പീയുഷ് പാണ്ഡേ Source: News Malayalam 24X7
MUSIC

മിലേ സുര്‍ മേരാ തുമാരാ...; പീയുഷ് പാണ്ഡേയുടെ ഗ്രാഫ് മാറ്റിയ ഇന്ത്യയുടെ 'ദേശഗാനം'

ഇന്ത്യ കണ്ട വിഖ്യാത പരസ്യചിത്രങ്ങളുടെ പിന്നണിയിലേക്ക് പാണ്ഡേയെ കൊണ്ടെത്തിച്ചത് മിലേ സുര്‍ ആയിരുന്നുവെന്ന് പറയാം.

Author : എസ്. ഷാനവാസ്

അയ്യോ ശ്രദ്ധ എന്ന പേരില്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി ചെയ്യുന്ന ശ്രദ്ധ ജെയിനിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ മിലെ സുര്‍ മേരാ തുമാരാ എന്ന ദേശീയോദ്ഗ്രഥന ഗാനത്തെക്കുറിച്ചായിരുന്നു ശ്രദ്ധ അതില്‍ പറഞ്ഞത്. സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ശ്രദ്ധയുടെ തുടക്കം. എല്ലാവര്‍ക്കും മിലെ സുര്‍ മേരാ തുമാരായുടെ അന്തസത്ത ഉള്‍ക്കൊള്ളാനാകട്ടെ എന്നായിരുന്നു ശ്രദ്ധയുടെ സ്വാതന്ത്ര്യദിന ആശംസ. പാട്ടിന്റെ ആദ്യ വരി തുടങ്ങുന്നത് ശ്രദ്ധയും അവസാനിപ്പിക്കുന്നത് ഓഡിയന്‍സും ആയിരുന്നു എന്നതും ശ്രദ്ധേയം. ഇന്ത്യക്കാരുടെ മനസില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് ആ പാട്ട്.

"വളരെ മനോഹരമായ ഗാനം, വളരെ മനോഹരമായ പ്രൊഡക്ഷന്‍. ഈ പാട്ടിന് നന്ദി. എനിക്ക് മിക്ക ഇന്ത്യന്‍ ഭാഷകളിലും രണ്ട് വരിയെങ്കിലും സംസാരിക്കാന്‍ സാധിക്കും" -എന്ന് പറഞ്ഞായിരുന്നു തുടക്കം. എനിക്ക് കശ്മീരി അറിയില്ലെന്ന് പറയുന്ന ശ്രദ്ധ മിലേ സുറിലെ കശ്മീരി വരി പാടുന്നുണ്ട്. "സബ് ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ ആ വാക്കുകളുടെ അര്‍ത്ഥം എനിക്കറിയാം.. എല്ലാ ദിവസവും അത് കേട്ടാണ് വളര്‍ന്നത്, ഒരിക്കല്‍പോലും അത് മടുത്തിരുന്നില്ല. അത്തരമൊരു പാട്ട് ഇപ്പോള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍... ആകെ കുഴപ്പം, വിവാദം".

