
പൃഥ്വിരാജ് സുകുമാരന്‍ നായകനായ ബോളിവുഡ് ചിത്രം സര്‍സമീന്‍ ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് പൃഥ്വിരാജ് ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളിപ്പോള്‍ ശ്രദ്ധ നേടുകയാണ്. ആമിര്‍ ഖാന്റെ വലിയ ആരാധാകനാണ് താനെന്നും ഇന്ത്യന്‍ സിനിമയില്‍ ഒരു വഴിത്തിരിവാണെന്നും പൃഥ്വിരാജ് പറഞ്ഞു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സംസാരിച്ചത്.
"ജയ്പൂരിലെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തെ ഞാന്‍ ആദ്യമായി കണ്ടത് അപ്പോഴായിരുന്നു. ആമിര്‍ ഖാന്‍ എന്ന നടന്റെയും സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍", പൃഥ്വിരാജ് പറഞ്ഞു.
"100 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയെ കുറിച്ചൊരു പുസ്തകം എഴുതുകയാണെങ്കില്‍ അതിലൊരു അധ്യായം തീര്‍ച്ചയായും ആമിര്‍ ഖാനെ കുറിച്ചായിരിക്കും. പല കാര്യങ്ങള്‍കൊണ്ടും അദ്ദേഹം സിനിമാ ലോകത്തിന് ഒരു വഴിത്തിരിവായിട്ടുണ്ട്", താരം അഭിപ്രായപ്പെട്ടു.
"അദ്ദേഹത്തിന് ഞാന്‍ ചെയ്യുന്ന സിനിമകളെ കുറിച്ചെല്ലാം അറിയാം എന്നത് എനിക്ക് അത്ഭുതമായിരുന്നു. പിന്നീട് എനിക്ക് മനസിലായി അദ്ദേഹം ഇന്ത്യന്‍ സിനിമയെയും ലോക സിനിമയെയും കുറിച്ച് നല്ല അറിവുള്ള ആളാണെന്ന്. അപ്പോള്‍ അത്ഭുതത്തിന്റെ കാര്യമില്ലല്ലോ. കാരണം അദ്ദേഹം ആമിര്‍ ഖാനാണ്" , എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കയോസി ഇറാനിയാണ് സര്‍സമീന്‍ സംവിധാനം ചെയ്തിരിക്കുന്നത്. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മാണം.