വര്‍ഷം 1966. കൊല്ലം ശ്രീനാരായണ കോളേജിന്റെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം നടക്കുകയാണ്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. വേദിയില്‍ ആരൊക്കെയോ പ്രസംഗിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ അതൊന്നും അത്ര കാര്യമായി ശ്രദ്ധിക്കുന്നില്ല. പൊട്ടിച്ചിരിയും കൂക്കുവിളിയുമായി ഓഡിറ്റോറിയം ബഹളമയമാണ്. പ്രസംഗമെല്ലാം കഴിഞ്ഞതോടെ, വിദ്യാര്‍ഥികളുടെ പരിപാടികള്‍ ആരംഭിച്ചു. പക്ഷെ, ഓഡിറ്റോറിയത്തിലെ ബഹളം കുറയുന്നില്ല.
പെട്ടെന്നൊരു ആറ് വയസുകാരിയെ ആരോ കൈപിടിച്ച് സ്റ്റേജിലേക്ക് കൊണ്ടുവന്നു. അവിടെയുണ്ടായിരുന്ന മേശയുടെ മുകളില്‍ ഇരുത്തി. ഓഡിറ്റോറിയം പെട്ടെന്ന് നിശബ്ദമായി, പിന്നാലെ വലിയൊരു ആരവമുയര്‍ന്നു. മൈക്കിനോട് ചേര്‍ന്നിരുന്ന് ആ പെണ്‍കുട്ടി ഒരു ഹമ്മിങ് പാടി. അത് കഴിഞ്ഞതും ഓഡിറ്റോറിയമെങ്ങും കൈയടി മുഴങ്ങി. പതുക്കെ അവള്‍ പാടിത്തുടങ്ങി... സൂര്യകാന്തി... സൂര്യകാന്തി... സ്വപ്നം കാണുവതാരെ... 'കാട്ടുതുളസി' എന്ന ചിത്രത്തിനായി എസ്. ജാനകി പാടിയ അതിമനോഹരമായ പാട്ട്. പാടുന്നതിനിടെ, കോളജിനു സമീപത്തെ റെയില്‍പാളത്തിലൂടെ ട്രെയിന്‍ കൂകിപ്പാഞ്ഞു. അവള്‍ പാട്ട് നിര്‍ത്തി, ട്രെയിന്‍ പോകുന്നത് നോക്കിയിരുന്നു. സദസിലുള്ളവരെല്ലാം ചിരി തുടങ്ങി. അവള്‍ അതൊന്നും കാര്യമാക്കിയില്ല. ട്രെയിന്‍ പോയിക്കഴിഞ്ഞപ്പോള്‍ പാട്ട് തുടര്‍ന്നു. അതിമനോഹരമായി പാട്ട് പാടി അവസാനിപ്പിച്ചു. നിറഞ്ഞ കൈയടിയോടെയാണ് സദസ് അവളെ അഭിനന്ദിച്ചത്. ആറ് വയസില്‍ കോളേജ് വിദ്യാര്‍ഥികളെ നിശബ്ദമാക്കിയ ആ ഹമ്മിങ്ങും, ആലാപനവും ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ പിന്നെയും കേട്ടു. ഒരു സിനിമയുടെ വൈകാരിക മുഹൂര്‍ത്തങ്ങളെ ഹൃദയത്തിലേക്ക് ആനയിക്കുന്ന പശ്ചാത്തലഗീതമായി ആ ഹമ്മിങ്ങുകള്‍ മാറുന്നതും നാം കണ്ടു. മലയാള സിനിമയില്‍ ഹമ്മിങ്ങിലൂടെ അരങ്ങേറി, ഹൃദയഹാരിയായ ഒരുപിടി ഗാനങ്ങളിലൂടെ മനസ് കീഴടക്കിയ ഗായികയാണ് ലതിക.
