ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യിലെ പുതിയ ഗാനം പുറത്ത്. 'രൈ രൈ രാര' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഓസ്കാർ പുരസ്‌കാര ജേതാവ് എ.ആർ. റഹ്മാൻ സംഗീതം പകർന്ന ഗാനം ഇതിനോടകം ട്രെൻഡിങ്ങായി കഴിഞ്ഞു.
മലയാളം, തമിഴ് ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആനന്ത ശ്രീറാം ആണ് തെലുങ്കിൽ ഗാനം ആലപിച്ചിരിക്കുന്നത്. ജിതിൻ രാജ് മലയാളത്തിലും ഹരിചരൺ കന്നഡയിലും നകാഷ് അസീസ് ഹിന്ദിയിലും ഗാനം ആലപിച്ചപ്പോൾ തമിഴ് പതിപ്പ് റഹ്മാനും യുഗേന്ദ്രൻ വാസുദേവനും ചേർന്നാണ് പാടിയിരിക്കുന്നത് .
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 30നാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമാണം. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.
സിനിമയിലെ ആദ്യ ഗാനം 'ചികിരി ചികിരി' വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനത്തിന്റെ എല്ലാ പതിപ്പുകൾക്കും ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പുതിയ ഗാനത്തിലും രാം ചരണിന്റെ നൃത്തരംഗങ്ങളാണ് ഹൈലൈറ്റ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന്റെയും കൊറിയോഗ്രാഫർ.
ജാൻവി കപൂർ ആണ് 'പെദ്ധി'യിലെ നായിക. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി സിനിമയിൽ എത്തുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ കഥാപാത്രത്തെ ചിത്രത്തിൽ എത്തുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ബുചി ബാബു സന. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്സ്, നിർമാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ.ആർ. റഹ്‌മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.