രവീന്ദ്ര ജെയിന്‍ Source: News Malayalam 24X7
MUSIC

സംഗീതം രവീന്ദ്ര ജെയിന്‍ (ചിറ്റ് ചോര്‍ ഫെയിം); ആ സൂപ്പര്‍ഹിറ്റുകള്‍ പിറന്നത് ഇങ്ങനെ...

ചിറ്റ് ചോറിലെ പാട്ടുകള്‍ ഇന്ത്യയാകെ പടര്‍ന്നുപിടിച്ച കാലത്താണ് ജെയിന്‍ മലയാള സിനിമയ്ക്ക് ഈണമൊരുക്കാന്‍ എത്തുന്നത്.

Author : എസ്. ഷാനവാസ്

അന്ധതയെ സംഗീതംകൊണ്ട് ജയിച്ച സംഗീതജ്ഞന്‍. അകക്കണ്ണിന്റെ നിറവില്‍ രവീന്ദ്ര ജെയിന്‍ നെയ്തെടുത്ത ഈണങ്ങള്‍ക്ക് അത്രത്തോളം സൗന്ദര്യമുണ്ടായിരുന്നു. കേള്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന സുന്ദര ഈണങ്ങള്‍. ഗാനരചയിതാവ് കൂടിയായിരുന്നതിനാല്‍, വരികളുടെ ആഴവും അര്‍ത്ഥവും അറിഞ്ഞുള്ള കംപോസിങ്ങിന് മനോഹാരിത ഏറെയായിരുന്നു. ബോളിവുഡില്‍ തരംഗമായ ആ ഈണം മലയാളത്തിലേക്കെത്തുന്നത് 1977ലാണ്. ചിറ്റ് ചോറിലെ പാട്ടുകള്‍ ഇന്ത്യയാകെ പടര്‍ന്നുപിടിച്ച കാലത്താണ് ജെയിന്‍ മലയാള സിനിമയ്ക്ക് ഈണമൊരുക്കാന്‍ എത്തുന്നത്.

പി.വി. ഗംഗാധരന്റെ ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നു. കഥയും സംഭാഷണവും കെ.ടി. മുഹമ്മദ്, തിരക്കഥ, സംവിധാനം ഹരിഹരന്‍. പ്രേംനസീർ, എം.ജി സോമന്‍, ഉമ്മർ, ജയഭാരതി, നന്ദിത ബോസ് എന്നിങ്ങനെ മുൻനിര താരങ്ങളെല്ലാമുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണനെ പാട്ടെഴുതാന്‍ തീരുമാനിച്ചു. സംഗീതം ആര് വേണമെന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, അഭിപ്രായം തേടി അണിയറ പ്രവര്‍ത്തകര്‍ ഗായകന്‍ കെ.ജെ. യേശുദാസിനെ സമീപിച്ചു. 'രവീന്ദ്ര ജെയിന്‍ ആയാലോ' എന്നായിരുന്നു യേശുദാസിന്റെ മറുപടി. ചിറ്റ് ചോറില്‍ ജെയിനിന്റെ ഈണത്തില്‍ യേശുദാസ് പാടിയ പാട്ടുകള്‍ മലയാളവും ഏറ്റുപാടുന്ന കാലം കൂടിയായിരുന്നു അത്. അതുകൊണ്ട് ആര്‍ക്കും എതിരഭിപ്രായം ഇല്ലായിരുന്നു. അതോടെ, സംഗീത സംവിധായകനായി ജെയിനിനെ തീരുമാനിച്ചു.

പക്ഷേ, സന്ദേഹം ഒഴിഞ്ഞിരുന്നില്ല. 'ഹിന്ദിയില്‍ നല്ല തിരക്കുള്ള ജെയിന്‍ മലയാളത്തിലേക്ക് വരുമോ?' ഗംഗാധരനും ഹരിഹരനും ഉള്‍പ്പെടെ സംശയം ഉന്നയിച്ചു. ജെയിനിനെ കിട്ടാന്‍ 'എന്ത് ബുദ്ധിമുട്ട് സഹിക്കാമെന്നും, എത്ര തുക മുടക്കാമെന്നും' ഗംഗാധരന്‍ അറിയിച്ചു. അതോടെ, ആ ചുമതല യേശുദാസ് ഏറ്റെടുത്തു. അത്രമേല്‍ പ്രിയപ്പെട്ട 'യേശു' വിളിച്ചതോടെ, ജെയിന്‍ സമ്മതം അറിയിച്ചു. 'ചെന്നൈയിലേക്ക് വരാന്‍ പറ്റില്ല, കംപോസിങ്ങും റെക്കോഡിങ്ങും ബോംബെയില്‍ വേണം'എന്ന ഒറ്റ കണ്ടീഷന്‍ മാത്രമാണ് ജെയിന്‍ മുന്നോട്ടുവച്ചത്. അതനുസരിച്ച് സുജാതയുടെ അണിയറ പ്രവര്‍ത്തകര്‍ ബോംബെയിലേക്കു പോയി.

