കെ.പി. കൊട്ടാരക്കര കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി, ജെ. ശശികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ലങ്കാദഹനം'. പ്രേംനസീര്‍ നായകനായ ചിത്രം 1971ല്‍ ഗണേഷ് പിക്ചേഴ്സിന്റെ ബാനറില്‍ കെ.പി. കൊട്ടാരക്കര തന്നെയാണ് നിര്‍മിച്ചത്. പ്രേംനസീറിനൊപ്പം, അടൂര്‍ ഭാസി, ശങ്കരാടി, ജോസ് പ്രകാശ്, കെ.പി. ഉമ്മര്‍, രാഗിണി, വിജശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിനൊപ്പം പാട്ടുകളും സൂപ്പര്‍ ഹിറ്റായി. എന്നാല്‍, ചില വിമര്‍ശനങ്ങള്‍ തലപൊക്കി. ചിത്രത്തെക്കുറിച്ചോ, അഭിനേതാക്കളെക്കുറിച്ചോ, പാട്ടുകളെക്കുറിച്ചോ ആയിരുന്നില്ല വിമര്‍ശനം. സംഗീത സംവിധായകനെക്കുറിച്ചായിരുന്നു ആ 'വേറിട്ട' വിമര്‍ശനം.
ഒരു സിനിമാവാരികയിലായിരുന്നു ലങ്കാദഹനത്തെക്കുറിച്ചുള്ള നിരൂപണം പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പ്രതിഭാസമ്പന്നരായ സംഗീതസംവിധായകര്‍ ഏറെയുണ്ടായിട്ടും, ലങ്കാദഹനത്തിന് പാട്ടുണ്ടാക്കാന്‍ അണിയറക്കാര്‍ ഒരു തമിഴന്റെ ഔദാര്യം തേടിയത് ഒട്ടും ശരിയായില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം. അസൂയയോ, പ്രതിഭയെ അംഗീകരിക്കാനുള്ള മടിയോ, അറിവില്ലായ്‌മോ ഒക്കെയായിരുന്നു ആ വിമര്‍ശനത്തിന് അടിസ്ഥാനം. ഇതറിഞ്ഞപ്പോള്‍ സ്വതസിദ്ധശൈലിയിലുള്ള ചിരിയായിരുന്നു ആ സംഗീത സംവിധായകന്റെ മറുപടി. അത് മറ്റാരുമായിരുന്നില്ല. തമിഴകത്തെ പുതിയ സംഗീതവഴിയിലേക്ക് ആനയിച്ച എം.എസ്. വിശ്വനാഥന്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ ജനിച്ച് കണ്ണൂരില്‍ വളര്‍ന്ന് തമിഴകത്തേക്ക് കുടിയേറിയ മനയങ്ങത്ത് സുബ്രഹ്‌മണ്യന്‍ വിശ്വനാഥന്‍ എന്ന എംഎസ്‌വി.
എന്നാല്‍ വിശ്വസംഗീതം മലയാളികളുടെ മനം കീഴടക്കിയത് പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്. അതായിരുന്നു ലങ്കാദഹനത്തിലെ പാട്ടുകള്‍.
തമിഴ് സിനിമാ സംഗീതത്തില്‍ തുടക്കമിട്ട എംഎസ്‌വി, എംജിആര്‍ അഭിനയിച്ച ഏക മലയാള ചിത്രമായ ജനോവയിലൂടെയാണ് മലയാളത്തില്‍ ആദ്യമായി സാന്നിധ്യമറിയിച്ചത്. ടി.സി. അച്യുത മേനോന്റെ പ്രശസ്തമായ ജനോവ എന്ന നാടകത്തെ അടിസ്ഥാനമാക്കി, സ്വാമി ബ്രഹ്മവ്രതന്റെ തിരക്കഥയില്‍ എഫ്. നാഗൂറാണ് ചിത്രം സംവിധാനം ചെയ്തത്. 1953ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ എട്ട് പാട്ടുകളാണുണ്ടായിരുന്നത്. അതില്‍ മൂന്ന് പാട്ടുകള്‍ക്കാണ് എംഎസ്‍വി ഈണമിട്ടത്. 1958ല്‍ എഫ്. നാഗൂറിന്റെ സത്യന്‍, പ്രേംനസീര്‍ ചിത്രമായ ലില്ലിക്കായും എംഎസ്‌വി സംഗീതം ചെയ്തു. എന്നാല്‍ വിശ്വസംഗീതം മലയാളികളുടെ മനം കീഴടക്കിയത് പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്. അതായിരുന്നു ലങ്കാദഹനത്തിലെ പാട്ടുകള്‍.
ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ..., സ്വര്‍ഗനന്ദിനീ സ്വപ്നവിഹാരിണീ ഇഷ്ടദേവതേ സരസ്വതീ..., തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു തിരുവാതിര നക്ഷത്രം..., പഞ്ചവടിയിലെ മായാസീതയോ..., നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ..., കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ... , അമ്മേ മഹാകാളിയമ്മേ..., സൂര്യനെന്നൊരു നക്ഷത്രം... എന്നിങ്ങനെ എട്ട് പാട്ടുകളാണ് ലങ്കാദഹനത്തില്‍ ഉണ്ടായിരുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എംഎസ്‍വി ഒരുക്കിയ ഈണം പാട്ടുകളെ സൂപ്പര്‍ ഹിറ്റുകളാക്കി. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, എല്‍.ആര്‍. ഈശ്വരി എന്നിവരായിരുന്നു പാട്ടുകാര്‍. ചിത്രത്തിനൊപ്പമോ, അതിനപ്പുറമോ പാട്ടുകള്‍ ഹിറ്റായതോടെയായിരുന്നു സിനിമാവാരികയിലെ ആ 'വേറിട്ട' നിരൂപണമെന്നതും ശ്രദ്ധേയം.
മലയാളത്തിന് പിന്നെയും ഒട്ടനവധി ഹിറ്റുകള്‍ എംഎസ്‌വി സമ്മാനിച്ചു. 1974ല്‍ പുറത്തിറങ്ങിയ ചന്ദ്രകാന്തം എന്ന ചിത്രത്തില്‍ ഒരു കഥകളി പദം ഉള്‍പ്പെടെ 14 പാട്ടുകളാണ് ഉണ്ടായിരുന്നത്. ശ്രീകുമാരന്‍ തമ്പിയാണ് 13 പാട്ടുകള്‍ക്കും വരികളെഴുതിയത്. എംഎസ്‌വി ഈണമിട്ട പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി. എസ്. ജാനകി പാടിയ ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍..., പി. ജയചന്ദ്രന്‍ പാടിയ രാജീവനയനേ നീയുറങ്ങൂ..., യേശുദാസിന്റെ ശബ്ദത്തില്‍ സ്വര്‍ഗമെന്ന കാനനത്തില്‍..., കെ.പി. ബ്രഹ്മാനന്ദന്റെ ചിരിക്കുമ്പോള്‍ നീയൊരു... എന്നിങ്ങനെ എല്ലാമെല്ലാം ഹിറ്റുകള്‍. സുപ്രഭാതം..., കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച..., സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം..., ആകാശരൂപിണി അന്നപൂര്‍ണേശ്വരി..., നാടന്‍ പാട്ടിന്റെ മടിശ്ശീല..., വീണപൂവേ..., എന്നിങ്ങനെ ഹിറ്റുകള്‍ നിരന്നു. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച, ഹൃദയവാഹിനീ ഒഴുകുന്നു നീ, പ്രഭാതമല്ലോ നീ, ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം എന്നീ ഗാനങ്ങളിലൂടെ ഗായകനായും എംഎസ്‌വി മലയാളികളുടെ ഹൃദയം കവര്‍ന്നു.
ദാരിദ്ര്യത്തെയും കുടുംബത്തിന്റെ കൂട്ടആത്മഹത്യാശ്രമത്തെയും അതിജീവിച്ചാണ് എംഎസ്‍വി സംഗീതത്തെ കൂട്ടുപിടിച്ചത്. വയലിനിസ്റ്റായ ടി.കെ. രാമമൂര്‍ത്തിക്കൊപ്പമാണ് സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. 1952ല്‍ ശിവാജി ഗണേശന്‍ നായകനായ പണം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. 1965 വരെ ഇരുവരും തമിഴ് ചലച്ചിത്രരംഗം വാണു. പിന്നാലെ എംഎസ്‌വി സ്വതന്ത്ര സംഗീത സംവിധായകനായി. എംജിആറിനെ മക്കള്‍ തിലകമായും ശിവാജിയെ നടികര്‍തിലകമായും ജമിനി ഗണേശനെ കാതല്‍മന്നനായും മാറ്റിയ ഈണങ്ങളൊരുക്കിയ എംഎസ്‌വി, തെന്നിന്ത്യന്‍ സിനിമയിലെ മെല്ലിസൈ മന്നനായി.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 1300ലേറെ ചിത്രങ്ങള്‍ക്ക് ഈണമിട്ടു. എങ്കെ തേടുവേന്‍ മുതല്‍... പാലും പഴവും, രാജാവിന്‍ പാര്‍വൈ, പോനാല്‍ പോകട്ടും പോടാ, അടി എന്നടി റാക്കമ്മാ... തുടങ്ങി എങ്കേയും എപ്പോതും, പൊന്‍മകള്‍ വന്താല്‍, മൈ നെയിം ഈസ് ബില്ലയുമൊക്കെ എംഎസ്‌വിയുടെ സംഗീതത്തില്‍ പിറന്നു. ആ സംഗീത മാന്ത്രികത പതുക്കെ ഹൃദയങ്ങള്‍ കവര്‍ന്നു. കാലങ്ങള്‍ സഞ്ചരിച്ച്, റീമിക്‌സുകളായും കവര്‍ വേര്‍ഷനുകളായും അവ പുതിയ തലമുറകളിലേക്കും തുടരുന്നു.