MUSIC

"അംഗീകരിക്കപ്പെടുന്നത് റാപ് എന്ന സംഗീതരൂപം; പാർശ്വവത്കൃത ജീവിതത്തിന്റെ യാഥാർഥ്യങ്ങള്‍ കവിതയായി വേടൻ പാടിക്കൊണ്ടേയിരിക്കും"

കർണാടക സംഗീതത്തിനപ്പുറം മറ്റ് സംഗീതമില്ല എന്ന് വിശ്വസിക്കുന്നവരും, സംസ്കൃത വാക്കുകളുണ്ടെങ്കില്‍ മാത്രമേ മികച്ച ഗാനരചന സംഭവിക്കുകയുള്ളൂ എന്ന് കരുതുന്നവരും അവരുടെ നിലപാടുകളിൽ തന്നെ ഉറച്ച് നിൽക്കട്ടെ

Author : ന്യൂസ് ഡെസ്ക്

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം നേടിയ വേടനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിലച്ചിത്രഗാന നിരൂപകനായ രാഹുല്‍ ഹംബിള്‍ സനല്‍. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടൻ കരസ്ഥമാക്കുമ്പോൾ സംഗീത ചരിത്രത്തിലാദ്യമായി റാപ് എന്ന സംഗീതരൂപമാണ് മലയാളത്തിൽ അംഗീകരിക്കപ്പെടുന്നതെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം വരികൾ എഴുതി പാടിയ ഗായകന് ഗാന രചനയ്ക്ക് അവാർഡ് കിട്ടുന്നതും ആദ്യമായാണ്. റാപ് സംഗീതമുണ്ടായിട്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും വേടനു ശേഷം മാത്രം ആ സംഗീതം കേട്ടവരും, കർണാടക സംഗീതത്തിനപ്പുറം മറ്റ് സംഗീതമില്ല എന്ന് വിശ്വസിക്കുന്നവരും, പാട്ട് എഴുതുമ്പോൾ സംസ്കൃത വാക്കുകൾ മാത്രം കുഴച്ച് അണ്ണാക്കിൽ തിരുകിയാലേ മികച്ച ഗാനരചന സംഭവിക്കുകയുള്ളൂ എന്ന് കരുതുന്നവരും അവരുടെ നിലപാടുകളിൽ തന്നെ ഉറച്ച് നിൽക്കട്ടെ. സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും വ്യത്യസ്ത ശ്രേണികൾ എന്തെന്ന് അറിയാതെ, മുൻപ് പോയവർ ഉപബോധമനസിൽ അടിച്ചേൽപ്പിച്ച പൊതുബോധനിർമിതികള്‍ ഭേദിക്കപ്പെടാതെ ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നത് തന്നെയാണ് നിങ്ങൾക്കുള്ള ശിക്ഷയും. അപ്പോഴും പാർശ്വവത്കൃത ജീവിതത്തിന്റെ യാഥാർഥ്യങ്ങള്‍ താളത്തോടെ കവിതയായി വേടൻ പാടി കൊണ്ടേയിരിക്കുമെന്നും രാഹുല്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടൻ കരസ്ഥമാക്കുമ്പോൾ സംഗീത ചരിത്രത്തിലാദ്യമായി Rap എന്ന സംഗീതരൂപമാണ് മലയാളത്തിൽ അംഗീകരിക്കപെടുന്നത്. സ്വന്തം വരികൾ എഴുതി പാടിയ ഗായകന് ആ ഗാനത്തിൻ്റെ രചനക്ക് അവാർഡ് കിട്ടുന്നതും ആദ്യമായാണ് .

ഇപ്പോഴും RAP എന്ന സംഗീതരൂപത്തിൻ്റെ പ്രാധാന്യം എന്താണ് എന്നോ ചരിത്രം എന്താണെന്നോ അറിയാതെ ഈ സംഗീതരൂപം ആസ്വദിക്കാൻ കഴിയാത്ത "സരിഗമപധനിസ "യുടെ മാത്രം ഉപാസകർക്ക് ഈ എഴുത്ത് മനസിലാകാൻ ഇടവരട്ടെ എന്ന വ്യാമോഹം ഒട്ടും ഇല്ല !

