ഒരുപിടി ചരിത്രനിമിഷങ്ങള്‍ സമ്മാനിച്ചാണ് ലോസ് ഏഞ്ചൽസില്‍ നടന്ന 68-ാമത് ഗ്രാമി പുരസ്കാര ചടങ്ങ് അവസാനിച്ചത്. അതില്‍ ഏറ്റവും അപ്രതീക്ഷിതം, തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് ലഭിച്ച പുരസ്കാരമായിരുന്നു. Best Audio Book, Narration & Storytelling Recording വിഭാഗത്തിലാണ് ദലൈ ലാമ ആദ്യ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. മെഡിറ്റേഷന്‍സ്: ദ റിഫ്ലക്ഷന്‍സ് ഓഫ് ഹിസ് ഹോളിനെസ്, ദ ദലൈ ലാമ (Meditations: The Reflections of His Holiness, the Dalai Lama) എന്ന ഓഡിയോ ബുക്കിനാണ് അംഗീകാരം.
സംഗീത ആല്‍ബത്തിന്റെ യാഥാസ്ഥിതിക നിര്‍വചനങ്ങള്‍ ഒരുപക്ഷേ മെഡിറ്റേഷന്‍സിന് യോജിച്ചേക്കില്ല. തികച്ചും വ്യത്യസ്തമായൊരു സംഗീതകാവ്യമാണ് മെഡിറ്റേഷന്‍സ്. ദലൈലാമയുടെ പതിറ്റാണ്ടുകളായുള്ള ആത്മീയ ഉപദേശങ്ങളും ചിന്തകളും, ഹൃദയഹാരിയായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന spoken-word ആല്‍ബം. തത്വചിന്തയും ആത്മീയതയുമാണ് അതിന്റെ കാതല്‍. പത്ത് അധ്യായങ്ങളാണ് ഈ ഓഡിയോ ബുക്കിനുള്ളത്. ഹാര്‍ട്ട്, വണ്‍നെസ്, ഹാര്‍മണി, കൈന്‍ഡ്‌നെസ്, വാട്ടര്‍, മൈന്‍ഡ്, ഹെല്‍ത്ത്, പീസ്, എസ്സെന്‍സ്, ജേണി എന്നിങ്ങനെയാണ് അധ്യായങ്ങള്‍. സമാധാനം, സ്നേഹം, ദയ, അനുകമ്പ, സന്തോഷം, സൗഹൃദം, ഐക്യം, ആരോഗ്യം, പ്രത്യാശ, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ദലൈ ലാമ സംസാരിക്കുന്നത്.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതമാണ് ഓഡിയോ ബുക്കിന് മറ്റൊരു ഭാവതലം നല്‍കുന്നത്. പ്രശസ്ത സരോദ് വാദകന്‍ അംജദ് അലി ഖാന്‍, മക്കളായ അമാന്‍ അലി ബംഗാഷ്, അയാന്‍ അലി ബംഗാഷ് എന്നിവരാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. അമേരിക്കന്‍ ഗായികയും നടിയുമായ ആന്‍ഡ്ര ഡേ, അമേരിക്കന്‍ ജാസ് സാക്സോഫോണിസ്റ്റ് ടെഡ് നാഷ്,കോസ്റ്റാറിക്കന്‍ ഗായക ഡെബി നോവ, അമേരിക്കന്‍ ഗായിക മാഗി റോജേഴ്‌സ്, അമേരിക്കന്‍ പെര്‍ക്കഷനിസ്റ്റ് ടോണി സുക്കാര്‍, കനേഡിയന്‍-അമേരിക്കന്‍ ഗായകന്‍ റൂഫസ് വെയ്‌ന്‍റൈറ്റ് എന്നിവരും ആല്‍ബത്തില്‍ സഹകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ എഴുത്തുകാരനും സംഗീതജ്ഞനും ചലച്ചിത്രകാരനും 13 ഗ്രാമി പുരസ്കാര ജേതാവുമായ കബീര്‍ സെഗാളാണ് മെഡിറ്റേഷന്‍സിന്റെ നിര്‍മാണം. ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി, ദലൈ ലാമയുടെ പ്രസംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടെ നൂറ് മണിക്കൂറിലധികം കേട്ടിരുന്നുവെന്ന് സെഗാള്‍ പറയുന്നു. ആഗോള സംഘര്‍ഷത്തിന്റെ നാളുകളില്‍, സ്നേഹത്തിന്റെയും ദയയുടെയും സമാധാനത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും സെഗാള്‍ ഓര്‍മപ്പെടുത്തുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍, ദലൈ ലാമയ്ക്ക് 90 തികഞ്ഞതിനു പിന്നാലെയായിരുന്നു മെഡിറ്റേഷന്‍സ് പുറത്തിറക്കിയത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച്, നാല് പതിറ്റാണ്ടോളം കഴിയുമ്പോഴാണ് ദലൈ ലാമയെ തേടി ഗ്രാമി പുരസ്കാരം എത്തുന്നത്.