കോളേജ് പഠനകാലത്താണ് മുഹ്സിന്‍ പരാരിയെന്ന മു.രിയുടെ കലാസാഹിത്യസഞ്ചാരത്തിന്റെ തുടക്കം. നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ എന്നിങ്ങനെ ആല്‍ബങ്ങളില്‍ തുടങ്ങിയ കലാജീവിതത്തെ തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ മലയാള ചലച്ചിത്രലോകം അടയാളപ്പെടുത്തിയിട്ട് അധികനാളായിട്ടില്ല. ഫിലിം മേക്കര്‍ എന്നതിനേക്കാള്‍ മലയാളികള്‍ ഒരുപക്ഷേ, ഏറെ ഇഷ്ടപ്പെടുന്നത് മു.രി എന്ന ഗാനരചയിതാവിനെയാവും. പാട്ടെഴുത്തില്‍ മു.രി പിന്തുടരുന്ന ശൈലി ഒന്ന് മാത്രമാണ് അതിന് കാരണം. ആറ് വര്‍ഷത്തിനിടെ മുപ്പതോളം പാട്ടുകള്‍ മാത്രമാണ് മു.രി എഴുതിയിട്ടുള്ളത്. മറ്റാരും പരീക്ഷിക്കാത്തൊരു രചനാശൈലി കൊണ്ട് അവയെല്ലാം ആസ്വാദകരുടെ മനം കവര്‍ന്നിട്ടുണ്ട്.
വിവിധ ഭാഷയും, സംസ്കാരവുമൊക്കെ ചേര്‍ത്തിണക്കുന്നതാണ് മു.രിയുടെ രചനകള്‍. അറബി മലയാളമോ, ബഷീറിയന്‍ പദപ്രയോഗമോ, വാമൊഴിയോ ഒക്കെ അതില്‍ കണ്ടെടുക്കാം. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍, കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ പ്രൊമോഷന്‍ ഗാനത്തിലേക്ക് എത്തുമ്പോഴും അത് ദൃശ്യമാണ്. ജേക്സ് ബിജോയിയുടെ ഈണത്തില്‍ നൂറാന്‍ സിസ്റ്റേഴ്സിലെ ജ്യോതിയുടെ ശബ്ദത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്ന പാട്ട് മു.രിയുടെ രചന കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ലോകയിലേക്കുള്ള വരവ്, രചനാശൈലി, പാട്ടിന്റെ സങ്കല്പം, അര്‍ത്ഥം എന്നിവയെക്കുറിച്ച് മുഹ്സിന്‍ പരാരി ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
ലോകയിലേക്കുള്ള വരവ്
സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്, സംവിധായകന്‍ ഡൊമിനിക് അരുണ്‍, തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ലോകയിലേക്ക് ക്ഷണിക്കുന്നത്. എന്ത് തരത്തിലുള്ള പാട്ടാണ്, വരികളാണ് വേണ്ടതെന്ന കാര്യത്തില്‍ അവര്‍ക്ക് ക്ലാരിറ്റി ഉണ്ടായിരുന്നു. ശാന്തി അത് സംബന്ധിച്ചൊരു നോട്ടും നല്‍കിയിരുന്നു. എന്തുതരം സൗണ്ടിങ് ആണ് വേണ്ടതെന്ന് ജേക്സിന് നല്ല ധാരണയുണ്ടായിരുന്നു. അക്കാര്യം ജേക്സ് പങ്കുവെച്ചു. ഫിലോസഫിക്കലി എങ്ങനെയാണെന്നും, ഫെമിനൈന്‍ സ്പിരിറ്റ് എങ്ങനെ പോര്‍ട്രൈ ചെയ്യണം എന്നതും സംബന്ധിച്ചും ശാന്തിയുടെ ഭാഗത്തുനിന്നും ഇന്‍സ്ട്രക്ഷന്‍സ് ഉണ്ടായിരുന്നു. അങ്ങനെയാണ് അത് സാധ്യമായത്.