ഭാഷാ വിവാദത്തെ കളിയാക്കിക്കൊണ്ട് തുടരുന്ന ശ്രദ്ധ, പാട്ടില്‍ ഓരോ ഭാഷയും എത്ര വരികളില്‍ വന്നുപോകുന്നു എന്നതും രസകരമായി പറയുന്നുണ്ട്. "മറ്റ് ഭാഷയിലെ വരികള്‍ കൂടി ഞങ്ങളുടെ ഭാഷയിലെ വരി കുറഞ്ഞു എന്നാരും അന്ന് പറഞ്ഞില്ല. ഒരു കുഴപ്പവുമുണ്ടായില്ല. ഇന്നായിരുന്നെങ്കില്‍, ഞാനെന്തിനാ നിങ്ങളുടെ ഭാഷ പറയുന്നത്? എന്നൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായേനെ" എന്നിങ്ങനെ പറയുന്ന ശ്രദ്ധ "നിങ്ങളുടെ ഭാഷ ഞാന്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, പരസ്പരം മനസിലാക്കുക എന്നതാണ് ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ ശക്തി. മിലേ സുര്‍ മേരാ തുമാരായിലൂടെ അത് ഒരിക്കല്‍ കൂടി തിരിച്ചറിയണമെന്ന" അഭ്യര്‍ഥനയോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ശ്രദ്ധ പറഞ്ഞതുപോലെ, എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയൊരു ഗാനമാണ് മിലെ സുര്‍ മേരാ തുമാരാ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ അന്നുണ്ടായിരുന്ന ഭാഷകളില്‍ വരികളെഴുതി ചേര്‍ത്തൊരു സുന്ദരകാവ്യം. ഹിന്ദി, കശ്മീരി, പഞ്ചാബി, സിന്ധി, ഉര്‍ദു, തമിഴ്, കന്നഡ, തെലുഗു, മലയാളം, ബംഗ്ല, അസമീസ്, ഒഡിയ, ഗുജറാത്തി, മറാഠി എന്നിങ്ങനെ 14 ഭാഷകളിലാണ് വരികള്‍. മിലേ സുർ മേരാ തുമാരാ... തോ സുർ ബനേ ഹമാരാ എന്ന വരിയോ അര്‍ഥവിന്യാസമോ ആണ് ഇത്രയും ഭാഷകളില്‍ ആവര്‍ത്തിക്കുന്നത്. 'എന്റെ സ്വരവും നിങ്ങളുടെ സ്വരവും, ഒത്തുചേർന്നു നമ്മുടെ സ്വരമായ്' എന്നാണ് മലയാളത്തിലെ വരികള്‍. ഇന്ത്യയുടെ ഭാഷാ, സാംസ്കാരിക, പ്രാദേശിക വൈവിധ്യവും ഐക്യവും ചിത്രീകരിക്കുന്നതിലും പരസ്യപ്പെടുത്തുന്നതിലും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം മിലേ സുര്‍ സ്വന്തമാക്കി. വിഖ്യാത പരസ്യചിത്ര സംവിധായകന്‍ കൈലാഷ് സുരേന്ദ്രനാഥ് ആയിരുന്നു വീഡിയോ ഒരുക്കിയത്. പണ്ഡിറ്റ് ഭീം സെന്‍ ജോഷി സംഗീതത്തിന് മേല്‍നോട്ടം വഹിച്ച് ലൂയിസ് ബാങ്ക് ഈണമിട്ട ഗാനത്തിന് വരികളെഴുതിയത് പീയുഷ് പാണ്ഡേയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും സുഹൃത്ത് കൂടിയായ ഒഗില്‍വി ആന്‍ഡ് മേത്തറിലെ സീനിയര്‍ എക്സിക്യൂട്ടീവ് ആയ ജയ്‌ദീപ് സമര്‍ഥും തമ്മിലുള്ള സംഭാഷണമാണ് ഗാനത്തിന്റെ പിറവിക്ക് കാരണമായത്. ലോക് സേവാ സഞ്ചാര്‍ പരിഷതായിരുന്നു ആളുകള്‍ ഇഷ്ടപ്പെടുന്ന, സന്തോഷിക്കുന്ന ഒരു ഗാനം എന്നതിനപ്പുറം രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നൊരു ഗാനം എന്ന ആശയം മുന്നോട്ടുവച്ചത്. ഇന്ത്യയുടെ ഭാഷാ, സംസ്കാര, പ്രാദേശിക വൈവിധ്യത്തിനുമേല്‍ പ്രകടമായ ഏകത്വത്തെ വെളിപ്പെടുത്തുന്ന വരികളും അതിനുള്ള ദൃശ്യങ്ങളും ഉള്‍പ്പെടുന്ന ഗാനം എന്നതായിരുന്നു വിവരണം. ജയ്‌ദീപ് അതിന്റെ ചുമതല സുരേന്ദ്രനാഥിനെ ഏല്‍പ്പിച്ചു.

