'സഫയർ' ഗാനത്തില്‍ നിന്ന്  Source : YouTube Screen Grab
MUSIC

ഇന്ത്യക്ക് എഡ് ഷീരന്റെ സമ്മാനം, 'സഫയര്‍' ഗാനം പുറത്ത്; ഷാരൂഖ് ഖാന്റെ കാമിയോ റോളില്‍ ത്രില്ലടിച്ച് ആരാധകര്‍

ഇന്ത്യന്‍ ഗായകന്‍ അര്‍ജിത് സിങ്ങിന്റെ ശബ്ദം ഉള്‍ക്കൊള്ളുന്ന ട്രാക്കും നടന്‍ ഷാരൂഖ് ഖാന്റെ കാമിയോ റോളും കാരണം, ആരാധകര്‍ വളരെ ആവേശത്തിലാണ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട്, ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്റെ 'സഫയര്‍' ഗാനം റിലീസ് ചെയ്തു. ഇന്ത്യയിലേക്കുള്ള എഡ് ഷീരന്റെ യാത്രയ്ക്കിടെ ഗൊറില്ലാ ശൈലിയില്‍ ചിത്രീകരിച്ച രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഗായകന്‍ അര്‍ജിത് സിങ്ങിന്റെ ശബ്ദം ഉള്‍ക്കൊള്ളുന്ന ട്രാക്കും നടന്‍ ഷാരൂഖ് ഖാന്റെ കാമിയോ റോളും കാരണം, ആരാധകര്‍ വളരെ ആവേശത്തിലാണ്. എഡും ഷാരൂഖും സഫയറിന്റെ വരികള്‍ പാടുന്ന ഒരു സെല്‍ഫി അടുത്തിടെ വൈറലായിരുന്നു.

"പ്ലേ എന്ന എന്‍റെ പുതിയ ആല്‍ബത്തിന് വേണ്ടി ഞാന്‍ പൂര്‍ത്തിയാക്കിയ ആദ്യ ഗാനമാണ് സഫയര്‍. എങ്ങോട്ടാണ് ഈ ആല്‍ബത്തിന്റെ പോക്ക് എന്നത് എനിക്ക് മനസിലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരുടെ സാന്നിധ്യത്തില്‍ ഞാന്‍ ഗോവയില്‍ വെച്ച് ഈ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം ആദ്യം എന്റെ ഇന്ത്യാ പര്യടനത്തിലുടനീളം ലിയാം പെത്തിക്കും നിക് മൈനസിനും ഒപ്പം ഞാന്‍ ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചു. ഇന്ത്യയുടെ സൗന്ദര്യവും വ്യാപ്തിയും സംസ്‌കാരവും പ്രദര്‍ശിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഇതിലെ അവസാന ഭാഗമെന്നത് അര്‍ജിത് സിംഗിനെ റെക്കോര്‍ഡിംഗില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. ഈ പാട്ടിന്റെ ഒരു പഞ്ചാബി പതിപ്പ് ഞാനും അദ്ദേഹവും ചെയ്തിട്ടുണ്ട്. അതു അടുത്ത് തന്നെ പുറത്തിറങ്ങും", വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചുകൊണ്ട് എഡ് ഷീരന്‍ കുറിച്ചു.

ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്കിടയില്‍ എഡ് തന്റെ ഗാനത്തെ കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള 'സഫയര്‍' പ്രക്ഷകരിലേക്കെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സംസ്‌കാരം, ഭാഷ, സംഗീതം എന്നിവയെ സംയാജിപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത വിരുന്നാണ് 'സഫയര്‍'. അതിന്റെ ആകര്‍ഷകമായ ഈണവും, സമ്പന്നമായ ദൃശ്യങ്ങളും, ഇന്ത്യയ്ക്കുള്ള ആദരവും കൊണ്ട് 'സഫയര്‍' വേഗത്തില്‍ ശ്രദ്ധ നേടുന്നു.

ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ചില ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതില്‍ എഡ് ഓട്ടോ റിക്ഷാ യാത്രകള്‍ നടത്തുന്നതും ആരാധകരുമായി ഇടപഴകുന്നതുമായ വീഡിയോകള്‍ ഉള്‍പ്പെടുന്നു. അര്‍ജിത്തും എഡും ഒരുമിച്ചുള്ള സ്‌കൂട്ടര്‍ യാത്രയുടെ വീഡിയോയും പോസ്റ്റില്‍ കാണാം.

SCROLL FOR NEXT