ബിടിഎസിലെ എല്ലാ അംഗങ്ങളും സൈനിക സേവനം പൂര്‍ത്തിയാക്കിയതിന് ശേഷം ഔദ്യോഗികമായി സംഗീത ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബാന്‍ഡ് അവരുടെ ആദ്യത്തെ ലൈവ് ആല്‍ബമായ 'പെര്‍മിഷന്‍ ടു ഡാന്‍സ് ഓണ്‍ സ്‌റ്റേജ് - ലൈവ്' പുറത്തിറക്കി. ജൂലൈ 18നാണ് ആല്‍ബം ഔദ്യോഗികമായി റിലീസ് ചെയ്തത്.
22 ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. അവയെല്ലാം ബാന്‍ഡിന്റെ ഏറ്റവും പ്രശസ്തമായ ടൂറുകളിലൊന്നായ പെര്‍മിഷന്‍ ടു ഡാന്‍സ് ഓണ്‍ സ്‌റ്റേജിലെ പ്രകടനങ്ങളാണ്. 2026 സ്പ്രിങില്‍ പുറത്തിറങ്ങാനിരിക്കുന്ന അവരുടെ ആല്‍ബത്തിനായി അംഗങ്ങളായ ആര്‍എം, ജിമിന്‍, ജങ്കൂക്ക്, സുഗ, വി എന്നിവര്‍ ലോസ് ആഞ്ചലസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജിന്‍, ജെ-ഹോപ്പ് എന്നിവരും അവര്‍ക്കൊപ്പം ഉടനെ ചേരും.
2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആല്‍ബം വരുന്നത് വരെയുള്ള വിടവ് നികത്താന്‍ കൂടിയാണ് ഇപ്പോള്‍ ലൈവ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.
വിവിധ ടൂറുകളിലായ ബിടിഎസ് പെര്‍ഫോം ചെയ്ത 22 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ബിടിഎസിന്റെ ഹിറ്റ് ഗാനങ്ങളായ 'ഡൈനാമൈറ്റ്', 'ബട്ടര്‍', 'പെര്‍മിഷന്‍ ടു ഡാന്‍സ്' എന്നീ ട്രാക്കുകളും ആല്‍ബത്തിലുണ്ട്. അതുപോലെ ആരാധകരുടെ പ്രിയപ്പെട്ട 'ബ്ലഡ് സ്വെറ്റ് ആന്‍ഡ് ടിയേഴ്‌സ്', 'സ്പ്രിംഗ് ഡേ', 'ഡോപ്പ്' എന്നിവയും ആല്‍ബത്തില്‍ ഉള്‍പ്പെടുന്നു.
ഈ മാസം ആദ്യം, ബിടിഎസ് അംഗങ്ങള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഒരുമിച്ച് ലൈവ് സ്ട്രീമില്‍ പങ്കെടുത്തിരുന്നു. അതില്‍ സൈനിക സേവനത്തിന് ശേഷമുള്ള തങ്ങളുടെ പദ്ധതികളെ കുറിച്ച് അവര്‍ സംസാരിച്ചു. 2026ല്‍ പുറത്തിറങ്ങുന്ന പുതിയ ആല്‍ബത്തിന്റെ പ്രവര്‍ത്തനത്തിനായി യുഎസിലേക്ക് പോവുകയാണെന്ന് അപ്പോഴാണ് ബാന്‍ഡ് അംഗങ്ങള്‍ അറിയിച്ചത്. അതോടൊപ്പം 2026ല്‍ വേള്‍ഡ് ടൂര്‍ ഉണ്ടാകുമെന്നും ബിടിഎസ് അറിയിച്ചിരുന്നു.