ഇളയരാജ  News Malayalam
MUSIC

ഒരു ദിവസം മുന്നേ ജന്മദിനം ആഘോഷിക്കുന്ന ഇളയരാജ; കാരണമിറുക്ക്...

പലയിടത്തും പല രീതിയിലാണ് ഇളയരാജയുടെ ജനന തീയതി. ചിലര്‍ 1943 ജൂണ്‍ രണ്ട് എന്ന് പറയുന്നു. എന്നാല്‍ ഏറെയിടത്തും കാണുന്നത് 1943 ജൂണ്‍ മൂന്ന് എന്നാണ്.

Author : എസ് ഷാനവാസ്

ജൂണ്‍ രണ്ടോ, മൂന്നോ... എന്നാണ് ശരിക്കും ഇസൈജ്ഞാനി ഇളയരാജയുടെ ജന്മദിനം? പലയിടത്തും പല രീതിയിലാണ് ഇളയരാജയുടെ ജനന തീയതി നല്‍കിയിരിക്കുന്നത്. ചിലര്‍ 1943 ജൂണ്‍ രണ്ട് എന്ന് പറയുന്നു. എന്നാല്‍ ഏറെയിടത്തും കാണുന്നത് 1943 ജൂണ്‍ മൂന്ന് എന്നാണ്. രണ്ട് ദിവസവും ലോകമെങ്ങുമുള്ള സംഗീതപ്രേമികള്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാറുമുണ്ട്. ഇനി ഇളയരാജയുടെ വെബ്സൈറ്റ് നോക്കിയാല്‍, 1943 എന്ന വര്‍ഷം മാത്രമേ കാണാനാകൂ. ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ?

യഥാര്‍ഥത്തില്‍ ജൂണ്‍ മൂന്നാണ് ഇളയരാജയുടെ ജനന തീയതി. പക്ഷേ, ജൂണ്‍ രണ്ടിനാണ് ആഘോഷം സംഘടിപ്പിക്കാറുള്ളത്. അതിനൊരു കാരണമുണ്ട്. അത് ഇളയരാജ തന്നെ പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. "ജൂണ്‍ മൂന്ന് കരുണാനിധിയുടെ ജന്മദിനമാണ്. തമിഴ് ഭാഷയ്ക്ക് കരുണാനിധി ചെയ്ത മഹത്തായ സേവനത്തിന്റെ ചെറിയ ഭാഗംപോലും ഞാന്‍ ചെയ്തിട്ടില്ല. ഒരേ ജനന തീയതി പങ്കുവയ്ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ജൂണ്‍ മൂന്നിന് തമിഴ്‌നാട് കലൈഞ്ജറിന് മാത്രം ആശംസകള്‍ നേരണം. അതുകൊണ്ട് ഞാന്‍ എന്റെ ജന്മദിനം ജൂണ്‍ രണ്ടിന് ആഘോഷിക്കാന്‍ തീരുമാനിച്ചു." അങ്ങനെ കലൈഞ്ജര്‍ കരുണാനിധിയോടുള്ള ആദരസൂചകമായാണ് ഇളയരാജ ജന്മദിനാഘോഷം ഒരു ദിവസം നേരത്തെയാക്കിയത്. ഇളയരാജയ്ക്ക് 'ഇസൈജ്ഞാനി' എന്ന പേര് നല്‍കിയതും കരുണാനിധിയാണ്.

