ചികിരി ചികിരി... ട്രഡീഷണല്‍ ഫ്ലേവറില്‍ ഒരു പെപ്പി നമ്പര്‍; തെലുങ്കിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി റഹ്‍മാന്‍

മോഹിത് ചൗഹാനാണ് തെലുങ്കിലും ഹിന്ദിയിലും പാടിയിരിക്കുന്നത്, മലയാളം പതിപ്പില്‍ ബെന്നി ദയാലും.
Chikiri Chikiri, Ram Charan, A.R Rahman
ചികിരി... രാം ചരണ്‍, എ.ആര്‍. റഹ്‌മാന്‍Source: News Malayalam 24X7
Published on

ബുച്ചി ബാബു സനയുടെ സംവിധാനത്തില്‍, രാം ചരണും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തുന്ന പെദ്ധിയിലെ ആദ്യ പാട്ട് പുറത്തുവന്നു. ബാലാജിയുടെ വരികള്‍ക്ക് ഈണമൊരുക്കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. തെലുങ്കിലും ഹിന്ദിയിലും പാടിയിരിക്കുന്നത് മോഹിത് ചൗഹാന്‍. റഖീബ് ആലം ആണ് ഹിന്ദി വരികളെഴുതിയിരിക്കുന്നത്. സിജു തുറവൂരാണ് മലയാളം പതിപ്പിന് വരികളെഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് ബെന്നി ദയാലും. ഏറെ നാളുകള്‍ക്കുശേഷമാണ് റഹ്മാന്‍ തെലുങ്ക് ചിത്രത്തിന് ഈണമൊരുക്കുന്നത്. ട്രഡീഷണല്‍ ഫ്ലേവറില്‍ പെപ്പി നമ്പറായാണ് റഹ്‌മാന്‍ ചികിരി ചികിരി എന്ന ആദ്യ പാട്ട് ഒരുക്കിയിരിക്കുന്നത്. എപ്പോഴത്തേയും പോലെ റഹ്‍മാന്റെ 'സ്ലോ പോയിസണ്‍' ഐറ്റം.

ആദ്യ പാട്ട് റിലീസ് ചെയ്യുന്നതിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ബുച്ചി ബാബുവും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും തമ്മിലുള്ള സംഭാഷണമായിരുന്നു ഉള്ളടക്കം. റഹ്‌മാനെക്കുറിച്ച് ആദ്യമായി കേട്ടതിനെക്കുറിച്ചും, പെദ്ധിയില്‍ പാട്ട് വരുന്ന സീനിനെക്കുറിച്ചുമാണ് ബുച്ചി ബാബു റഹ്മാനോട് വിവരിക്കുന്നത്. "ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് റഹ്‌മാന്റെ സംഗീതത്തെക്കുറിച്ച് അറിയുന്നത്. ബോംബെ സിനിമ കണ്ട ചേട്ടനാണ്, കണ്ണാളനെ... ഉയിരേ... ഹമ്മ ഹമ്മ... എന്നിങ്ങനെ പാട്ടുകളിലൂടെ റഹ്‌മാനെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ കഥ വന്ന് പറഞ്ഞപ്പോള്‍, 'കഥ ഓകെയാണെന്നും നിങ്ങള്‍ക്ക് വേണ്ടത് പറയാമെന്നും' താങ്കള്‍ മറുപടി തന്നു. ഇക്കാര്യം ആരോടാണ് ആദ്യം പറയേണ്ടതെന്ന് അറിയില്ലായിരുന്നു. പിന്നെ ഞാന്‍ ചേട്ടനെ വിളിച്ചു. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, റഹ്‌മാന്റെ പാട്ടുകള്‍ അവന്‍ കേള്‍പ്പിക്കാറുള്ള കാര്യം ഓര്‍മിപ്പിച്ചു. ആ റഹ്‌മാന്‍ എന്റെ സിനിമയ്ക്ക് പാട്ട് കംപോസ് ചെയ്യാന്‍ പോവുകയാണെന്ന് ഞാന്‍ അവനോട് പറഞ്ഞു. 'അദ്ദേഹം നന്നായി 'ബീറ്റ്സ്' ഒരുക്കും. ഓര്‍ത്തോളൂ, അല്ലെങ്കില്‍ അദ്ദേഹം നിന്നെ 'ബീറ്റ്' ചെയ്യും' എന്നായിരുന്നു ചേട്ടന്റെ മറുപടി " -ബുച്ചി ബാബു പറഞ്ഞു.