ആദിവാസി ഗായിക നഞ്ചിയമ്മക്ക് Tribal Song ന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പോലും ഇടാത്ത, 6 ദേശീയ അവാർഡുകൾ വാങ്ങിയ വാനമ്പാടിയോട് തീർന്നുപോയ മതിപ്പ് തന്നെയാണ് ഇത്തരം മനോഭവക്കാരോടും .

Rap സംഗീതത്തിൻ്റെ വേരുകൾ തേടി പോയാൽ നാം എത്തുന്നത് അടിമത്വത്തിൽ കഴിയുമ്പോഴും ഹൃദയത്തിലെ കലയും കവിതയും കണ്ഠനാളങ്ങളുടെ അകമ്പടി താളത്തിനൊപ്പം പാടി നടന്ന ആഫ്രിക്കൻ ആട്ടിടയൻമാരുടെ അടുത്തേക്കാണ്.

R = Rhythm

A = And

P = Poetry

ആദ്യമായ് ഞാൻ കേൾക്കുന്ന Rap Album ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി ആയ ബാബാ സീഗാൾ എന്ന ഗായകൻ ഇറക്കിയ "ഡൻഡാ ഡൻഡാ പാനി " എന്ന ആൽബം ആണ്. 1992 ൽ ആണ് ആ ആൽബം ഇറങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ റാപ്പ് ആൽബം അതാണ് . അതോടുകൂടി ഇന്ത്യയിൽ റാപ് സംഗീതവും വളർച്ച പ്രാപിച്ചു. (പക്ഷേ അതിനും വർഷങ്ങൾക്ക് മുൻപേ ഇളയരാജ Rap സംഗീത പരീക്ഷണങ്ങൾ ഇവിടെ നടത്തിയിരുന്നു. വിക്രം എന്ന ചിത്രത്തിലെ വനിതാ മണി, വിക്രം എന്നീ ഗാനങ്ങളും തേവർ മകനിലെ സാന്ത് പൊട്ട് എന്ന പാട്ടിനിടയിൽ കമൽ ഹാസൻ പാടിയ വരികളുമെല്ലാം Rap തന്നെയാണ് ).

തൊട്ടടുത്ത വർഷങ്ങളിൽ തന്നെ അപ്പാച്ചി ഇൻഡ്യൻ , Style bhai തുടങ്ങിയ പല റാപ്പ് ഗായകരും ഇന്ത്യയിൽ ഉണ്ടായി. 1994 ൽ കാതലൻ എന്ന തമിഴ് സിനിമയിൽ " പേട്ട റാപ്പ് " എന്ന ഗാനം ഹിറ്റ് ആയതോടെയാണ് മലയാള സിനിമകളിലും റാപ്പ് സംഗീതപരീക്ഷണം വരുന്നത്. ഹൈവേ, മഴയെത്തും മുൻപേ, കുസൃതിക്കാറ്റ്, കളമശേരിയിൽ കല്യാണയോഗം തുടങ്ങിയ സിനിമകളിലൊക്കെ Rap Music പരീക്ഷണങ്ങൾ ഉണ്ടായിരുന്നു.

1995 ൽ ഇറങ്ങിയ "റൂപ് ഇൻകാ മസ്താനാ" എന്ന ഷാൻ പാടിയ റീമിക്സ് ആൽബത്തിലെ style bhai യുടെ റാപ്പ് എല്ലാം തരംഗം തന്നെ ആയിരുന്നു. ഇടക്കിടക്ക് ചില പാട്ടുകൾ വരുന്നതല്ലാതെ പിന്നീട് കുറേ നാളത്തേക്ക് Rap Culture എല്ലാം ഇന്ത്യൻ സംഗീതത്തിൽ നിന്ന് ഏകദേശം വിട്ടു നിന്നു.