ആദ്യം ഈണം, അതനുസരിച്ച് വരികള്‍ എന്നതായിരുന്നു മറ്റു ഭാഷയില്‍നിന്ന് മലയാളത്തില്‍ എത്തുന്ന സംഗീത സംവിധായകരുടെ രീതി. പക്ഷേ, ജയിന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. 'വരികള്‍ എഴുതിയിട്ട്, പറഞ്ഞുതരൂ' എന്നായിരുന്നു ജയിന്‍ മങ്കൊമ്പിനോട് പറഞ്ഞത്. അങ്ങനെ എഴുതുന്ന ഓരോ വരികളും, വാക്കുകളുടെയും വരിയുടെ മൊത്തത്തിലുള്ള അര്‍ത്ഥവും ഉള്‍പ്പെടെ ജെയിനിന് പറഞ്ഞുകൊടുത്തു. ഓരോന്നും ജെയിന്‍ ഹൃദിസ്ഥമാക്കി. വാക്കുകളുടെ സാഹിത്യവും അര്‍ത്ഥഭംഗിയും ചോരാതെ അതിന് ഈണമൊരുക്കി. അങ്ങനെയാണ് സുജാതയിലെ പാട്ടുകള്‍ ഓരോന്നും പിറന്നത്. മൂന്നുനാല് ദിവസങ്ങള്‍ക്കുള്ളില്‍ പാട്ടുകളുടെ രചനയും കംപോസിങ്ങും പൂര്‍ത്തിയായി.

സുജാത സിനിമയുടെ ക്രെഡിറ്റില്‍ രവീന്ദ്ര ജെയിന്‍

നാല് പാട്ടുകളാണ് സുജാതയില്‍ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ താലിപ്പൂ പീലിപ്പൂ താഴമ്പൂ ചൂടിവരും..., കാളിദാസന്റെ കാവ്യഭാവനയെ..., ആശാ ഭോസ്‌ലെ പാടിയ സ്വയംവര ശുഭദിന മംഗളങ്ങൾ..., ഹേമലത പാടിയ ആശ്രിത വൽസലനേ കൃഷ്ണാ... എന്നിവയായിരുന്നു പാട്ടുകൾ. ഹിന്ദി ഗായകരായ ആശാ ഭോസ്‍ലെയെയും ഹേമലതയെയും മലയാളത്തില്‍ ആദ്യമായി പാടിച്ചതിന്റെ ക്രെഡിറ്റും സുജാത സ്വന്തമാക്കി. രണ്ട് ഹിന്ദി ഗായകരെക്കൊണ്ട് മലയാളത്തില്‍ പാടിച്ച സംഗീത സംവിധായകന്‍ എന്ന ക്രെഡിറ്റ് ജയിനിനും സ്വന്തമായി. പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി.

1977ലാണ് സുജാത പുറത്തിറങ്ങുന്നത്. ഓപ്പണിങ് ക്രെഡിറ്റില്‍ സംഗീത സംവിധായകനായി രവീന്ദ്ര ജെയിനിന്റെ പേരിനൊപ്പം ബ്രാക്കറ്റില്‍ ചിറ്റ് ചോര്‍ ഫെയിം എന്ന് കൂടി ചേര്‍ത്തിരുന്നു. റെക്കോഡുകളിലും, പാട്ടുപുസ്തകങ്ങളിലും അത് തുടര്‍ന്നു. സുജാത പുറത്തിറങ്ങി അധികം വൈകാതെയായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. മികച്ച ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയത് ജയിനിന്റെ ഈണത്തില്‍ പിറന്ന ഗാനത്തിനായിരുന്നു. ചിറ്റ് ചോറിലെ ഗോരി തേരാ ഗാവ് ബഡാ പ്യാരാ... എന്ന പാട്ടായിരുന്നു യേശുദാസിന് മൂന്നാമത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. മലയാളത്തില്‍ സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങള്‍ക്കും തരംഗിണിക്കുവേണ്ടി ‘ആവണിപ്പൂച്ചെണ്ട്’ എന്ന ഓണം ആല്‍ബത്തിനും കൂടി ജയിന്‍ ഈണമിട്ടിരുന്നു. രവീന്ദ്ര ജയിന്‍ വിട പറഞ്ഞിട്ട് പത്ത് വര്‍ഷം തികയുന്നു.

SCROLL FOR NEXT