ഇളയരാജയും ധന്‍രാജ് മാസ്റ്ററും

ജനന തീയതി പോലെ, ഇളയരാജയുടെ പേരിനു പിന്നിലുമുണ്ട് കൗതുകം നിറഞ്ഞ കഥ. 1943ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന തേനിയിലെ കമ്പത്തായിരുന്നു ഇളയരാജയുടെ ജനനം. അച്ഛന്‍ ഡാനിയേല്‍ രാമസ്വാമി മകന് ജ്ഞാനദേശികന്‍ എന്നാണ് ജനിച്ചപ്പോള്‍ നല്‍കിയ പേര്. പക്ഷേ, സ്കൂളില്‍ ചേര്‍ക്കാനെത്തിയപ്പോള്‍ അച്ഛന്‍ തന്നെ പേരിന്റെ നീളം കുറച്ചു. അങ്ങനെ സ്കൂള്‍ റെക്കോഡില്‍ ജ്ഞാനദേശികന്‍ രാജയ്യ ആയി. പഠനകാലത്ത് ആ പേര് അങ്ങനെ തുടര്‍ന്നു. 1968ല്‍, സംഗീതപഠനവും, സിനിമാ സംഗീതവും ലക്ഷ്യമിട്ട് രാജയ്യ മദ്രാസിലേക്ക് വണ്ടികയറി. സിനിമാസംഗീതത്തില്‍ അവസരം തേടിയെത്തുന്ന എല്ലാവരും ധന്‍രാജ് മാസ്റ്ററുടെ കീഴില്‍ സംഗീതം അഭ്യസിച്ചിരുന്ന കാലമായിരുന്നു. രാജയ്യയും ആ വഴി തന്നെ സഞ്ചരിച്ചു. സംഗീത പഠനത്തിനിടെ, നോട്ട് എഴുതിക്കൊടുക്കുക്കാന്‍ നേരമാണ് ധന്‍രാജ് മാസ്റ്റര്‍ രാജയ്യയെ രാജ ആക്കിയത്. 'അതാണ് നിനക്കു പറ്റിയ പേരെന്ന്' മാസ്റ്റര്‍ പറഞ്ഞപ്പോള്‍ രാജയും അത് തലക്കുലുക്കി സമ്മതിച്ചു. മാസ്റ്ററുടെ പക്കല്‍നിന്നും വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതം പഠിച്ച ഇളയരാജ, ക്ലാസിക്കല്‍ ഗിത്താറില്‍ സ്വര്‍ണ മെഡലും സ്വന്തമാക്കി.

സംഗീത പഠനത്തിനൊപ്പം സിനിമയില്‍ അവസരം തേടി നടന്ന രാജയ്ക്ക് ആദ്യം കിട്ടിയ കൂട്ട് സംഗീത സംവിധായകന്‍ രാമകൃഷ്ണ ഗോവര്‍ധനത്തെ ആയിരുന്നു. അങ്ങനെ 1976ല്‍ കെ. നാരായണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വരപ്രസാദം എന്ന ചിത്രത്തില്‍ ഗോവര്‍ധനം സംഗീതവും, ഇളയരാജ പശ്ചാത്തല സംഗീതവുമൊരുക്കി. ക്രെഡിറ്റില്‍ ഗോവര്‍ധന്‍-രാജ എന്ന് പേര് തെളിഞ്ഞു. അതേവര്‍ഷം തന്നെയാണ് കഥാകൃത്തും ഗാനരചയിതാവും നിര്‍മാതാവുമൊക്കെയായ പഞ്ചു അരുണാചലം വഴി 'അന്നക്കിളി' എന്ന ചിത്രത്തിലേക്ക് ഇളയരാജ എത്തുന്നത്. ക്രെഡിറ്റില്‍ എന്ത് പേര് വയ്ക്കുമെന്ന ചോദ്യത്തിന് ഗോവര്‍ധന്‍-രാജ എന്ന് കൊടുത്താല്‍ മതിയെന്നായിരുന്നു ഇളയരാജയുടെ മറുപടി. എന്നാല്‍, ഗോവര്‍ധന്‍ സഹകരിക്കാത്ത, രാജ സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ആദ്യ ചിത്രത്തില്‍ അങ്ങനെയൊരു ക്രെഡിറ്റ് വയ്ക്കുന്നതിനെ പഞ്ചു അരുണാചലം എതിര്‍ത്തു. അങ്ങനെ രാജ എന്ന് മാത്രം വയ്ക്കാമെന്നായി. പക്ഷേ, അപ്പോഴും പ്രശ്നം തീര്‍ന്നില്ല. എ.എം. രാജ തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ഒടുവില്‍ പഞ്ചു തന്നെ പരിഹാരം കണ്ടെത്തി, എ.എം. രാജ മുതിര്‍ന്ന രാജ, ഇത് ഇളയരാജ. അങ്ങനെയാണ് ജ്ഞാനദേശികന്‍ ഇളയരാജയായി മാറിയത്.

SCROLL FOR NEXT