മലയാളം - ഇംഗ്ലീഷ് ഫ്യൂഷൻ Rap എന്ന ജോണർ മലയാളത്തിൽ ഇറക്കി വിജയിപ്പിച്ചത് 4the People എന്ന സിനിമയിലൂടെ ജാസി ഗിഫ്റ്റ് തന്നെയാണ്. 2006ൽ മലേഷ്യൻ ഗായകർ ആയ യോഗി ബി യും എംസി ജാസും ഡോക്ടർ ബേണും ഇറക്കിയ "വല്ലവൻ " എന്ന റാപ്പ് ആൽബമാണ് വീണ്ടും ആ സംഗീത സംസ്കാരം തിരിച്ചു കൊണ്ട് വന്നത്. യോഗി ബിയുടെ പാട്ടുകൾ കേട്ടാണ് സ്ക്കൂൾ വിദ്യാർത്ഥി ആയ ഹിരൺ ദാസ് മുരളി എന്ന വേടൻ റാപ്പ് പാടി തുടങ്ങിയത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

പ്രണയവും തമാശയും മാത്രം റാപ്പ് സംഗീതത്തിൽ ചേർത്ത് ശീലിച്ച മലയാളികൾക്കിടയിലേക്കാണ് അതി ഗൗരവമുള്ള പാർശ്വവൽകൃത രാഷ്ട്രീയവും Rap ആയി പാടി വേടൻ വിജയിപ്പിച്ചത്. Rap സംഗീതമുണ്ടായിട്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും വേടന് ശേഷം മാത്രം ആ സംഗീതം കേട്ടവരും, കർണ്ണാടക സംഗീതത്തിനപ്പുറം മറ്റ് സംഗീതമില്ല എന്ന് വിശ്വസിക്കുന്നവരും, പാട്ട് എഴുതുമ്പോൾ സംസ്കൃത വാക്കുകൾ മാത്രം കുഴച്ച് അണ്ണാക്കിൽ തിരുകിയാലേ മികച്ച ഗാനരചന സംഭവിക്കുകയുള്ളൂ എന്ന് കരുതുന്നവരും അവരുടെ നിലപാടുകളിൽ തന്നെ ഉറച്ച് നിൽക്കട്ടെ.

സംഗീതത്തിൻ്റെയും സാഹിത്യത്തിൻ്റെയും വ്യത്യസ്ത ശ്രേണികൾ എന്തെന്ന് അറിയാതെ, മുൻപ് പോയവർ ഉപബോധമനസിൽ അടിച്ചേൽപ്പിച്ച പൊതുബോധനിർമ്മിതികൾ ഭേദിക്കപ്പെടാതെ ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നത് തന്നെയാണ് നിങ്ങൾക്കുള്ള ശിക്ഷയും. അപ്പോഴും പാർശ്വവത്കൃത ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾ താളത്തോടെ കവിതയായി വേടൻ പാടി കൊണ്ടേയിരിക്കും.

"വിയർപ്പ് തുന്നിയിട്ട കുപ്പായം

അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം

കിനാവ് കൊണ്ടുകെട്ടും കൊട്ടാരം

അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും

ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക് ഉചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്

ചേറിൽ പൂത്താലും താമര കണക്ക ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമക്ക്

കഥന കഥയൊന്നും അറിയാത്ത കൂട്ടം കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം

വയറു നിറക്കാനല്ലേ നെട്ടോട്ടം

വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം

കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ മുക്കാൽ തുട്ട് കുതിര പോലെ പാഞ്ഞു വേണ്ടതെല്ലാം പുല്ലുകെട്ട്

കയറു വിട്ട കാള ജീവിതമോ ജല്ലിക്കട്ട് കണ്ണുമുടികെട്ടി ഉണ്ടാകുന്ന ഇരുട്ട്

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്

അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്

പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട് കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്.

ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട് കണ്ണുനീർ പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട് സുജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ടു ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്തു

പിടിച്ചതെല്ലാം പുലിവാല് ഡാ കാണ്ടാമൃഗത്തിന്റെ തോല് ഡാ അഴുക്കിൽ പിറന്നവരാണെടാ അഴിമുഖങ്ങൾ നീന്തുന്ന ആളെടാ

പകല് പറന്നങ്ങു പോയെടാ ഇരവ് നമുക്കുള്ളതാണെടാ പദവി പണം ഒന്നും വേണ്ടടാ ഇത് ഉരുക്കു ഗുണമുള്ള തോള് ഡാ

പെരിയാറിൻ അരുമകളല്ലേ കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ "

SCROLL FOR NEXT