍ജിയോണ്‍ അന്തരിച്ചു

60 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ അദ്ദേഹം മുപ്പതിലധികം ആല്‍ബങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഗ്രാമി പുരസ്‌കാര ജേതാവും ജാസ് സംഗീതജ്ഞനുമായ ചക്ക് മാന്‍ജിയോണ്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1977ല്‍ പുറത്തിറങ്ങിയ 'ഫീല്‍സ് സോ ഗുഡ്' എന്ന ജാസ് പോപ്പ് സിംഗിളിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടുന്നത്. 2015ല്‍ അദ്ദേഹം സംഗീത ലോകത്തുനിന്ന് വിരമിച്ചിരുന്നു.

കൗമാരപ്രായത്തില്‍ സഹോദരനും പിയാനിസ്റ്റുമായി ഗ്യാപ് മാന്‍ജിയണിനൊപ്പം ജാസ് ബ്രദേഴ്‌സ് രൂപീകരിച്ചുകൊണ്ടാണ് ചക്ക് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ഫ്‌ളഗല്‍ഹോണ്‍, ട്രംപറ്റ് എന്നിവ വായിക്കുന്നതില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. 60 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ അദ്ദേഹം മുപ്പതിലധികം ആല്‍ബങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ട്.

'ഫീല്‍സ് സോ ഗുഡ്' എന്ന ആല്‍ബം ബില്‍ബോര്‍ഡ് ഹോട്ട് 100-ല്‍ നാലം സ്ഥാനം നേടിയിരുന്നു. കൂടാതെ റെക്കോര്‍ഡ് ഓഫ് ദി ഇയറിനുള്ള ഗ്രാമി നോമിനേഷനും ലഭിച്ചിരുന്നു.

1977ല്‍ അമ്മയുടെ പേരില്‍ ചെയ്ത 'ബെല്ലവിയ' എന്ന ആല്‍ബത്തിനാണ് അദ്ദേഹത്തിന് ആദ്യമായി ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. പിന്നീട് 'ദി ചില്‍ഡ്രന്‍ ഓഫ് സാഞ്ചസ്' എന്ന ചിത്രത്തിന് മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും രണ്ടാമത്തെ ഗ്രാമിയും നേടി.

സംഗീത ജീവിതത്തിന് പുറമെ കിംഗ് ഓഫ് ദ ഹില്‍ അടക്കമുള്ള നിരവധി ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമായിരുന്നു ചക്ക് മാന്‍ജിയോണ്‍.

SCROLL FOR NEXT