എപ്പോഴും ക്രിക്കറ്റ് കളിച്ചുനടക്കാന്‍ ഇഷ്ടപ്പെട്ട ചെക്കന്‍. അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ സംഗീതം പഠിച്ചു. ആ അമ്മ തന്നെ ഉന്തിത്തള്ളി സംഗീത മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. എങ്ങനെയൊക്കെയോ സംഗീതം പഠിക്കുമ്പോഴും മനസ് നിറയെ ക്രിക്കറ്റ് മാത്രമായിരുന്നു. ആ പേരില്‍ ഉപരിപഠനത്തിന് സീറ്റ് തരപ്പെടുത്തി. പഠനശേഷം ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിക്ക് കയറി. അപ്പോഴേക്കും ക്രിക്കറ്റിനെ വിട്ട് കര്‍ണാടക സംഗീതത്തിന്റെ സ്വരവഴികളില്‍ അയാള്‍ സഞ്ചരിച്ചുതുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി സിനിമയിലേക്കൊരു എന്‍ട്രി. ആദ്യമായി പാടിയ തമിഴ് സിനിമാപാട്ടിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം സ്വന്തമായി. അതോടെ, ജോലി ഉപേക്ഷിച്ച് അയാള്‍ മുഴുവന്‍ സമയം സംഗീതജ്ഞനായി. കര്‍ണാടക സംഗീതത്തെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയപ്പോഴും, സിനിമാപ്പാട്ടുകളില്‍ ആ പേര് ഇടക്കിടെ കേട്ടു, പി. ഉണ്ണികൃഷ്ണന്‍. മലയാളികള്‍ക്കും ദക്ഷിണേന്ത്യക്കും ഏറെയിഷ്ടപ്പെട്ട ഗായകന്‍, സംഗീതജ്ഞന്‍.
ചെന്നൈയിലെ തുടക്കം
കെ. രാധാകൃഷ്ണന്‍ - ഡോ. ഹരിണി ദമ്പതികളുടെ മകനായി, 1966 ജൂലൈ ഒമ്പതിന് പാലക്കാട് ജില്ലയിലെ താരേക്കാട് ആയിരുന്നു ഉണ്ണികൃഷ്മന്റെ ജനനം. മുത്തച്ഛന്‍ ഡോ. കെ.എന്‍. കേസരി ചെന്നൈയിലെ പ്രശസ്തനായ ആയുര്‍വേദ ഡോക്ടറായിരുന്നു. അതിനാല്‍ ഉണ്ണികൃഷ്ണന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്നാട്ടിലായിരുന്നു. ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സ്കൂള്‍ പഠനം. ശേഷം, സാന്തോം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തി. രാമകൃഷ്ണ മിഷന്‍ വിവേകാനന്ദ കോളേജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ ബിരുദ, ബിരുദാന്തര ഡിപ്ലോമ പഠനങ്ങള്‍ക്കുശേഷം, 1987ല്‍ പാരീസ് കോണ്‍ഫെക്ഷണി ലിമിറ്റഡില്‍ ജോലിക്ക് കയറി. അതിനിടെയായിരുന്നു സിനിമാ പ്രവേശം. 1993ല്‍ ശ്രീകുമാരന്‍ തമ്പി കഥയെഴുതി സംവിധാനം ചെയ്ത ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന മലയാള ചിത്രത്തിലാണ് ഉണ്ണികൃഷ്ണന്റെ ശബ്ദം ആദ്യം കേള്‍ക്കുന്നത്. അതുപക്ഷേ, മരുകേലരാ ഓ രാഘവാ... എന്ന ത്യാഗരാജ കൃതികളായിരുന്നു. തൊട്ടടുത്ത വര്‍ഷമായിരുന്നു ഉണ്ണികൃഷ്ണന്റെ റിയല്‍ എന്‍ട്രി.