പണ്ഡിറ്റ് വിനോദ് ശര്‍മയെയാണ് വരികളെഴുതാന്‍ നിശ്ചയിച്ചിരുന്നത്. അക്കാര്യം നോക്കാനായി ഏല്‍പ്പിച്ചിരുന്നത് അന്ന് ഒഗില്‍വിയില്‍ അക്കൗണ്ട് മാനേജരായിരുന്ന പീയുഷ് പാണ്ഡേയെ ആയിരുന്നു. പക്ഷേ, കാര്യങ്ങള്‍ക്ക് കാലതാമസം വരുന്നുണ്ടെന്ന് മനസിലാക്കിയ പാണ്ഡെ സ്വയം തയ്യാറായി വരികളെഴുതുകയായിരുന്നു. ആദ്യം എഴുതിയ വരികള്‍ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസൃതമായി പല തവണ പാണ്ഡേയ്ക്ക് തിരുത്തേണ്ടിവന്നു. 17 തവണയോളം തിരുത്തിയെഴുതിയ ശേഷമാണ് വരികള്‍ തീര്‍ച്ചപ്പെടുത്തിയത്. രാജ്യമെങ്ങും സഞ്ചരിച്ച്, പ്രകൃതിയും, സാധാരണക്കാരും, വിവിധ മേഖലകളില്‍ പ്രശസ്തരായവരെയും സന്ദര്‍ശിച്ചും ചിത്രീകരിച്ചും, ആറ് മാസംകൊണ്ടാണ് സുരേന്ദ്രനാഥ് വീഡിയോ പൂര്‍ത്തിയാക്കിയത്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിനൊപ്പം, നാടന്‍ ശീലുകളുമൊക്കെ ചേര്‍ത്താണ് ഗാനമൊരുക്കിയത്.

1988ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചെങ്കോട്ട പ്രസംഗത്തിനു പിന്നാലെ ദൂരദര്‍ശനില്‍ ഗാനം പ്രക്ഷേപണം ചെയ്തു. ഭീം സെന്‍ ജോഷിക്കൊപ്പം ബാലമുരളീകൃഷ്ണ, ലത മങ്കേഷ്കര്‍, സുചിത്ര മിത്ര, കവിത കൃഷ്ണമൂര്‍ത്തി, അഭിനേതാക്കളായ കമല്‍ ഹാസന്‍, രേവതി, അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ജിതേന്ദ്ര, വാഹീദ റഹ്മാന്‍, ഹേമ മാലിനി, തനുജ, ഷര്‍മിള ടാഗോര്‍, ഷബ്ന ആസ്മി, ദീപ സാഹി, ഓം പുരി, ദിന പഥക്, മീനാക്ഷി ശേഷാദ്രി, നര്‍ത്തകി മല്ലിക സാരാഭായ്, കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ, സംവിധായകന്‍ മൃണാള്‍ സെന്‍, എഴുത്തുകാരായ സുനില്‍ ഗംഗോപാധ്യായ് കായികമേഖലയില്‍നിന്ന് നരേന്ദ്ര ഹിര്‍മാനി, എസ് വെങ്കട്ടരാഘവന്‍, പ്രകാശ് പദുക്കോണ്‍, രാമനാഥന്‍ കൃഷ്ണന്‍, അരുണ്‍ ലാല്‍, പി.കെ ബാനര്‍ജി, ചുനി ഗോസ്വാമി, സയീദ് കിര്‍മാനി, ലെസ്‌ലി ക്ലൗഡിസ്, ഗുര്‍ബക്സ് സിങ് എന്നിങ്ങനെ പ്രശസ്തര്‍ 16 മിനിറ്റ് 17 സെക്കന്‍ഡുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.

