റാപ്പര്‍ വേടന്‍ Source: News Malayalam 24X7
MUSIC

'ഭൂമി, ഞാന്‍ വാഴുന്നിടം'; വേടന്റെ വരികള്‍ പാഠമാകുമ്പോള്‍

വേടന്റെ പാട്ടും പറച്ചിലുമെല്ലാം ജാതിവാദം മാത്രമാണെന്നും, ജാതി ഭീകരതയാണ് ഉയര്‍ത്തിവിടുന്നതെന്നുമുള്ള വലതുപക്ഷ ആരോപണങ്ങളെക്കൂടി പൊളിച്ചടുക്കുന്നതാണ് 'ഭൂമി, ഞാന്‍ വാഴുന്നിടം' എന്ന പാട്ട്.

Author : എസ് ഷാനവാസ്

സമകാലീന യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് വേടന്റെ (ഹിരണ്‍ദാസ് മുരളി) 'ഭൂമി, ഞാന്‍ വാഴുന്നിടം' എന്ന റാപ്പ് സോങ്. അതാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബിരുദ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്ററിൽ, താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തില്‍ മൈക്കിള്‍ ജാക്‌സന്റെ 'They don't care about us' എന്ന ആല്‍ബം സോങ്ങിനൊപ്പമാണ് വേടന്റെ പാട്ടും പഠിപ്പിക്കുന്നത്. അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് ഉദ്ദേശ്യം. മതവും വര്‍ഗീയതയും, അഭയാര്‍ഥി ജീവിതവും ആഭ്യന്തര-വംശീയ സംഘര്‍ഷങ്ങളുമൊക്കെ ലോകജനതയെ സാരമായി തന്നെ ബാധിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെയാണ് വേടന്‍ വരികളിലൂടെ ഓര്‍മപ്പെടുത്തുന്നത്. വേടന്റെ പാട്ടും പറച്ചിലുമെല്ലാം ജാതിവാദം മാത്രമാണെന്നും, ജാതി ഭീകരതയാണ് ഉയര്‍ത്തിവിടുന്നതെന്നുമുള്ള വലതുപക്ഷ ആരോപണങ്ങളെക്കൂടി പൊളിച്ചടുക്കുന്നതാണ് 'ഭൂമി, ഞാന്‍ വാഴുന്നിടം' എന്ന പാട്ട്.

സിറിയയിലെ ആഭ്യന്തര പ്രതിസന്ധിയുടെ ആഴം പറഞ്ഞാണ് പാട്ടിന്റെ തുടക്കം. സിറിയ, നിൻ മാറിലെ മുറിവിൽ ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ എന്നാണ് വരികള്‍ തുടങ്ങുന്നത്. അത് പിന്നീട് കേള്‍വിക്കാരെ പതുക്കെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. രണ്ട് ശാക്തിക ചേരികളിലേക്ക് വിഭജിക്കപ്പെട്ട കൊറിയയ്ക്കുമേല്‍ കഴുകന്മാര്‍ പാറിപ്പറക്കുന്നുണ്ടെന്നും, കാവലിരിക്കുന്നുണ്ടെന്നും അടുത്ത വരി. ഇന്ത്യയെക്കുറിച്ച്, മതത്തിന്റെ ഇരുളില്‍പ്പെട്ട് ഭാരതാംബ പോലും വെട്ടം തേടി അലയുകയാണെന്ന് വേടന്‍ പാടുമ്പോള്‍ ചിലര്‍ക്കത് നന്നായി കൊള്ളുന്നുമുണ്ട്.

അഭയാര്‍ഥി പ്രയാണത്തെ അതിര്‍ത്തിയില്‍ മതില്‍ കെട്ടി തടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെയാണ് മെക്സിക്കൻ കനവുകളായിരം ഒരു മതിലാലേ ആരു തടുപ്പൂ എന്ന വരിയില്‍ നിറയുന്നത്.

