
ഒരിക്കല്‍ കൂടി തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ് അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ഛോട്ടാ മുംബൈ. 2007 ല്‍ റിലീസ് ചെയ്ത ചിത്രം 4 കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ റീറിലീസിന് എത്തിയപ്പോള്‍ പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്.
മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം തിയേറ്ററിലെത്തി ചിത്രം ആഘോഷമാക്കി മാറ്റി. രണ്ടാം വരവിലും വന്‍ വരവേല്‍പ്പാണ് അന്‍വര്‍ റഷീദിന്റെ രണ്ടാമത്തെ സിനിമയ്ക്ക് ലഭിച്ചത്. തിയേറ്ററില്‍ സിനിമ ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഇപ്പോള്‍ യൂട്യൂബിലും ഛോട്ടാ മുംബൈ തരംഗമാണ്. സിനിമയിലെ ഗാനങ്ങളെല്ലാം യൂട്യുബില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. 'ചെട്ടിക്കുളങ്ങര' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തിറങ്ങിയത്. ഒമ്പത് ദിവസം മുമ്പിറങ്ങിയ ഗാനം ഇപ്പോള്‍ ട്രന്റിങ്ങില്‍ ഏഴാമതാണ്.
ഇതിനു ശേഷം സിനിമയിലെ സൂപ്പര്‍ ഹിറ്റായ 'വാസ്‌കോഡ ഗാമ', 'തലാ'... എന്നീ പാട്ടുകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മൂന്ന് ദിവസം മുമ്പാണ് 'തലാ' എന്ന പാട്ട് യൂട്യൂബില്‍ എത്തിയത്. ട്രെന്റിങ്ങില്‍ രണ്ടാമതാണ് ഈ പാട്ട്. യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതുള്ളത് 'വാസ്‌കോഡ ഗാമ' എന്ന ഗാനമാണ്. ഇതോടെ ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂട്യൂബ് ട്രെന്റിങ് പട്ടികയില്‍ ഇടംനേടി.
രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 'തലാ, വാസ്‌കോഡ ഗാമ' എന്നീ പാട്ടുകള്‍ എഴുതിയത് വയലാര്‍ ശരത് ചന്ദ്ര വര്‍മയാണ്.
ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയില്‍ നിന്നും മലയാളത്തിലെ റീ റിലീസ് റെക്കോര്‍ഡുകളില്‍ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്‍വര്‍ റഷീദ് രണ്ടാമതായി സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 2007 ഏപ്രിലിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം ജഗതി ശ്രീകുമാര്‍, സിദ്ദീഖ്, മണിക്കുട്ടന്‍, ഭാവന, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, സായികുമാര്‍, ബിജുക്കുട്ടന്‍, രാജന്‍ പി. ദേവ്, വിനായകന്‍, മല്ലിക സുകുമാരന്‍ അങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വലിയൊരു നിരയും ചിത്രത്തിലുണ്ടായിരുന്നു.