യൂട്യൂബിൽ ഒരു ബില്യൺ (നൂറു കോടി) വ്യൂസ് ലഭിച്ച ആദ്യ പാകിസ്ഥാനി മ്യൂസിക് വീഡിയോയായി 'പസൂരി'. 2022 ഫെബ്രുവരി ഏഴിനാണ് അലി സേതിയും ഷേ ഗില്ലും ചേർന്ന് പാടിയ ഈ ഹിറ്റ് ഡ്യുയറ്റ് പുറത്തിറങ്ങിയത്. കോക് സ്റ്റുഡിയോ പാകിസ്ഥാൻ സീസൺ 14ന്റെ ഭാഗമായി പുറത്തിറക്കിയ ഗാനം റിലീസ് ചെയ്ത് ഉടൻ തന്നെ വൻ തരംഗമായി മാറുകയായിരുന്നു.
ഈ നേട്ടം കൈവരിക്കാൻ സഹായിച്ച ആരാധകർക്ക് ഇൻസ്റ്റഗ്രാം റീലിലൂടെ അലി സേതിയും ഷേ ഗില്ലും സംഗീത നിർമാതാക്കളായ സുൽഫിക്കർ ഖാൻ (സൂൽഫി), അബ്ദുള്ള സിദ്ദിഖി എന്നിവരും നന്ദി അറിയിച്ചു. പുറത്തിറങ്ങിയ വർഷം സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട പാകിസ്ഥാനി ഗാനമായിരുന്നു 'പസൂരി'. പ്ലാറ്റ്‌ഫോമിൽ ഏകദേശം 405 ദശലക്ഷം സ്ട്രീമുകളുള്ള ഈ ഗാനം ഇന്നും അലി സേതിയുടെയും ഷേ ഗില്ലിന്റെയും ഏറ്റവും കൂടുതൽ ആളുകൾ കേട്ട പാട്ടുകളിൽ ഒന്നാണ്.
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച 'പസൂരി' നിരവധി കവർ പതിപ്പുകൾക്ക് പ്രചോദനമായിട്ടുണ്ട്. ഡിസ്‌നിയുടെ 'മിസ് മാർവൽ' എന്ന പരമ്പരയുടെ സൗണ്ട് ട്രാക്കിലും ഈ ഗാനം ഇടംപിടിച്ചിരുന്നു. കൂടാതെ, കോക്ക് സ്റ്റുഡിയോ ആഫ്രിക്കയുടെ സഹകരണത്തോടെ നൈജീരിയൻ അഫ്രോബീറ്റ്സ് ശൈലിയിൽ അലി സേതി, മർവാൻ മൂസ, റീകാഡോ ബാങ്ക്സ് എന്നിവർ ചേർന്ന് ഈ ഗാനം റീമിക്സും ചെയ്തിരുന്നു. കാർത്തിക് ആര്യൻ, കിയാര അദ്വാനി എന്നിവരുടെ 'സത്യപ്രേം കി കത' (2023) എന്ന ഹിന്ദി ചിത്രത്തിലും ഈ ഗാനം ഉപയോഗിച്ചിരുന്നു. അരിജിത് സിങ്ങും തുൾസി കുമാറുമാണ് ഈ പതിപ്പ് പാടിയത്.