അഭയാര്‍ഥി പ്രയാണത്തെ അതിര്‍ത്തിയില്‍ മതില്‍ കെട്ടി തടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെയാണ് മെക്സിക്കൻ കനവുകളായിരം ഒരു മതിലാലേ ആരു തടുപ്പൂ എന്ന വരിയില്‍ നിറയുന്നത്. ശ്രീലങ്കയിലെ തമിഴ് പുലികളെക്കുറിച്ചുള്ള വ്യഥകളാണ് ഇലങ്കയില്‍ പുലികള്‍ ഇനിയും ദാഹം മാറാതോടീ നടപ്പൂ എന്ന് എഴുതിയിരിക്കുന്നത്. കോംഗോയിലെ സ്വര്‍ണഖനികളിലും പരിസരത്തുമായി നിരവധി കുട്ടികള്‍ പണിയെടുക്കുന്നുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ സംഭവിക്കുന്ന അത്യാഹിതങ്ങളില്‍ നിരവധിപ്പേര്‍ മരിക്കാറുമുണ്ട്. കോംഗോ നിന്‍ ഖനികളിലായിരം കുരുന്ന് ജീവന് നൊന്ത് മരിപ്പൂ എന്നല്ലാതെ എങ്ങനെയാണ് അതിനെ പാടുവാനാകുക. പട്ടിണിയകറ്റാന്‍ അല്പം കുടിവെള്ളമെങ്കിലും കിട്ടാന്‍ ദൂരങ്ങള്‍ താണ്ടേണ്ടിവരുന്ന ഒരു രാജ്യത്തിന്റെ ദുരവസ്ഥയെയാണ് സൊമാലിയന്‍ ബാല്യങ്ങള്‍ കുടിനീര് തേടി പല കാതം താണ്ടി എന്ന വരി.

മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെടുമ്പോള്‍, കൂട്ടപ്പലായനം നടത്തുമ്പോള്‍, മ്യാന്മാറില്‍ ബുദ്ധൻ ആയുധമേന്തി ചുടുചോര മോന്തി എന്നാണ് വേടന്‍ അതിനെ വരികളില്‍ പകര്‍ത്തിവയ്ക്കുന്നത്. ആമസോൺ വീരാ, നിന്നുടെ മാറ് തുളഞ്ഞതിൽ കാട് കരഞ്ഞു എന്നെഴുതിയത് ആഗോളതാപനത്തെയും, പ്രകൃതിയെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തലല്ലേ? ആഭ്യന്തര വംശീയ-വിഭാഗീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയില്‍ ആഫ്രിക്ക പൊള്ളിയടരുമ്പോഴാണ്, ആഫ്രിക്കൻ പോർക്കളങ്ങളിൽ ആൺമകനുയിരിന്നായി അമ്മ കരയുന്നതായി വരികളുണ്ടാകുന്നത്. ആഗോളതാപനം എങ്ങനെ ലോകത്തെ ബാധിക്കുന്നു എന്ന് പറയുകയാണ് ആർട്ടിക്കിൽ പനിമലയുരുകി കടലുകൾ നിറഞ്ഞു കരകൾ മറഞ്ഞു എന്ന വരികള്‍.

വെള്ളക്കാരന്‍ പൊലീസ് ശ്വാസം മുട്ടിച്ചുകൊന്ന ജോര്‍ജ് ഫ്ലോയ്‌ഡിനെ ഓര്‍മയില്ലേ? ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന് ലോകം മുഴുവന്‍ ശബ്ദമുയര്‍ത്തിയത് ഓര്‍ക്കുന്നില്ലേ? ന്യൂയോർക്കിൽ മണ്ണിൻ മകനിൻ മൂച്ച് നിലച്ചതിൽ പോര് നടന്നു എന്ന വരികള്‍ ആ രാഷ്ട്രീയമാണ് പറയുന്നത്. ഇസ്രയേല്‍ പലസ്തീനെ പല ഭാഗങ്ങളായി മുറിക്കുമ്പോള്‍, പ്രാണരക്ഷാര്‍ഥം ആ ജനതയുടെ പലായനം തുടരുമ്പോഴാണ് പലസ്തീന്‍ പലനൂറായി പലായനം ഒരു പതിവായ് മാറീ എന്ന വരി വരുന്നത്.

ചൈനയില്‍ ഉയിഗുര്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെയാണ് ചൈനയുടെ ചൊങ്കൊഴിക്കു താഴെ ഖുറാന്‍ എരിഞ്ഞതിന്റെ മണം പരന്നുവെന്ന പ്രയോഗത്തിന്റെ പൊരുള്‍. ജമ്മുവിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരു അമ്പലത്തില്‍ വച്ചായിരുന്നു. അതിനെ, ആസിഫയിനരയുടക്കുവാൻ ഭഗവാൻ പോലും കാവലിരുന്നു എന്ന് ദൈവീകതയെ കൂടി പരിഹസിക്കുന്നു. അഭയാര്‍ഥികളുടെ ദുരവസ്ഥയും, കുടിയേറ്റപ്പാതകളില്‍ കാത്തിരിക്കുന്ന മരണത്തെയും കുറിച്ച് ലോകത്തെ അറിയിച്ച കുഞ്ഞ് അലന്റെ മരണമാണ്, ഐലൻ നിൻ കുഞ്ഞിക്കാലുകൾ കണ്ണീർ കടലിൻ ആഴമളന്നൂ എന്നാകുന്നത്. ഇങ്ങനെ ഇങ്ങനെ നാം വാഴുന്ന ഈ ഭൂമി, അനുദിനം നരകമായ് മാറുന്ന ഇടമാകുന്നുവെന്ന് പറഞ്ഞാണ് വേടന്‍ വരികള്‍ അവസാനിപ്പിക്കുന്നത്.