എസ്.എന്‍ കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന ചേട്ടന്‍ രാജേന്ദ്രബാബു വഴിയാണ് ലതികയ്ക്ക് ആറാം വയസില്‍ കോളേജില്‍ പാടാന്‍ അവസരം ലഭിച്ചത്. ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന് അവതരിപ്പിക്കാനുള്ള പാട്ടും ഡാന്‍സും നാടകവുമൊക്കെ പരിശീലിക്കുന്നതിനിടെ രാജേന്ദ്രബാബുവിന്റെ കൂട്ടുകാരാണ് ലതികയുടെ കഴിവിനെക്കുറിച്ച് സംഘാടകരോട് പറയുന്നതും, അവസരം ലഭിക്കുന്നതും. കിട്ടിയ അവസരം ലതിക പാഴാക്കിയതുമില്ല. പാട്ട് കേട്ടവരിലൂടെ കൊട്ടിയം പോളിടെക്നിക് കോളേജിലും, ബ്രഹ്മാനന്ദനൊപ്പം സ്റ്റേജ് ഷോയിലും പാടാന്‍ ലതികയ്ക്ക് അവസരം ലഭിച്ചു. പിന്നാലെ, നാട്ടിലെ പൊതുപരിപാടികളിലും ഉത്സവങ്ങളിലുമൊക്കെ ലതികയുടെ പാട്ട് മുഴങ്ങി.
ഏറെ വൈകാതെ, ഗാനമേള ട്രൂപ്പുകളിലും സജീവമായി. കുടുംബത്തില്‍നിന്ന് പ്രവീണ മ്യൂസിക് ക്ലബ് എന്നൊരു ട്രൂപ്പ് പിറവികൊണ്ടു. അതിനൊപ്പം മെഹബൂബ്, കെ.എസ്. ജോര്‍ജ്, ജോളി എബ്രഹാം, അയിരൂര്‍ സദാശിവന്‍, ഇടവ ബഷീര്‍ എന്നിങ്ങനെ പ്രതിഭകള്‍ക്കൊപ്പം സ്റ്റേജ് ഷോകളിലും സജീവമായി. കണ്ണൂര്‍ രാജനിലൂടെ നാടകത്തില്‍ പാടിയ ലതികയ്ക്ക്, അദ്ദേഹത്തിലൂടെ സിനിമയിലും ആദ്യ അവസരം ലഭിച്ചു. 'പല്ലവി' എന്ന ചിത്രത്തിനായി കിളിക്കൊത്ത കരളുള്ള മിടുക്കിപ്പെണ്ണേ... എന്നൊരു ഒപ്പനഗാനമാണ് ലതികയ്ക്കായി നിശ്ചയിച്ചത്. എന്നാല്‍, പുതിയ ഗായകരെ പരീക്ഷിക്കുന്നതില്‍ ചലച്ചിത്രരംഗത്തു നിലനിന്നിരുന്ന വൈമനസ്യം ലതികയ്ക്ക് തിരിച്ചടിയായി. അങ്ങനെ ആ പാട്ട് പി. മാധുരിയെക്കൊണ്ട് പാടിച്ചു.
ലതികയുടെ ദൗര്‍ഭാഗ്യം അവിടെയും തീര്‍ന്നില്ല. സംഗീതസംവിധായകരുടെ അസിസ്റ്റായിരുന്ന രാജേന്ദ്രബാബുവിനൊപ്പം ലതിക മദ്രാസില്‍ തുടരുന്ന കാലം. ബിച്ചു തിരുമലയുടെ രചനയില്‍ ദണ്ഡകാരണ്യം എന്നൊരു നാടകത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. പി.ജി. വിശ്വംഭരന്റെ അസോസിയേറ്റായിരുന്ന ശ്രീകുമാറായിരുന്നു സംവിധാനം. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് കണ്ണൂര്‍ രാജനും. നാടകത്തിനായി ലതിക പാടിയ പാട്ട് ബിച്ചു തിരുമല ടേപ്പ് റെക്കോര്‍ഡറില്‍ പകര്‍ത്തി സംവിധായകന്‍ ഐ.വി. ശശിയെ കേള്‍പ്പിച്ചു. സംഗീതവും പാട്ടും അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. 'ഉത്സവം' എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ 'അഭിലാഷം' എന്ന ചിത്രത്തിന്റെ വര്‍ക്കുകളിലായിരുന്നു ഐ.വി. ശശി. കണ്ണൂര്‍ രാജനെ പുതിയ ചിത്രത്തിന്റെ സംഗീത സംവിധായകനായി നിശ്ചയിച്ചതോടെ ലതികയുടെ സിനിമാപ്രവേശവും ഏറെക്കുറെ ഉറപ്പായിരുന്നു.