Chikiri Chikiri, Ram Charan, A.R Rahman
രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' യിലെ 'ചികിരി ചികിരി' ഗാനം പുറത്ത്

"ആദ്യം വന്നപ്പോള്‍ തന്നെ നിങ്ങളുടെ സ്നേഹം, വിശ്വാസം, ആദരവ് എന്നിവയില്‍ എനിക്ക് വളരെ മതിപ്പുണ്ടായി" എന്നായിരുന്നു ബുച്ചി ബാബുവിന്റെ വാക്കുകള്‍ക്ക് റഹ്‌മാന്റെ മറുപടി. മാത്രമല്ല, കാലങ്ങളായി തെലുങ്ക് സിനിമയ്ക്ക് സംഗീതം ചെയ്യുന്നില്ല. അതുകൊണ്ട് ശരിക്കും എക്സൈറ്റഡ് ആയിരുന്നുന്നെന്നും റഹ്‍മാന്‍ പറഞ്ഞു. പെദ്ധിയുടെ ഫസ്റ്റ് ഷോട്ട് ഗ്ലിംപ്സ് വളരെ ഹിറ്റായി, അത് എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു എന്ന് ബുച്ചി ബാബു സംഭാഷണം തുടര്‍ന്നു. അതിലെ മസാ... മസാ... മസാ... എന്ന ബാക്ക് ഗ്രൗണ്ട് സ്കോറും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. രണ്ടാമത്തെ പാട്ടിനായാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നതെന്നും ബുച്ചി ബാബു പറയുന്നതോടെ, സിറ്റുവേഷന്‍ പറയൂ എന്നായി റഹ്‌മാന്‍.

'ചികിരി... ആ വാക്ക് രസമുണ്ട്. അത് നമുക്കൊരു ഹുക്ക് വേഡ് ആക്കാമെന്ന്' ഉടന്‍ തന്നെ റഹ്‌മാന്‍ പറയുന്നു. പെദ്ധിയിലെ ആദ്യ പാട്ടില്‍ അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

പാട്ടിലേക്കുള്ള സീന്‍ ബുച്ചി ബാബു വിവരിക്കുന്നത് ഇങ്ങനെയാണ്: "രാം ചരണിന്റെ പെദ്ധി ആദ്യമായി ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്ന നായികയെ കാണുകയാണ്. വലിയൊരു കുന്നിനു മുകളില്‍നില്‍ക്കുന്ന പെദ്ധി നായികയുടെ സ്വഭാവിക സൗന്ദര്യത്തില്‍ മയങ്ങിപ്പോകുന്നു. എന്നിട്ട് കൂട്ടുകാരനോട് പറയുന്നു. ആ കണ്ണുകള്‍ക്ക് കണ്‍മഴി ആവശ്യമില്ല. ആ മൂക്കിന് മൂക്കുകുത്തി ആവശ്യമില്ല. മേക്കപ്പ് ഇല്ലാതെ സുന്ദരിയായ അപൂര്‍വം പെണ്‍കുട്ടികളില്‍ പെടുന്നവളാണ് അവള്‍. ചികിരി എന്നാണ് നായകന്‍ നായികയെ വിശേഷിപ്പിക്കുന്നത്". "ചികിരി എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥമെന്ന്" റഹ്മാന്‍ ചോദിക്കുന്നു. "ഗ്രാമീണരായ ആളുകള്‍ സുന്ദരിയായ പെണ്‍കുട്ടികളെ സ്നേഹത്തോടെ വിളിക്കുന്നത് ചികിരി എന്നാണെന്ന്" ബുച്ചി ബാബുവിന്റെ മറുപടി. ചികിരി... ആ വാക്ക് രസമുണ്ട്. "അത് നമുക്കൊരു ഹുക്ക് വേഡ് ആക്കാമെന്ന്" ഉടന്‍ തന്നെ റഹ്‌മാന്‍ പറയുന്നു. പെദ്ധിയിലെ ആദ്യ പാട്ടില്‍ അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

Chikiri Chikiri, Ram Charan, A.R Rahman
ജാസി ഗിഫ്റ്റ്, നഞ്ചിയമ്മ, വേടന്‍.... ഈ കുറ്റംപറച്ചിലുകളൊന്നും അത്ര നിഷ്‌കളങ്കമല്ല