ലോകയുടെ കഥ തന്നെയല്ലേ വരികള്‍?
സ്റ്റോറി എന്ന നിലയിലല്ല പാട്ട് ചെയ്തിരിക്കുന്നത്. ക്യാരക്ടര്‍ ഡീറ്റെയ്‌ല്‍സ് മാത്രമാണ് വരികളിലുള്ളത്. എന്തൊക്കെ ക്യാരക്ടറാണ് ചിത്രത്തിലുള്ളതെന്ന് അവര്‍ കൃത്യമായി ബ്രീഫ് ചെയ്തിരുന്നു. അതില്‍ നിന്നാണ് വരികളുണ്ടായത്. യൂണിവേഴ്സലായ ക്യാരക്ടറിനെ കുറിച്ചാകുമ്പോള്‍, വരികളില്‍ അത് സ്വഭാവികമായി വന്നുപോകുന്നതാണ്. ഒരാളുടെ ഗ്ലോറിഫിക്കേഷന്‍ എന്നതിലുപരി ഫെമിനൈന്‍ സ്പിരിറ്റ് സ്വയം ഡിക്ലയര്‍ ചെയ്യുന്ന തരത്തിലാണ് പാട്ട് പ്ലേയ്സ് ചെയ്തിരിക്കുന്നത്. അതായിരുന്നു ആവശ്യം.
മലയാളത്തില്‍ ജ്യോതിയുടെ ശബ്ദം
അത് ജേക്സിന്റെ വിഷനാണ്. ജേക്സ് ആദ്യം തന്നെ ഒരു സൗണ്ട് കള്‍ച്ചര്‍ തീരുമാനിച്ചിട്ടുണ്ടാകും. ഏത് ഡിക്ഷനിലാണ് വരണ്ടേത്, ഏത് തരത്തിലുള്ള വോക്കല്‍ വരുമ്പോഴായിരിക്കും ടോട്ടല്‍ ഔട്ട്പുട്ട് കിട്ടുക എന്നൊക്കെ തീരുമാനിച്ചശേഷമാകും ലിറിക്കല്‍ കള്‍ച്ചര്‍ എന്തായിക്കണമെന്ന് തീരുമാനിക്കുന്നത്. അക്കാര്യത്തില്‍ വളരെ വ്യക്തമായൊരു വിഷന്‍ ജേക്സിന് ഉണ്ടായിരുന്നു. ആദ്യ കേള്‍വിയില്‍ ഒരു ജിബറിഷ് സൗണ്ടിങ് (എളുപ്പത്തില്‍ മനസിലാകാത്ത തരത്തിലുള്ള) ആയിരിക്കണം, വരികളുടെ അര്‍ഥവും മറ്റും ആളുകള്‍ക്ക് പിന്നീട് ഡീകോഡ് ചെയ്യാന്‍ പറ്റിയാല്‍ മതി എന്നതായിരുന്നു ചിന്ത. ലോകയുടെ മൊത്തം അപ്പീലിന് അത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് ജ്യോതി നൂറാന്റെ ശബ്ദവും വരികളുമൊക്കെ ചേര്‍ത്തുവെച്ചത്.