പക്ഷേ കാര്യങ്ങള്‍ പൊടുന്നനെ മാറി. 'ഉത്സവ'ത്തിന് സംഗീതം ചെയ്ത എ.ടി. ഉമ്മറിന് പ്രതിഫലം മുഴുവന്‍ നല്‍കിയിരുന്നില്ല. അതുകൊണ്ട് 'അഭിലാഷ'ത്തിലും ഉമ്മര്‍ തന്നെ സംഗീതം ചെയ്യട്ടേയെന്ന് നിര്‍മാതാവ് പറഞ്ഞതോടെ, ഐ.വി. ശശിക്ക് അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി. അങ്ങനെ കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ ലതിക പാടിയ പാട്ട് ഉമ്മറിന് വിട്ടുനല്‍കി. അങ്ങനെ ലതിക പാടിയ തുഷാരബിന്ദുക്കളേ... എന്നു തുടങ്ങുന്ന ഗാനം എസ്. ജാനകി വീണ്ടും പാടി. നായികയായിരുന്ന റാണി ചന്ദ്രയെവെച്ച് സീനുകളും പൂര്‍ത്തിയാക്കി. പക്ഷേ, റാണി ചന്ദ്രയുടെ അകാലവിയോഗത്തോടെ പടം മുടങ്ങി. പിന്നീട് ഐ.വി. ശശി സംവിധാനം ചെയ്ത 'ആലിംഗനം' എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ ഈ പാട്ട് ഉള്‍പ്പെടുത്തി. ആ പാട്ടിന് ജാനകിക്കും ഉമ്മറിനും സംസ്ഥാന പുരസ്കാരവും ലഭിച്ചു.
ഗായികയെന്ന നിലയില്‍ അരങ്ങേറ്റം സാധ്യമായില്ലെങ്കിലും, 'ആലിംഗനം' എന്ന ചിത്രത്തിലൂടെ തന്നെ മലയാളം ലതികയുടെ ശബ്ദം കേട്ടു. ചിത്രത്തില്‍ കെ.ജെ. യേശുദാസ് പാടിയ ഹേമന്തം തൊഴുതുണരും എന്ന ഗാനത്തിന് മുന്നോടിയായി കേള്‍ക്കുന്നത് ലതികയുടെ ഹമ്മിങ്ങാണ്. ചിത്രത്തിന്റെ തുടക്കത്തിലും ലതികയുടെ ഹമ്മിങ്ങുകള്‍ കേള്‍ക്കാം. കണ്ണൂര്‍ രാജന്റെ സഹായിയായിരുന്ന, കന്നഡ സംഗീത സംവിധായകനായ ഗുണ സിങ്ങായിരുന്നു 'ആലിംഗന'ത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത്. ലതികയുടെ ആലാപനമികവ് നന്നായി അറിയാമായിരുന്ന ഗുണ സിങ്ങാണ് ആ ശബ്ദം പശ്ചാത്തലഗീതമായി പ്രയോജനപ്പെടുത്തിയത്. അതിനുശേഷമാണ് 1976ല്‍ ഐ.വി. ശശിയുടെ 'അഭിനന്ദനം' എന്ന ചിത്രത്തിലൂടെ ലതിക പിന്നണി ഗായികയാവുന്നത്. കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനൊപ്പം പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി സ്വപ്നമായ് നിദ്രയില്‍ ഞാന്‍ തിളങ്ങീ... എന്ന ഡ്യുയറ്റാണ് പതിനാറാമത്തെ വയസില്‍ ലതിക ആദ്യമായി പാടിയത്.