കാലദേശാതിര്‍ത്തികള്‍ കടന്നുള്ള രാഷ്ട്രീയമാണ് വേടന്റെ രചനകളുടെ കരുത്ത്. ഏതെങ്കിലുമൊരു സംഭവത്തിന്റെ ആഴങ്ങളിലേക്ക് വരികള്‍ സഞ്ചരിച്ചെത്തുന്നില്ല. പകരം, ഒരു വരിയിലോ വാക്കിലോ ഒരു ചരിത്രത്തെയോ സംഭവത്തെയോ ഓര്‍മപ്പെടുത്തുന്നതാണ് ആ രചനാ ശൈലി.

കാലദേശാതിര്‍ത്തികള്‍ കടന്നുള്ള രാഷ്ട്രീയമാണ് വേടന്റെ രചനകളുടെ കരുത്ത്. ഏതെങ്കിലുമൊരു സംഭവത്തിന്റെ ആഴങ്ങളിലേക്ക് വരികള്‍ സഞ്ചരിച്ചെത്തുന്നില്ല. പകരം, ഒരു വരിയിലോ വാക്കിലോ ഒരു ചരിത്രത്തെയോ സംഭവത്തെയോ ഓര്‍മപ്പെടുത്തുന്നതാണ് ആ രചനാ ശൈലി. പിന്നീട്, പൊതുവേദികളില്‍ ആ പാട്ട് അവതരിപ്പിക്കുമ്പോഴാണ് അതിലെ ചരിത്രത്തെയും, സംഭവത്തെയും കേള്‍വിക്കാരിലേക്കും കാഴ്ചക്കാരിലേക്കും വേടന്‍ കൂടുതലായി പകരുന്നത്. മര്‍ദ്ദിതന്റെയും പീഡിതന്റെയും ശബ്ദമായാണ് വേടന്‍ പാട്ടുകള്‍ അവതരിപ്പിക്കുന്നത്. 'ആസിഫയെ നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ആരാണ് ഐലന്‍ കുര്‍ദി? ആരാണ് വില്ലു വണ്ടി തെളിച്ചത്? ആരാണ് തലപ്പാവ് അണിഞ്ഞത്? ആരാണ് അയ്യന്‍ കാളി?' എന്നിങ്ങനെ ചോദ്യങ്ങളും പറച്ചിലുകളുമായി അത് അതിന്റെ ദൗത്യം നിറവേറ്റുന്നു.

പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന നിലയില്‍ കാര്‍ട്ടൂണുകള്‍ക്ക് നമ്മുടെ ചിന്തയെ ഉണര്‍ത്താന്‍ കഴിയുമെങ്കില്‍, ഒരു ഫോട്ടോഗ്രാഫിന് ചരിത്രത്തെ ഓര്‍മപ്പെടുത്താനാവുമെങ്കില്‍, ഒറ്റ വാക്കിലും വരിയിലുമായി വേടന്‍ പറയുന്ന രാഷ്ട്രീയത്തിന് അതിലുമേറെ ചെയ്യാനാകും. ഈ വാദത്തെ ശരിവയ്ക്കുന്നതാണ് കാലിക്കറ്റ് സര്‍വകലാശാല മലയാളം യു.ജി. ബോര്‍ഡ് അധ്യക്ഷന്‍ ഡോ. എം.എസ്. അജിത്തിന്റെ വാക്കുകള്‍: "രാഷ്ട്രീയബോധ്യമുള്ള വരികളാണ് വേടന്റെ റാപ്പ് സിലബസില്‍ ഉള്‍പ്പെടുത്താന്‍ കാരണം. ലോകത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളോടുള്ള പ്രതിരോധം എന്ന നിലയിലാണ് മൈക്കിള്‍ ജാക്സന്റെയും വേടന്റെയും റാപ്പുകള്‍ ഉപയോഗിക്കുന്നത്."

SCROLL FOR NEXT