മിലേ സുര്‍ മേരാ തുമാരാ പാണ്ഡേയുടെ തല വര മാറ്റിയെഴുതി. പാട്ടിന്റെ ജനപ്രിയതയ്ക്കൊപ്പം പാണ്ഡേയുടെ പേരും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇന്ത്യ കണ്ട വിഖ്യാത പരസ്യചിത്രങ്ങളുടെ പിന്നണിയിലേക്ക് പാണ്ഡേയെ കൊണ്ടെത്തിച്ചത് മിലേ സുര്‍ ആയിരുന്നുവെന്ന് പറയാം. 1982ല്‍ ഒഗില്‍വിയില്‍ ക്ലയന്റ് സര്‍വീസിങ് എക്സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിച്ച പാണ്ഡേ, ആറ് വര്‍ഷത്തിനിപ്പുറം അതിന്റെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റില്‍ ഇടംപിടിച്ചു. ഒന്നിനു പിറകെ ഒന്നായി ജനപ്രിയ പരസ്യചിത്രങ്ങള്‍ പിറവിയെടുത്തു. പടിഞ്ഞാറന്‍ പരസ്യചിത്ര ശൈലിയും ആഖ്യാനങ്ങളും മാത്രം കണ്ടുശീലിച്ചവരിലേക്ക് ലളിതവും സുന്ദരവുമായ തദ്ദേശീയ മാതൃക സൃഷ്ടിച്ചെടുക്കുകയായിരുന്നു പാണ്ഡേ.

ഫെവിക്കോള്‍ ഒരു ബ്രാന്‍ഡായി പിറവിയെടുത്തതില്‍ പാണ്ഡേയുടെ പരസ്യചിത്രങ്ങള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവരുടെ ഓര്‍മകളിലേക്ക് അത് അത്രവേഗം പടര്‍ന്നേറിയിരുന്നു. ഗുജറാത്ത് ടൂറിസം, ദി ഹിന്ദു, ഏഷ്യന്‍ പെയിന്റ്സ്, വൊഡാഫോണ്‍, കാഡ്ബറി ഡയറി മില്‍ക്ക്, ഫെവിക്വിക്ക് തുടങ്ങി അബ്‌കി ബാര്‍ മോദി സര്‍ക്കാര്‍ വരെ നീളുന്നു പാണ്ഡേയുടെ ക്രിയേറ്റിവിറ്റി. ഒഗില്‍വിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആയി വളര്‍ച്ചയുടെ പടവുകളേറുന്നതിനിടെ ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങളും പാണ്ഡേയെ തേടിയെത്തി. ഒഗില്‍വി ആന്‍ഡ് മേത്തറിന്റെ പരസ്യചിത്രങ്ങള്‍ പല തവണ കാനില്‍ പുരസ്കാരങ്ങള്‍ നേടി. കാനില്‍ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനെ, 2016ല്‍ പദ്മശ്രീ നല്‍കിയാണ് രാജ്യം ആദരിച്ചത്.

ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ദേശീയ വികാരത്തെ വാക്കുകളില്‍ വരച്ചിടാന്‍ പാണ്ഡേയ്ക്ക് കഴിഞ്ഞു എന്നതായിരുന്നു മിലേ സുറിന്റെ ജനപ്രിയതയ്ക്ക് കാരണം. ആറ് മിനിറ്റില്‍ രാജ്യത്തെ വിവിധ ഭാഷയും സംസ്കാരവുമൊക്കെ ഇടകലര്‍ന്നൊരു കലാസൃഷ്ടി അങ്ങനെ രാജ്യത്തെ 'അനൗദ്യോഗിക ദേശഗാനമായി' മാറി. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി ദൂരദര്‍ശന്‍ കാണിച്ച ഗാനം കാലാന്തരത്തില്‍ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തി. 2010ല്‍ പുതിയ ഗായകരെയും പ്രശസ്തരെയും അണി നിര്‍ത്തി മിലേ സുര്‍ (ഫിര്‍ മിലേ സുര്‍) പുനരാവിഷ്കരിച്ചിരുന്നു. എന്നാല്‍, പഴയതിനെ വെല്ലുവിളിക്കാന്‍ അതിന് സാധിച്ചില്ല. നൊസ്റ്റാള്‍ജിയ എന്നതിനപ്പുറം മിലേ സുര്‍ ഒരു വികാരമായാണ് കേള്‍വിക്കാരിലേക്ക് പടര്‍ന്നത്. ശ്രദ്ധ പറയുംപോലെ, 14 ഭാഷകളില്‍ രണ്ട് വരിയെങ്കിലും ഇന്ത്യക്കാരനെ പഠിപ്പിച്ച ഗാനം. എന്നും കേട്ടാലും മടുക്കാത്തൊരു കലാസൃഷ്ടി.

SCROLL FOR NEXT