പിന്നീട് രവീന്ദ്രന്‍, ജോണ്‍സണ്‍, ശ്യാം, എം.കെ. അര്‍ജുനന്‍, ഗുണ സിങ്, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ്.പി. വെങ്കിടേഷ്, ജെറി അമല്‍ദേവ്, രാജാമണി, രമേഷ് നാരായണന്‍ എന്നിങ്ങനെ സംഗീത സംവിധായകര്‍ക്കൊപ്പം രണ്ടായിരം വരെ ലതിക പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. ഔസേപ്പച്ചന്‍ സംഗീത സംവിധായകനായി തുടക്കമിട്ട 'കാതോടു കാതോരം' എന്ന ചിത്രത്തിലെ മൂന്ന് പാട്ടുകളിലും ലതികയുണ്ട്. ദേവദൂതര്‍ പാടി..., നീ എന്‍ സര്‍ഗ സൗന്ദര്യമേ..., കാതോടു കാതോരം... എന്നീ മൂന്നു പാട്ടുകളും അന്നുമിന്നും ഹിറ്റാണ്. 'ചിലമ്പില്‍' ഔസേപ്പച്ചന്റെ ഈണത്തില്‍ പിറന്ന താരും തളിരും മിഴി പൂട്ടി..., എസ്.പി. വെങ്കിടേഷിന്റെ ഈണത്തില്‍ 'രാജാവിന്റെ മകനിലെ' പാടാം ഞാനാ ഗാനം..., ജോണ്‍സന്റെ ഈണത്തില്‍ കണ്‍മണിയേ ആരിരാരോ..., പൂ വേണം പൂപ്പട വേണം..., രവീന്ദ്രന്റെ ഈണത്തില്‍ പിറന്ന ഇത്തിരി നാണം പെണ്ണിന്‍ കവിളിന്..., ഹൃദയരാഗ തന്ത്രി മീട്ടി..., പുലരേ പൂങ്കോടിയില്‍..., പൊൻ പുലരൊളി പൂ വിതറിയ...., ബോംബെ രവിയുടെ ഇണത്തില്‍ ദും ദും ദും ദുന്ദുഭിനാദം നാദം നാദം... എന്നിങ്ങനെ ഒരുപിടി മികച്ച ഗാനങ്ങള്‍ ലതിക മലയാളത്തിന് സമ്മാനിച്ചു. ഇടവേളയ്ക്കുശേഷം 2007ല്‍ രഘുകുമാറിന്റെ ഈണത്തില്‍ പാടിയ ലതിക, 2016ല്‍ 'ഗപ്പി' എന്ന ചിത്രത്തിനായി റഫീക്ക് അഹമ്മദ് എഴുതി, വിഷ്ണു വിജയ് ഈണമിട്ട അതിരലിയും കരകവിയും എന്ന പാട്ടിനുശേഷം പിന്നണിഗാനരംഗത്തുനിന്ന് പിന്മാറി. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ 350ഓളം പാട്ടുകള്‍ ലതിക പാടിയിട്ടുണ്ട്.