ആദ്യ പാട്ടില്‍ ദേശീയ പുരസ്കാരം
1994ല്‍ എസ്. ശങ്കര്‍- കെ.ടി. കുഞ്ഞുമോന്‍ - എ.ആര്‍. റഹ്മാന്‍ കൂട്ടുകെട്ടില്‍ പ്രഭുദേവയെ നായകനാക്കി പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രമായിരുന്നു ഉണ്ണികൃഷ്ണന്റെ ശരിക്കുമുള്ള സിനിമാ പ്രവേശം. ചിത്രത്തിലെ വാലി എഴുതിയ എന്നവളേ അടി എന്നവളെ... എന്ന ഒറ്റ പാട്ടിലൂടെ ഉണ്ണികൃഷ്ണന്‍ വരവ് അറിയിച്ചു. മാസങ്ങള്‍ക്കിപ്പുറം, കെ. സുഭാഷിന്റെ അജിത് ചിത്രം പവിത്രയിലെ വൈരമുത്തു എഴുതി റഹ്മാന്‍ ഈണമിട്ട ഉയിരും നീയെ... എന്ന ഗാനത്തിലൂടെ ഉണ്ണികൃഷ്ണന്‍ സംഗീതാസ്വാദകരുടെ മനസിലേക്ക് കൂടി കുടിയേറി. മാത്രമല്ല, ആദ്യ പാട്ടിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും ഉണ്ണികൃഷ്ണന്‍ സ്വന്തമാക്കി. തമിഴ് സിനിമയിലെ മികച്ച പിന്നണി ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം കൂടിയായിരുന്നു അത്. ഇതോടെ, പാരീസിലെ ജോലി ഉപേക്ഷിച്ച് ഉണ്ണികൃഷ്ണന്‍ സംഗീതരംഗത്ത് സജീവമായി.
തമിഴ്, മലയാളം, തെലുഗു, കന്നഡ ഉള്‍പ്പെടെ ഭാഷകളിലായി നാലായിരത്തോളം പാട്ടുകള്‍. റഹ്മാന്‍, ഇളയരാജ, വിദ്യാസാഗര്‍, കീരവാണി, ദേവ, യുവാന്‍ ശങ്കര്‍ രാജ, കാര്‍ത്തിക് രാജ, ഹാരിസ് ജയരാജ്, ഭരദ്വാജ്, ജോണ്‍സണ്‍, രാജാമണി, ഔസേപ്പച്ചന്‍, ശരത്, സുരേഷ് പീറ്റേഴ്സ്, എസ്.പി. വെങ്കിടേഷ്, മോഹന്‍ സിത്താര, ദീപക് ദേവ് എന്നിങ്ങനെ സംഗീത സംവിധായകര്‍ക്കൊപ്പം മികച്ച ഒട്ടനവധി പാട്ടുകള്‍ പിറന്നു. സിനിമയ്ക്കപ്പുറം സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമായി. ശാസ്ത്രീയ സംഗീതരംഗത്തെ സംഭാവനകള്‍ക്കും ഒട്ടനവധി പുരസ്കാരങ്ങളും ഫെല്ലോഷിപ്പുകളും ലഭിച്ചു.
അമ്മയുടെ നിര്‍ബന്ധത്തില്‍ സംഗീത പഠനം
പാട്ടും ഭജനകളുമൊക്കെ കേട്ടാണ് ഉണ്ണികൃഷ്ണന്‍ വളര്‍ന്നത്. എപ്പോഴെങ്കിലും സംഗീതത്തെ ഒരു തൊഴിലായി സ്വീകരിക്കുമെന്നുപോലും ചിന്തിച്ചിരുന്നില്ല. അന്നൊക്കെ ക്രിക്കറ്റില്‍ മാത്രമായിരുന്നു താല്‍പ്പര്യം. വീട്ടില്‍ ഭക്തിഗാനങ്ങളും ഭജനകളുമൊക്കെ പാടുകയും ചൊല്ലുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് അയ്യപ്പ ഗാനങ്ങളും, ഗൂരുവായുരപ്പന്റെ ഭജനകളുമൊക്കെ കൊച്ച് ഉണ്ണികൃഷ്ണന്‍ പഠിക്കുന്നത്. അതൊന്നും സംഗീതം പഠിക്കണമെന്ന ആഗ്രഹമൊന്നും ഉണ്ടാക്കിയിരുന്നില്ല. അമ്മയ്ക്ക് കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യമുണ്ടായിരുന്നു. പക്ഷേ, അന്നത്തെ കുടുംബസാഹചര്യങ്ങള്‍ കാരണം അതില്‍ കൂടുതലായി എന്തെങ്കിലും ചെയ്യാനോ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാനോ അമ്മയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാകണം, അമ്മയ്ക്ക് ഉണ്ണികൃഷ്ണനെ പാട്ട് പഠിപ്പിക്കണമെന്ന ആഗ്രഹം കലശലായത്.
അമ്മയെ അനുസരിക്കുന്നതിന്റെ ഭാഗമായാണ് സംഗീതം ശാസ്ത്രീയമായി പഠിക്കാന്‍ ആരംഭിച്ചത്. 12-ാം വയസിലാണ് ഉണ്ണികൃഷ്ണന്‍ കര്‍ണാടക സംഗീത പഠനം ആരംഭിക്കുന്നത്. വി.എല്‍. ശേഷാദ്രിയില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് ഡോ. എസ്. രാമനാഥന്റെ ശിഷ്യനായി. രാമനാഥന്റെ കാലശേഷം, അദ്ദേഹത്തിന്റെ ശിഷ്യ കൂടിയായ സാവിത്രി സത്യമൂര്‍ത്തിയാണ് ഉണ്ണികൃഷ്ണനെ അഭ്യസിപ്പിച്ചത്.