പാട്ടിന്റെ അര്‍ഥം തിരയുന്നവരോട്
പാട്ടിന്റെ കോണ്‍സെപ്റ്റ് നോട്ടും, എന്താണ് ഫിലോസഫി എന്ന കാര്യവുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പിന്നീട് പബ്ലിഷ് ചെയ്തിരുന്നു. ലിറിക്സ് എങ്ങനെ വേണം എന്നതു സംബന്ധിച്ച് ശാന്തി തന്ന നോട്ട്സും പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നു. പാട്ടിന് സബ്ടൈറ്റിലും നല്‍കിയിട്ടുണ്ട്. വരികളും, പ്രയോഗങ്ങളുമൊക്കെ അങ്ങനെ തന്നെ കിട്ടിയില്ലെങ്കിലും, ഇതില്‍ നിന്നെല്ലാം കേള്‍വിക്കാര്‍ക്ക് അര്‍ഥം വായിച്ചെടുക്കാനാകും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ബാക്കി കേള്‍വിക്കാര്‍ കൂടി ചിന്തിക്കട്ടെ. അവര്‍ക്കെങ്ങനെ അതില്‍നിന്ന് കിട്ടുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
വരികളിലെ അറബി മലയാളം, തമിഴ്, ഇംഗ്ലീഷ്
മലബാര്‍ ഫോക്കിലൊക്കെ കേട്ടുവരുന്ന പ്രയോഗങ്ങള്‍ തന്നെയാണ് രചനകളില്‍ കൊണ്ടുവരാറുള്ളത്. ലോകയിലും അങ്ങനെ തന്നെയാണുള്ളത്. കേരളം എന്നത് പല സംസ്കാരങ്ങള്‍ നിറഞ്ഞ ഒരു ക്രോസ് റോഡ് പോലെയാണ്. മലബാര്‍ ഭാഷ, തെക്കന്‍ ഭാഷ, വടക്കന്‍ ഭാഷ എന്നിങ്ങനെ ഭാഷയുടെ വേര്‍തിരിവോ, കടമ്പകളോ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. അതൊക്കെ ഇതിനോടകം മാറിക്കഴിഞ്ഞു. സിനിമയ്ക്കും അത്തരം ബാരിയേഴ്സ് ഒന്നുമില്ല. അതിനെക്കുറിച്ചൊന്നും ആരും ഇപ്പോള്‍ ചിന്തിക്കുന്നതുമില്ല. അതിങ്ങനെ ക്രോസ് ഓവര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാവരിലേക്കും എല്ലാ ഡയലക്ടും, സ്ലാങ്ങുമൊക്കെ വന്നുചേരുന്നുണ്ട്.
ലോകയില്‍ മ്യൂസിക് ഡയറക്ടര്‍ ആവശ്യപ്പെടുന്ന സൗണ്ടിങ്ങിനായിരുന്നു ഫസ്റ്റ് പ്രിയോറിറ്റി. ചില വാക്കുകള്‍ വരുമ്പോള്‍ മ്യൂസിക്കിന്റെ ഇന്റന്‍ഷന്‍ നഷ്ടപ്പെട്ടുപോകും. സൗണ്ടിങ്ങിനനുസരിച്ച് വാക്കുകള്‍ ചേര്‍ത്തുവെയ്ക്കുകയായിരുന്നു. പല വാക്കുകള്‍, പലയിടത്തുനിന്ന് എടുക്കുന്നത് അങ്ങനെയാണ്. അപ്പോഴും, ശാന്തി തന്ന നോട്സ് മെയിന്റയിന്‍ ചെയ്യേണ്ടതുമുണ്ടായിരുന്നു. താങ്ക്ഫുള്ളി, അത് വര്‍ക്കൗട്ടായി.
വരികളിലെ ബഷീറിയന്‍ ശൈലി
സൈബര്‍ ഇടത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. അതൊക്കെ എക്സാജറേഷന്‍ മാത്രമാണ്. വലിയ പ്രതിഭകളുമായി താരതമ്യം ചെയ്യുന്നതൊന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
നടുപ്പേജും വിമര്‍ശനങ്ങളും
അതൊരു ട്രിക്കിയായിട്ടൊരു ലൈന്‍ തന്നെയാണ്. അങ്ങനെയൊരു ഇമേജറി തന്നെയാണ് ഉദ്ദേശിച്ചത്. ഇത്തരം ഫീഡ്ബാക്കും പ്രതീക്ഷിച്ചിരുന്നു. വക്ക് പൊട്ടിയ പാട്ടെഴുത്ത് തന്നെയായാണ് ഉദ്ദേശിക്കുന്നത്. ഒരു വികടകവിത എന്നാണ് അതിനെ മനസിലാക്കുന്നത്, അല്ലാതെ ഉത്തമ കവിതയായിട്ടല്ല.