ലതികയുടെ പാട്ടിനൊപ്പം പ്രശസ്തമാണ് സിനിമയില്‍ പശ്ചാത്തലത്തില്‍ വന്നുപോകുന്ന ഹമ്മിങ്ങുകള്‍. ഗുണ സിങ് തുടക്കമിട്ട ആ രീതി പിന്നീട് ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ശ്യാം, രവി ബോംബെ തുടങ്ങി വിഷ്ണു വിജയ് വരെയുള്ളവരും പരീക്ഷിച്ചു വിജയിച്ചു. ജോണ്‍സണാണ് ലതികയുടെ ശബ്ദത്തിലെ വൈകാരികതയും വശ്യതയും മലയാളത്തെ കൂടുതല്‍ അനുഭവിപ്പിച്ചത്. 1979ല്‍ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണായിരുന്നു. പാട്ടുകളില്ലാത്ത ചിത്രത്തില്‍, ലതികയുടെ ഹമ്മിങ് കൂടി ഉള്‍പ്പെടുത്തിയാണ് ജോണ്‍സണ്‍ പശ്ചാത്തല സംഗീതമൊരുക്കിയത്. 'വന്ദനം', 'ചിത്രം', 'താളവട്ടം', 'ഒഴിവുകാലം', 'എന്റെ ഉപാസന', 'സന്ദര്‍ഭം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'കേളി' എന്നിങ്ങനെ ചിത്രങ്ങളിലും ജോണ്‍സണ്‍ ലതികയുടെ ശബ്ദം ഉപയോഗിച്ചു. 'വന്ദന'ത്തിന്റെ ക്ലൈമാക്സ് സീനിനെ എലവേറ്റ് ചെയ്യുന്നതായിരുന്നു ലതികയുടെ ഹമ്മിങ്. 'ചിത്ര'ത്തില്‍, എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ എന്ന് മോഹന്‍ലാലിന്റെ വിഷ്ണു ചോദിക്കുമ്പോള്‍, ലതികയുടെ ശബ്ദം മനസിനെ തൊട്ടുതലോടി കടന്നുപോകും. രവി ബോംബെ ഈണമൊരുക്കിയ 'വൈശാലി'യില്‍ ഋശ്യശൃംഗനെ മോഹിപ്പിക്കുന്ന വൈശാലിയെ നാം കാണുന്നത് ലതികയുടെ വശ്യമാര്‍ന്ന ഹമ്മിങ്ങോടെയാണ്. 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രത്തിലെ മുകുന്ദന്റെയും സുമിത്രയുടെയും ഉള്ളിലെ പ്രണയസങ്കീര്‍ണതകളെ ഔസേപ്പച്ചന്‍ നമ്മിലേക്ക് എത്തിച്ചത് ലതികയുടെ ഹമ്മിങ്ങിനെ കൂട്ടുപിടിച്ചാണ്. 'കേളി'യില്‍ നാരായണന്‍കുട്ടിയുടെയും ശ്രീദേവിയുടെയും ഇഷ്ടത്തിന് ഭാവം പകരുന്ന ശബ്ദവും മറ്റാരുടേതുമല്ല.
'ആലിംഗന'ത്തിനൊപ്പം, 'കാണാമറയത്ത്' എന്ന ചിത്രത്തിലും ഗുണ സിങ് ലതികയുടെ ശബ്ദം പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 'ചക്കര ഉമ്മ', 'ഒരു നോക്കു കാണാന്‍', 'ഈ തണലില്‍ ഇത്തിരി നേരം', 'അനുബന്ധം', 'സ്നേഹമുള്ള സിംഹം', 'അക്ഷരങ്ങള്‍' എന്നീ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ശ്യാമും ലതികയുടെ ശബ്ദം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ, ഇത്രയധികം ഹമ്മിങ്ങുകള്‍ പശ്ചാത്തലത്തില്‍ പാടിയ മറ്റൊരു ഗായിക കാണില്ല. പക്ഷേ, പലര്‍ക്കും അക്കാര്യം അറിയില്ലെന്നു മാത്രം. ലതിക പാടിയ പാട്ടുകള്‍ക്കു സംഭവിച്ചതുപോലെ, പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഈ ഹമ്മിങ്ങുകളൊക്കെ മറ്റാരോ പാടിയതാണെന്ന് കരുതുന്നവരും ഏറെയുണ്ട്. ഇതൊക്കെ അറിയാവുന്നവരാകട്ടെ അതൊന്നും തിരുത്താറുമില്ല.
റഫറന്‍സ്: ഹൃദയരാഗ തന്ത്രി മീട്ടി..., ലതിക, ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സ്, 2025