എത്ര കേട്ടാലും, എപ്പോള്‍ കേട്ടാലും മതിവരാത്ത പാട്ടുകള്‍. ഇന്ത്യന്‍, വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 18 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍. ഉച്ചാരണത്തില്‍ ഒരു ന്യൂനതയുമില്ലാതെ എല്ലാം മാതൃഭാഷയിലെന്ന പോലെ പാടിയ ഗായിക. മലയാളികള്‍ ഇന്നും ഇടനെഞ്ചോടു ചേര്‍ത്തുവച്ചിരിക്കുന്ന ഒരുപിടി പാട്ടുകളുടെയെല്ലാം മനോഹര ശബ്ദം. എസ് ജാനകി. മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലായിരുന്നു എസ്. ജാനകിയുടെ ജനനം. 1938 ഏപ്രില്‍ 23. ജന്മനാ കിട്ടിയൊരു സിദ്ധിയായിരുന്നു ജാനകിക്ക് സംഗീതം. പത്ത് വയസായപ്പോള്‍ ജാനകിയെ അമ്മ പാട്ട് പഠിപ്പിക്കാന്‍ വിട്ടു. പൈദിസ്വാമി എന്ന നാദസ്വരവിദ്വാന്റെ അടുത്തായിരുന്നു പഠനം. ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോഴേ, സ്വാമി പഠിപ്പ് അവസാനിപ്പിച്ചു. എന്നിട്ട് ജാനകിയോട് പറഞ്ഞു. നിനക്ക് സംഗീതം പഠിക്കേണ്ട ആവശ്യമില്ല. ഭഗവാന്‍ അത്രത്തോളം ജ്ഞാനം നല്‍കിയിട്ടുണ്ട്. നിനക്ക് അത് മാത്രം മതിയാകും. ജാനകിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ഗുരുനാഥന്റെ വാക്കുകള്‍... അത് എത്രത്തോളം സത്യമാണെന്ന് സംഗീതലോകം പിന്നീട് അറിയുകയായിരുന്നു.
ശാസ്ത്രീയ ഗീതങ്ങളും, കീര്‍ത്തനങ്ങളും, ലളിതഗാനങ്ങളും, സിനിമാ പാട്ടുകളുമൊക്കെ പാടി ജാനകി സംഗീതത്തെ ചേര്‍ത്തുപിടിച്ചു. 1956ല്‍ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. രാഷ്ട്രപതിയുടെ കൈയില്‍നിന്നായിരുന്നു പുരസ്കാരം സ്വീകരിച്ചത്. ജാനകിയുടെ സംഗീതയാത്രയുടെ പുതിയൊരു തുടക്കമായിരുന്നു അത്. താമസിയാതെ, മദ്രാസില്‍ എവിഎം സ്റ്റുഡിയോയില്‍ ഗായികയായി സെലക്ഷന്‍ ലഭിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. 1957 ഏപ്രില്‍ നാല്. വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെ എസ്. ജാനകി സിനിമാ പിന്നണി ഗായികയായി. ടി. ചലപതി റാവുവിന്റെ ഈണത്തില്‍ പേദൈ എന്‍ ആസൈ പാഴായ ദേന... എന്ന പാട്ടായിരുന്നു തുടക്കം. കരഞ്ഞുകൊണ്ട് പാടുന്ന പോലൊരു പാട്ടായിരുന്നു അത്. അരങ്ങേറ്റ പാട്ട് ഗംഭീരമായെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.
ഒന്നിനു പിറകെ ഒന്നായി, അഞ്ച് ഭാഷകളിലായി ആറ് പാട്ടുകള്‍ പാടിക്കൊണ്ടായിരുന്നു ജാനകിയുടെ സിനിമാപ്രവേശം. ആദ്യ റെക്കോഡിങ്ങ് കഴിഞ്ഞ്, രണ്ട് ദിവസത്തിനിപ്പുറം തെലുഗുവില്‍ എംഎല്‍എ എന്ന ചിത്രത്തിനായി പാടി. പെന്‍ഡ്യാല നാഗേശ്വര റാവുവിന്റെ ഈണത്തില്‍ നീ ആശ അടിയാശാ... എന്ന പാട്ടാണ് റെക്കോഡ് ചെയ്തത്. പിന്നാലെ കന്നഡയില്‍ രായര സൊസെ എന്ന ചിത്രത്തില്‍ ആര്‍. ദിവാകരയുടെ സംഗീതത്തില്‍ താളലെന്തോ ശോകവേഗാ... എന്ന പാട്ട് പാടി. അതിനുശേഷമായിരുന്നു മലയാളത്തില്‍ പാടിയത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിനായി ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍ എന്ന് തുടങ്ങുന്നതായിരുന്നു ജാനകിയുടെ ആദ്യ മലയാളം പാട്ട്. തുടര്‍ന്ന് അയ്യയ് മല്ലിയി എന്ന സിംഹള ചിത്രത്തിനായി സദയ് വേദന... എന്ന ഗാനവും പാടി. തമിഴില്‍ മഗത്തല നാട്ടു മേരി എന്ന ചിത്രത്തില്‍ പി.ബി. ശ്രീനിവാസനൊപ്പം കണ്ണുക്ക് നേരെ മിന്നിടും താരൈ... എന്ന പാട്ടും പാടിയാണ് ജാനകി 1957 അവസാനിപ്പിച്ചത്.
