ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം... സായാഹ്നസാനുവിൽ വിലോലമേഘമായ്... കെ.ജെ. യേശുദാസിന്റെ ഗന്ധര്‍വ ശബ്ദത്തില്‍ സംഗീതാസ്വാദകര്‍ അലിഞ്ഞുപോകുന്ന പാട്ട്. പി പദ്മരാജന്‍ സംവിധാനം ചെയ്ത 'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ അര്‍ത്ഥവും ആശയവുമൊക്കെ അറിഞ്ഞ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍. ഈണമൊരുക്കിയത് ജോണ്‍സണ്‍ മാസ്റ്റര്‍. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ജോണ്‍സണ്‍ മാസ്റ്റര്‍ കല്യാണി രാഗത്തില്‍ സൃഷ്ടിച്ചെടുത്ത പൊന്‍മുത്ത്. പക്ഷേ, ആ പാട്ട് അങ്ങനെ തന്നെ ചിത്രത്തില്‍ ഇടം പിടിച്ചത്, ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതത്തില്‍ കാണിച്ച ധീരത ഒന്നുകൊണ്ടു മാത്രമായിരുന്നു.
ഞാന്‍ ഗന്ധര്‍വന്‍... ചിത്രശലഭമാകാനും, മേഘമാലകളാകാനും, പാവയാകാനും, പറവയാകാനും, മാനാകാനും, മനുഷ്യനാകാനും നിന്റെ ചുണ്ടിന്‍റെ മുത്തമാവാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണശലഭം...
ദേവസഭയില്‍നിന്ന് ശാപവുംപേറി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഗന്ധര്‍വന്‍. അവിടെ അവനെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന കന്യകയായൊരു പെണ്‍കുട്ടി. ശാപവും ശിക്ഷയുമൊക്കെ മറന്ന്, ജീവന്റെ ജീവനിലേക്ക് ആണ്ടുപോകുന്ന രണ്ടുപേര്‍. പരസ്പരം പിരിയാനാകാതെ, പ്രാണന്റെ നൂലിനാല്‍ ബന്ധിക്കപ്പെടുന്നവര്‍ക്കുമേല്‍ ദേവസഭ വീണ്ടും ശിക്ഷാവിധിയുടെ വാള്‍ വീശുന്നു.
പദ്മരാജന്റെ ഭാവനകളെ വരികളിലേക്ക് ആവാഹിച്ചെടുത്തു കൈതപ്രം. മൂന്ന് പാട്ടുകള്‍; പാലപ്പൂവേ, ദേവീ ആത്മരാഗമേകാം, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം. പാലപ്പൂവേ... എന്ന് തുടങ്ങുന്ന പാട്ട് കെ.എസ്. ചിത്രയാണ് പാടിയത്, മറ്റ് രണ്ട് പാട്ടുകള്‍ കെ.ജെ. യേശുദാസും. ദേവാങ്കണങ്ങള്‍ എന്ന പാട്ടിന് ആറ് ഈണമെങ്കിലും ജോണ്‍സണ്‍ മാസ്റ്റര്‍ ഒരുക്കി. പക്ഷേ, എങ്ങനെയൊക്കെ ചെയ്തിട്ടും എല്ലാ ഈണവും ഒടുവില്‍ ഒരിടത്തേക്ക് ഒഴുകിയെത്തുന്നു. കല്യാണി രാഗത്തിന്റെ വശ്യമനോഹാരിതയിലേക്ക്. മനസിന്റെ ആഴത്തോളം ഇറങ്ങിച്ചെന്ന് കീഴടക്കുന്ന ഈണമായി അതങ്ങനെ വിരിഞ്ഞുനിന്നു. ആര്‍ക്കും എതിരൊന്നും പറയാത്തവിധമുള്ള ഗാനസൃഷ്ടി. പക്ഷേ, അവിടെയും ഒരു പ്രശ്നം ഉയര്‍ന്നുവന്നു. പ്രശ്നമുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു പ്രശ്നം.
ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ഗുഡ്നൈറ്റ് മോഹന്റെ അടുത്ത ചില സുഹൃത്തുക്കള്‍, പാട്ടിന് 'ക്ലാസിക്കല്‍ അംശം' കുറഞ്ഞുപോയെന്ന് അഭിപ്രായം പറഞ്ഞു. കുറച്ചുകൂടിയൊക്കെ ക്ലാസിക്കല്‍ ആകണമെന്നായിരുന്നു അവരുടെ പക്ഷം. മോഹനെയും, എല്ലാത്തിനുമൊടുവില്‍ സംവിധായകനായ പദ്മരാജനെയും വരെ അവര്‍ക്ക് സ്വാധീനിക്കാനായി. അങ്ങനെ തൃശൂരില്‍ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്ക് കൈതപ്രത്തോടും ജോണ്‍സണോടും എത്താന്‍ പറഞ്ഞു. മോഹന്‍ ഇരുവരോടും കാര്യം അവതരിപ്പിച്ചു. കൈതപ്രത്തിനും ജോണ്‍സണും ഒരുപോലെ വിഷമമായി. ഒരു തരത്തിലും വിട്ടുകൊടുക്കാന്‍ ജോണ്‍സണ്‍ ഒരുക്കമായിരുന്നില്ല. "ഈ പാട്ട് ചിത്രത്തിലില്ലെങ്കില്‍ അതിന്റെ ഏറ്റവും വലിയ നഷ്ടം പ്രൊഡ്യൂസറായ നിങ്ങള്‍ക്കായിരിക്കും. ഇനി പാട്ട് മാറ്റിയേ പറ്റൂ എന്നാണെങ്കില്‍, സംഗീത സംവിധാനത്തില്‍ നിന്ന് എന്നെ തന്നെ മാറ്റിയേക്ക്. പപ്പേട്ടന്‍ പറഞ്ഞ സിറ്റുവേഷന് ഇതിലും മികച്ചൊരു ട്യൂണ്‍ എന്റെ ഹാര്‍മോണിയത്തില്‍നിന്ന് വരില്ല" - ജോണ്‍സണ്‍ തീര്‍ത്തുപറഞ്ഞു.
തന്റെ അഭിപ്രായമല്ല അതെന്ന് ആണയിട്ടു പറഞ്ഞ് മോഹന്‍ തണുപ്പിക്കാന്‍ നോക്കിയെങ്കിലും ജോണ്‍സണ്‍ വഴങ്ങിയില്ല. അമ്പിനും വില്ലിനും അടുക്കാതെ അദ്ദേഹം നിലപാടിലുറച്ചു. തൃശൂര്‍ക്കാരായ ഇരുവരുടെയും സൗഹൃദം എക്കാലത്തേക്കുമായി തകര്‍ന്നേക്കാമെന്ന ഘട്ടത്തില്‍, പാട്ട് മാറ്റേണ്ടെന്ന് തീരുമാനമെടുത്തു. അങ്ങനെ ദേവാങ്കണങ്ങള്‍... അതേ ഈണത്തില്‍ ചിത്രത്തിലിടം പിടിച്ചു. ചിത്രത്തിനൊപ്പമോ അതിനുമേറെയോ പാട്ട് ഹിറ്റായി. പലരുടെയും ഫേവറിറ്റായ പാട്ട് കാലാതിവര്‍ത്തിയായി.