കാലങ്ങള്‍ക്കുശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കിയിട്ടുണ്ട് റഹ്‌മാന്‍. പ്രണയവും ആത്മസന്തോഷവുമൊക്കെ പ്രകടമാക്കുന്ന വരികള്‍ക്ക് ഗ്രാമീണ, ഫോക് ഫ്ളേവറുകള്‍ ചേര്‍ത്താണ് റഹ്മാന്‍ താളം തീര്‍ത്തിരിക്കുന്നത്. ഗിത്താറിന്റെ താളത്തിനൊപ്പം തുടങ്ങുന്ന പാട്ടിന് ഇന്ത്യന്‍ വാദ്യോപകരണങ്ങളാണ് ഭംഗി നല്‍കുന്നത്. തകിലിനൊപ്പം കരീം കമലകാറിന്റെ ഫ്ലൂട്ട് ഒഴുകിയെത്തുന്നു. അല്ലെങ്കിലും റഹ്‍മാന്റെ പാട്ടുകളില്‍ തകില്‍ കേള്‍ക്കാന്‍ പ്രത്യേക ഭംഗിയാണ്. ചികിരിയിലും തകില്‍ അത്രമേല്‍ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. ഹരിപ്രസാദാണ് ഇന്ത്യന്‍ പെര്‍കഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ദില്‍റൂബ, സാരംഗി, ഗിത്താര്‍, വീണ, ഓടക്കുഴല്‍ എന്നിവയെല്ലാം ചേര്‍ന്നാണ് പാട്ടിന് താളം കൊഴുപ്പിക്കുന്നത്. ദില്‍റൂബ സരോജയാണ് ദില്‍റൂബ കൈകാര്യം ചെയ്തിരിക്കുന്നത്. സാരംഗിയില്‍ മനോന്മണിയും ഗിത്താറില്‍ റെനിന്‍ റാഫേലും. കല്യാണും, കുമാരന്‍ ശിവമണിയും ചേര്‍ന്നാണ് റിഥം പ്രോഗ്രാം ചെയ്തിരിക്കുന്നത്.

Chikiri Chikiri, Ram Charan, A.R Rahman
പാര്‍ഥസാരഥി എങ്ങനെ കമല്‍ ഹാസന്‍ ആയി? അക്കഥ ഇങ്ങനെ

പാട്ടുകാര്‍ ആരും തന്നെ മോശമാക്കിയിട്ടില്ല. ഹിന്ദിക്കു പുറമേ പല ഭാഷകളിലും പാടിയിട്ടുണ്ടെങ്കിലും തെലുങ്കില്‍ വിരലിലെണ്ണാവുന്ന പാട്ടുകള്‍ മാത്രമാണ് മോഹിത് പാടിയിട്ടുള്ളത്. ചികിരിയിലെത്തുമ്പോള്‍ മോഹിതിന്റെ ഹിന്ദിയേക്കാള്‍ ഒരുപടി മേലിലാണ് തെലുങ്ക് പതിപ്പ്. ബെന്നി ദയാലിന്റെ ശബ്ദമാണ് മലയാളം പതിപ്പിനെ വേറിട്ടതാക്കുന്നത്. കന്നഡയില്‍ വരദരാജ് ചിക്കബല്ലപുരയാണ് വരികളെഴുതിയത്. സഞ്ജിത് ഹെഗ്ഡെയാണ് പാടിയിരിക്കുന്നത്. തമിഴില്‍ വിവേക് എഴുതിയ വരികള്‍ പാടിയിരിക്കുന്നത് എ.ആര്‍. അമീനാണ്.

ഇതിനൊപ്പം ജാനി മാസ്റ്ററുടെ കൊറിയോയും രത്നവേലു പകര്‍ത്തിയ ദൃശ്യങ്ങളും ചേരുമ്പോള്‍ ചികിരി മികച്ച ദൃശ്യാനുഭവമാകുന്നു. ആരെയും ആകര്‍ഷിക്കുന്ന ചികിരിയായാണ് ജാന്‍വി കപൂര്‍ പാട്ടില്‍ എത്തുന്നത്. ജാം സെഷന്‍ എന്നോണം റഹ്‌മാനും മോഹിതും ബുച്ചി ബാബും വീഡിയോയിലുണ്ട്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴ് മില്യണ്‍ ആളുകളാണ് ചികിരിയുടെ തെലുങ്ക് പതിപ്പ് കണ്ടത്. ചികിരിയും രാം ചരണിന്റെ സ്റ്റെപ്പുകളുമാകും ഇനി കുറച്ചുകാലത്തേക്ക് സോഷ്യല്‍ മീഡിയ ഭരിക്കുകയെന്ന് ഉറപ്പായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com