മുഴുവന്‍ സമയ സംഗീതത്തിലേക്ക്
ഡോ. രാമനാഥന്‍ മികച്ച സംഗീതാധ്യാപകനാണെന്ന് പറഞ്ഞുകേട്ടാണ് അമ്മ ഉണ്ണികൃഷ്ണനെ അവിടെ പഠിക്കാന്‍ ചേര്‍ത്തത്. വിവേകാനന്ദ കോളേജില്‍ പഠിച്ചിരുന്ന സമയം ആയതിനാല്‍, എല്ലാവരെയും പോലെ ആയിരുന്നില്ല ഉണ്ണികൃഷ്ണന്റെ പഠനം. രാവിലെ സംഗീത ക്ലാസില്‍ പോയശേഷം കോളേജില്‍ പോകുന്നതായിരുന്നു പതിവ്. സംഗീത പഠനത്തിന്റെ ക്രമങ്ങളോ, ചിട്ടയോ ഒന്നും പാലിക്കപ്പെടാതെയുള്ള ഒരു പഠനക്രമം. ക്രിക്കറ്റിനായി കറങ്ങിത്തിരിയുന്നതിനിടെ, പലപ്പോഴും ക്ലാസുകളും മുടക്കി. അതൊക്കെ അമ്മയെ ഏറെ സങ്കടപ്പെടുത്തിയതിനാല്‍ സംഗീത പഠനം എങ്ങനെയൊക്കെയോ തുടര്‍ന്നു. അപ്പോഴൊന്നും ഒരു പ്രൊഫഷണല്‍ സിംഗര്‍ എന്ന ചിന്ത പോലും പൊട്ടിമുളച്ചിട്ടില്ല. ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല. അന്ന് സഹപാഠികള്‍ ചേര്‍ന്ന് തുടക്കമിട്ട യൂത്ത് അസോസിയേഷന്‍ ഫോര്‍ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ മറ്റ് സംഗീതജ്ഞരെ ഗൗരവത്തോടെ കേള്‍ക്കുന്നതും പഠിക്കുന്നതും. അതൊക്കെ പഠിക്കുന്നതില്‍ ആരംഭിച്ച മത്സരബുദ്ധിയാണ് ഉണ്ണികൃഷ്ണനെ ഇന്റര്‍-കൊളീജിയറ്റ് മത്സരങ്ങളില്‍ വിജയിയാക്കി തീര്‍ത്തത്.
കുറച്ചുകൂടി ഗൗരവത്തോടെ കര്‍ണാടക സംഗീതത്തെ സമീപിക്കുന്ന കാലം കൂടിയായി അത്. രാമനാഥന്റെ മരണശേഷം, അദ്ദേഹത്തിന്റെ ശിഷ്യ കൂടിയായ സാവിത്രി സത്യമൂര്‍ത്തിയാണ് ഉണ്ണികൃഷ്ണനെ അഭ്യസിപ്പിച്ചത്. കോളേജ് പഠനത്തിനൊപ്പം സംഗീത പരിപാടികളിലും ഉണ്ണികൃഷ്ണന്‍ സജീവമായി. പാരീസിലെ ജോലിക്കൊപ്പം കച്ചേരി തുടര്‍ന്നു. എന്തിനും ഏതിനും അമ്മയുടെ സ്നേഹം കലര്‍ന്ന നിര്‍ബന്ധമുണ്ടായിരുന്നു. പതുക്കെ പതുക്കെ സംഗീതത്തെ ഉണ്ണികൃഷ്ണന്‍ ഇഷ്ടപ്പെട്ടുതുടങ്ങി. അതാണ് തന്റെ വഴിയെന്ന് ബോധ്യമായതോടെ, ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ സംഗീതജ്ഞനായി.
