എമ്പുരാൻ വിഷയത്തിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ച ഗോപി സുന്ദറിൻ്റെ ഉദ്ദേശ്യങ്ങൾ മറ്റ് പലതെന്ന് സംഗീത സംവിധായകൻ ദീപക് ദേവ്. തനിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഒരാൾ ആദ്യം തന്നെ നേരിട്ട് വിളിച്ചാണ് പിന്തുണ അറിയിക്കേണ്ടത്. എന്നാൽ, തന്നെ ഇന്നേവരെ ഗോപി സുന്ദർ വിളിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നായിരുന്നു ദീപക് ദേവിൻ്റെ പ്രതികരണം.
എമ്പുരാൻ സിനിമയിലെ തീം മ്യൂസിക്കുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിൽ ദീപക് ദേവിനെതിരെ ഉയർന്ന വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ആ പോസ്റ്റിൻ്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തായിരുന്നു ദീപക് ദേവിൻ്റെ പ്രതികരണം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദീപക് ദേവിൻ്റെ പ്രതികരണം.
"ഞാനൊരിക്കലും ഗോപി സുന്ദറിൻ്റെ പോസ്റ്റ് ഒരു പിന്തുണയായി കണക്കാക്കിയിട്ടില്ല. എമ്പുരാൻ മ്യൂസിക്കിൻ്റെ തീം മ്യൂസിക്കിനെ പറ്റി ചർച്ച ഉയരുന്ന സമയത്ത് ഗോപി സുന്ദർ അദ്ദേഹം ചെയ്ത സാഗർ ഏലിയാസ് ജാക്കി സിനിമയിലെ തീം മ്യൂസിക്ക് ഇട്ട് പോസ്റ്റിട്ടു. അതിന് താഴെ എമ്പുരാൻ കണ്ടപ്പോൾ എന്റെ ഈ മ്യൂസിക്ക് ഓർക്കാനിടയായി എന്ന് കുറച്ചു. അതിന് മറുപടിയായി ചിലർ ഗോപി സുന്ദറായിരുന്നു എമ്പുരാൻ ചെയ്യേണ്ടിയിരുന്നതെന്ന് പറഞ്ഞു. എന്നാൽ, അത് നിഷേധിച്ച ഗോപി ഹീ ഈസ് മൈ ബ്രദർ എന്ന് പറഞ്ഞു. എല്ലാവരും പിന്തുണ എന്ന രീതിയിൽ കണ്ടത് ആ ഒരു വാചകമാണ്. എന്നാൽ ഗോപിയുടെ ഉദ്ദേശ്യം വേറെന്തൊക്കെയോ ആണ്," ദീപക് ദേവ് പറഞ്ഞു. ആ സമയത്ത് അതൊരു അനാവശ്യ പോസ്റ്റായാണ് തോന്നിയതെന്നും ദീപക് ദേവ് അഭിമുഖത്തിൽ പറഞ്ഞു.