ധ്യാന്‍ ശ്രീനിവാസന്‍, ദില്‍ന രാമകൃഷ്ണന്‍ Source: News Malayalam 24X7
MUSIC

ബേണി-ടാന്‍സന്‍ കൂട്ടുകെട്ടില്‍ ഇടനെഞ്ചിലെ മോഹവുമായി...; ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്

മലയാള സിനിമയില്‍ ഒരുപിടി ഹിറ്റ് ഗാനങ്ങളൊരുക്കിയ ബേണി-ഇഗ്‌നേഷ്യസ്‍ കൂട്ടുകെട്ടിലെ ബേണിയും മകന്‍ ടാന്‍സനും ചേര്‍ന്നാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരു വടക്കന്‍ തേരോട്ടത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. ഇടനെഞ്ചിലെ മോഹവുമായി... എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. യുവഗായകരില്‍ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജ ദിനേശുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹസീനാ എസ്. കാനത്തിന്റേതാണ് വരികള്‍. മലയാള സിനിമയില്‍ ഒരുപിടി ഹിറ്റ് ഗാനങ്ങളൊരുക്കിയ ബേണി-ഇഗ്‌നേഷ്യസ്‍ കൂട്ടുകെട്ടിലെ ബേണിയും മകന്‍ ടാന്‍സനും ചേര്‍ന്നാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. അച്ഛനും മകനും ഒരുമിച്ച് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിനുശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ബി.ടെക് ബിരുദം നേടിയിട്ടും, വൈറ്റ് കോളര്‍ ജോലി ആഗ്രഹിക്കാതെ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വടകര, കോഴിക്കോട്, ഒറ്റപ്പാലം ഭാഗങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സാധാരണക്കാരായ ജനങ്ങളുടെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ദില്‍ന രാമകൃഷ്ണനാണ് നായിക. മാളവികാ മേനോൻ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, മറിമായം ഫെയിം സലിം ഹസ്സൻ, ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ, ദിനേശ് പണിക്കർ, ദിലീപ് മേനോൻ, നാരായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ, സംവിധായകന്‍ മനു സുധാകർ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ എ.ആർ. ബിനു രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സനു അശോകിന്റേതാണ് തിരക്കഥ. സൂര്യ എന്‍. സുഭാഷ്, ജോബിൻ വർഗീസ് എന്നിവരാണ് നിര്‍മാതാക്കള്‍. ഛായാഗ്രഹണം പവി കെ. പവൻ. കൈതപ്രമാണ് മറ്റൊരു ഗാന രചയിതാവ്. എഡിറ്റിങ് ജിതിൻ, കലാസംവിധാനം ബോബൻ, പ്രൊഡക്ഷൻ കൺട്രോളർ - എസ്.കെ. എസ്തപ്പാൻ, പിആര്‍ഒ വാഴൂർ ജോസ്.

SCROLL FOR NEXT