ഉണ്ണികൃഷ്ണന്‍ എന്ന ക്രിക്കറ്റര്‍
സ്കൂള്‍ പഠനകാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്നു ഉണ്ണികൃഷ്ണന്‍. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 15, അണ്ടര്‍ 19 ക്യാംപുകളിലും ഭാഗമായിരുന്നു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരും, അതിലൊരു കരിയര്‍ കരുപ്പിടിപ്പിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ സാന്തോമില്‍ പ്രവേശനം തേടുന്ന കാലമായിരുന്നു അത്. ആയൊരു ലക്ഷ്യം വെച്ചാണ് ആശാന്‍ മെമ്മോറിയല്‍ സ്കൂളില്‍നിന്ന് ഉണ്ണികൃഷ്ണന്‍ സാന്തോമില്‍ എത്തുന്നത്. ക്രിക്കറ്റില്‍ മികവ് പ്രകടിപ്പിച്ചിട്ടുള്ള കുട്ടികള്‍ക്ക് പ്രത്യേക അവസരം നല്‍കാന്‍ സ്കൂള്‍ മാനേജ്മെന്റും ശ്രദ്ധിച്ചിരുന്നു. പ്രവേശനത്തിനായുള്ള അഭിമുഖത്തില്‍ പ്രിന്‍സിപ്പലായിരുന്ന ബ്രദര്‍. കാമില്ലസ് ഉണ്ണികൃഷ്ണനോട് ചോദിച്ചത് 'ക്രിക്കറ്റ് കളിക്കുമോ' എന്ന് മാത്രമായിരുന്നു. പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്ക് പോലും അദ്ദേഹം നോക്കിയിരുന്നില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിച്ചിരുന്ന വിവരം സാന്തോം ക്രിക്കറ്റ് ടീം മാനേജരായിരുന്ന എസ്. മുഹമ്മദ് ഹുസൈന് അറിയാമായിരുന്നു. അണ്ടര്‍ 15, അണ്ടര്‍ 19 ക്യാംപുകളിലും മുഹമ്മദ് ഹുസൈന്‍ ഉണ്ണികൃഷ്ണനെ കണ്ടിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ബ്രദര്‍. കാമില്ലസിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഉണ്ണികൃഷ്ണന് പ്രവേശനം എളുപ്പമായത്.
സാന്തോമിന്റെ ക്രിക്കറ്റ് വിജയങ്ങളില്‍ ഉണ്ണികൃഷ്ണനും പങ്കാളിയായി. 1983-84ല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ട്രോഫി, പ്രഥമ തംസ് അപ്പ് ട്രോഫി, സ്വാമി വിവേകാനന്ദ ജന്മദിന ട്രോഫി എന്നിവ സ്വന്തമാക്കിയത് സാന്തോം ആയിരുന്നു. മികച്ച സ്കൂള്‍ ക്രിക്കറ്റ് ടീമിനുള്ള പുരസ്കാരം കൂടി സാന്തോം സ്വന്തമാക്കി. തംസ് അപ്പ് ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികളായ സാന്തോം സ്കൂളിനെയും റണ്ണേഴ്സ് അപ്പായ സെന്റ് ബീഡ്സ് ടീമിനെയും അഡയാര്‍ പാര്‍ക്ക് ഹോട്ടലില്‍ ആദരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം നടക്കുന്ന സമയമായിരുന്നു അത്. അന്ന് ചാംപ്യന്മാരായ സാന്തോം ക്രിക്കറ്റ് ടീമിന് വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡാണ് ട്രോഫി നല്‍കിയത്. ബീഡ്സ് ടീമിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ട്രോഫി നല്‍കി.
ക്രിക്കറ്റിനു പിന്നാലെ പാഞ്ഞിരുന്ന ഉണ്ണികൃഷ്ണന്‍ ഒട്ടും ആഗ്രഹിക്കാതെയാണ് സംഗീതവഴിയിലെത്തിയത്. അവിടെ അദ്ദേഹത്തെ കാത്തിരുന്നത് അവസരങ്ങളും പ്രശസ്തിയുമായിരുന്നു. ഇന്ന് കര്‍ണാടക സംഗീത രംഗത്തെ ഏറ്റവും തിളക്കമേറിയ പേരുകളിലൊന്നാണ് ഉണ്ണികൃഷ്ണന്റേത്. ശാസ്ത്രീയ സംഗീതത്തെയാണ് അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുവെച്ചത്. കച്ചേരികളും പഠനങ്ങളുമൊക്കെയായി അതിന്റെ തിരക്കിലായിരുന്നു ഉണ്ണികൃഷ്ണന്റെ സഞ്ചാരം. അതുകൊണ്ടാകണം, സിനിമാ സംഗീതം ഉണ്ണികൃഷ്ണനെ അത്രയൊന്നും പ്രലോഭിപ്പിക്കാതിരുന്നത്. എന്നിട്ടും ഒരുപിടി മികച്ച സിനിമാപ്പാട്ടുകള്‍ അദ്ദേഹത്തിന്റേതായി വന്നു. എക്കാലത്തും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന പാട്ടുകള്‍.