സിനിമയില്‍ കരഞ്ഞുകൊണ്ട് പാടി തുടങ്ങിയ ജാനകി മലയാളത്തില്‍ ആദ്യമായി പാടിയതും വിഷാദഛായയുള്ള പാട്ടായിരുന്നു. പി.എന്‍. ദേവിന്റെ വരികള്‍ക്ക് എസ്.എന്‍. ചാമിയുടെ ഈണത്തിലായിരുന്നു പാട്ട്. 1954ല്‍ പുറത്തിറങ്ങിയ നാഗിന്‍ എന്ന ഹിന്ദി ചിത്രത്തില്‍, ഹേമന്ദ് കുമാറിന്റെ ഈണത്തില്‍ ലത മങ്കേഷ്കര്‍ പാടിയ മേരേ... ദില്‍ യെ പുകാരെ ആജാ... എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍ എന്ന പാട്ടൊരുക്കിയത്. ലത മങ്കേഷ്കറുടെ പാട്ടുകള്‍ പാടിനടന്നിരുന്ന ജാനകിയമ്മയ്ക്ക് ട്യൂണ്‍ അത്ര ബുദ്ധിമുട്ടായിരുന്നില്ല. എന്നാല്‍ മലയാളം പഠിച്ച് പാടുകയായിരുന്നു ശ്രമകരം. ആ പരിമിതികളെയെല്ലാം മറികടന്നായിരുന്നു ജാനകിയുടെ പാട്ട്.
മൂന്ന് പതിറ്റാണ്ടോളം മലയാളത്തിലെ തിരക്കേറിയ ഗായികയായിരുന്നു ജാനകി. മറ്റാരിനാലും പകരം വയ്ക്കാനാകാത്ത മധുര ശബ്ദത്തില്‍, ഭാവത്തില്‍ മലയാളികളെ തലോടുന്ന ഒട്ടനവധി പാട്ടുകള്‍ ജാനകി സമ്മാനിച്ചു. എം.എസ്. ബാബുരാജ് - എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ എവര്‍ഗ്രീന്‍ ഹിറ്റുകളാണ്. ശ്യാം, ഇളയരാജ, എം.എസ്.വി, പി. ഭാസ്കരന്‍, സലില്‍ ചൗധരി, ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍, കെ. രാഘവന്‍, എ.ടി. ഉമ്മര്‍, എം.ബി. ശ്രീനിവാസന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ജെറി അമല്‍ദേവ്, വിദ്യാസാഗര്‍ എന്നിങ്ങനെ എല്ലാക്കാലത്തെയും സംഗീത സംവിധായകര്‍ക്കൊപ്പം കാലാതിവര്‍ത്തിയായ നിരവധി പാട്ടുകള്‍ ജാനകി മലയാളത്തിന് സമ്മാനിച്ചു.
ജാനകിയമ്മയ്ക്ക് ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്കാരം ലഭിച്ചത് മലയാളത്തിൽ നിന്നാണ്. 1970ല്‍ സ്ത്രീ എന്ന ചിത്രത്തിലെ ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു... എന്ന പാട്ടിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി സ്വന്തമാക്കുന്നത്. പിന്നീട് പി. സുശീലയ്ക്കും, പി. മാധുരിക്കുമൊപ്പം മാറിമാറി പുരസ്കാരങ്ങള്‍ നേടി. 1976ലും 77ലും തുടര്‍ച്ചയായി പുരസ്കാരങ്ങള്‍. 1979 മുതല്‍ 84 വരെ മലയാളത്തിലെ മികച്ച ഗായിക ജാനകിയമ്മ മാത്രമായിരുന്നു. 11 തവണയാണ് സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിന് ആദ്യമായി ലഭിക്കുന്നതും ജാനകിയമ്മയിലൂടെയാണ്. 1981ല്‍ പുറത്തിറങ്ങിയ ഓപ്പോള്‍ എന്ന ചിത്രത്തിലെ ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്... എന്ന പാട്ടിനായിരുന്നു പുരസ്കാരം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി മികച്ച ഗായികയ്ക്കുള്ള മുപ്പതിലധികം പുരസ്കാരങ്ങളും ജാനകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ ആയിരത്തിയഞ്ഞൂറിലെറെ പാട്ടുകളാണ് ജാനകി പാടിയത്. പ്രണയവും, വിരഹവും, ഭക്തിയും, അതിവേഗ പാട്ടുകളും, അമ്മത്താരാട്ടുമൊക്കെ ജാനകിയുടെ ശബ്ദത്തില്‍ മലയാളം ആസ്വദിച്ചു. കണ്ണ് നനയിച്ചും, സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചും, മനസില്‍ സന്തോഷത്തിര പകര്‍ന്നുമൊക്കെ അവ നമുക്ക് കൂട്ടുനിന്നു. മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ ചെപ്പ് തുറന്നാല്‍ എണ്ണിതീര്‍ക്കാനാവാത്തവിധം ജാനകിയമ്മയുടെ പാട്ടുകളുണ്ടാകും. തലമുറകളായി അതിങ്ങനെ തുടരുകയാണ്. ജാനകിയമ്മയ്ക്ക് മലയാളത്തിന്റെ ജന്മദിനാശംസകള്‍.