എഴുന്നൂറോളം കീര്‍ത്തനങ്ങളും ഒട്ടനവധി സിനിമ, ആല്‍ബം പാട്ടുകളും പിറന്ന കല്യാണി രാഗത്തിലാണ് ജോണ്‍സണ്‍ മാസ്റ്റര്‍ ദേവാങ്കണങ്ങള്‍... ഒരുക്കിയത്. ദേവാങ്കണങ്ങള്‍ക്കു മുന്‍പും ശേഷവും ജോണ്‍സണ്‍ കല്യാണിയില്‍ ഒരുപിടി പാട്ടുകള്‍ ചെയ്തിട്ടുണ്ട്. 1985ല്‍ കലൂര്‍ ഡെന്നിസിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ഒരു കുടക്കീഴില്‍ എന്ന ചിത്രത്തില്‍ പൂവ്വച്ചല്‍ ഖാദര്‍ എഴുതിയ അനുരാഗിണി ഇതാ എന്‍... എന്ന പാട്ടിന് കല്യാണി രാഗമാണ് ഉപയോഗിച്ചത്. ഈ രണ്ടുപാട്ടുകളും തമ്മില്‍ അത്രത്തോളം സാദൃശ്യവും കാണാം. പാതിമെയ് മറഞ്ഞതെന്തേ.... (പാവം പാവം രാജകുമാരന്‍ 1990), പൂത്താലം വലംകയ്യിലേന്തി... (കളിക്കളം 1990 ), പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി... (ചെങ്കോല്‍ 1993), ഇനിയൊന്നു പാടൂ ഹൃദയമേ... (ഗോളാന്തര വാര്‍ത്ത 1993), ചൈത്രനിലാവിന്റെ പൊന്‍ പീലിയാല്‍... (ഒരാള്‍ മാത്രം 1997) എന്നീ ഗാനങ്ങളും കല്യാണി രാഗത്തിലാണ് ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയത്.
കുട്ടിക്കാലത്ത് പള്ളിയില്‍ ക്വയര്‍ പാടിയും, ഗിത്താറും ഹാര്‍മോണിയവും വായിച്ച് സ്കൂള്‍ യുവജനോത്സവങ്ങളിലും, ഗാനമേളകളിലുമൊക്കെ നിറഞ്ഞുനിന്ന ശേഷമാണ് ജോണ്‍ വില്യംസ് എന്ന ജോണ്‍സണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. 1953 മാർച്ച് 26ന് തൃശൂർ നെല്ലിക്കുന്നിലായിരുന്നു ജോണ്‍സണിന്റെ ജനനം. കുട്ടിക്കാലത്ത് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ക്വയര്‍ പാടാനും, ഗിത്താറും ഹാര്‍മോണിയവും പഠിക്കാനും അവസരം ലഭിച്ചു. അങ്ങനെ സ്കൂള്‍ യുവജനോത്സവങ്ങളിലും, ഗാനമേള ട്രൂപ്പുകളിലും പാടാനും ഗിത്താറും ഹാര്‍മോണിയവും വായിക്കാനുമൊക്കെ അവസരം തേടിയെത്തി. 1968ല്‍, പതിനഞ്ചാം വയസില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് 'വോയ്സ് ഓഫ് തൃശൂര്‍' എന്ന പേരില്‍ സംഗീത ക്ലബ്ബ് രൂപീകരിച്ചു. അടിമുടി സംഗീതത്തിലേക്ക് പരകാര പ്രവേശം ചെയ്ത ജോണ്‍സണ്‍ ഗിത്താറിനും ഹാര്‍മോണിയത്തിനുമൊപ്പം, ഫ്ലൂട്ടും ഡ്രംസും വയലിനുമൊക്കെ പഠിച്ചെടുത്തു. കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി 'വോയ്സ് ഓഫ് തൃശൂര്‍' മാറി. പി. ജയചന്ദ്രൻ, പി. മാധുരി എന്നിവരുടെ ഗാനമേളകൾക്ക് പിന്നണിയൊരുക്കിയിരുന്നതും 'വോയ്സ് ഓഫ് തൃശൂര്‍' ആയിരുന്നു.
ജയചന്ദ്രന്‍ ജോണ്‍സണെ ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തി. അതായിരുന്നു ചലച്ചിത്രലോകത്തേക്കുള്ള എന്‍ട്രി. ജോണ്‍സണെ സഹായിയായി ദേവരാജന്‍ മാസ്റ്റര്‍ ഒപ്പംകൂട്ടി. ചെന്നൈയിലെത്തിയ ജോണ്‍സണ്‍ അർജുനൻ മാസ്റ്റർ, എ.ടി. ഉമ്മർ എന്നിവര്‍ക്കൊപ്പവും സഹായിയായി. 1978ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിനായി പശ്ചാത്തല സംഗീതം ചെയ്തുകൊണ്ട് ജോണ്‍സണ്‍ വരവ് അറിയിച്ചു. 1981ല്‍ ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത 'ഇണയെത്തേടി' എന്ന ചിത്രത്തിനായാണ് ആദ്യമായി പാട്ടുകള്‍ക്ക് ഈണമൊരുക്കിയത്. ആർ.കെ. ദാമോദരന്‍ എഴുതിയ 'വിപിനവാടിക കുയിലുതേടി...'എന്ന പാട്ടായിരുന്നു ആദ്യം ചിട്ടപ്പെടുത്തിയത്. പാടിയത് പി. ജയചന്ദ്രനും.
എണ്‍പതുകളെയും തൊണ്ണൂറുകളെയും കീഴടക്കിയ ആ സംഗീതം മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയില്‍ തുടര്‍ന്നു. മുന്നൂറിലേറെ മലയാള ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കിയ ജോണ്‍സണ്‍, പശ്ചാത്തല സംഗീതത്തിലും പ്രതിഭയറിയിച്ചു. 1982ൽ ഓർമ്മക്കായ്, 1989ൽ മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം, 1999ൽ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കി. 1993ൽ പൊന്തന്മാടയിലൂടെ സംഗീതത്തിനും, പശ്ചാത്തല സംഗീതത്തിനുമുള്ള ദേശീയ പുരസ്കാരം നേടി. സംഗീത സംവിധാനത്തിന് മലയാളത്തിന് ലഭിച്ച ആദ്യ ദേശീയ പുരസ്കാരം അതായിരുന്നു. മാത്രമല്ല, സംഗീതത്തിനും, പശ്ചാത്തല സംഗീതത്തിനും ദേശീയ പുരസ്കാരമെന്ന അപൂര്‍വ നേട്ടവും ജോണ്‍സണ്‍ സ്വന്തമാക്കി. 1994ൽ സുകൃതത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം ഒരിക്കല്‍ കൂടി സ്വന്തമാക്കി. പശ്ചാത്തല സംഗീതത്തിന് തുടര്‍ച്ചയായി രണ്ട് തവണ ദേശീയ പുരസ്കാരം എന്നതും മറ്റൊരു റെക്കോഡായി. 2003-2006ലെ ചെറിയ ഇടവേളയ്ക്കുശേഷം സിനിമയില്‍ വീണ്ടും സജീവമായിരിക്കെയാണ് 2011 ഓഗസ്റ്റ് 18ന്, ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തത്.
സിനിമകളുടെ പശ്ചാത്തലത്തെ മനോഹരമാക്കിയ സംഗീതം, അതായിരുന്നു ജോണ്‍സണ്‍ മാസ്റ്ററുടെ തുടക്കം. ആരവത്തില്‍ തുടങ്ങി 2010ല്‍ കടാക്ഷം വരെയത് നീണ്ടു. പൊന്തന്‍മാടയും സുകൃതവും മാത്രമല്ല, ചാമരം, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, തൂവാനത്തുമ്പികള്‍, രാജശില്പി, പാഠം ഒന്ന് ഒരു വിലാപം, സൂര്യഗായത്രി, മണിച്ചിത്രത്താഴ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളെ ജോണ്‍സന്റെ പശ്ചാത്തല സംഗീതം മനോഹരമാക്കി. തൊട്ടതെല്ലാം പൊന്നാക്കി സിനിമാ സംഗീതത്തില്‍ അദ്ദേഹം നിറഞ്ഞുനിന്നു. ആ ഈണങ്ങള്‍ സംഗീതപ്രേമികളുടെ ഇടനെഞ്ചിലേക്ക് കുടിയേറി. അത് അങ്ങനെ തുടരും, അന്നും ഇന്നും എക്കാലവും.