
പൂവിളി പൂവിളി പൊന്നോണമായി... നീ വരൂ നീ വരൂ പൊന്നോണത്തുമ്പി... മലയാളനാട്ടില്‍ ഓണമെത്തിയെന്ന് വിളിച്ചോതുന്ന സിനിമാ പാട്ടുകളിലൊന്ന്. ഓണമോ, ഓണാഘോഷമോ ഇല്ലാത്ത ഒരു സീനിനെ മനോഹരമാക്കിയ പാട്ടാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണത്തിന്റെ നനുത്ത ഓര്‍മകള്‍ സമ്മാനിക്കുന്നത്. 1977ല്‍ പുറത്തിറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലേതാണ് പാട്ട്. സലില്‍ ചൗധരി മലയാളത്തിന് സമ്മാനിച്ച ഈണം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. കെ.ജെ. യേശുദാസിന്റെ ശബ്ദം. ഓരോ ഓണക്കാലത്തും നാം കേള്‍ക്കുന്ന ഈ പാട്ടിന്റെ പിറവിക്കുമുണ്ട് ഒരു കഥ.
കെ.എസ്. ഗോപാലകൃഷ്ണന്റെ കഥയില്‍ ശ്രീകുമാരന്‍ തമ്പി തിരക്കഥയും സംഭാഷണവും എഴുതി ജെ. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് വിഷുക്കണി. കൃഷി, ഗ്രാമീണ ജനതയുടെ നന്മ, മധ്യവര്‍ഗത്തിന്റെ ധനാര്‍ത്തി തുടങ്ങിയ ജീവിതപരിസരങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രേംനസീര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എം.ജി. സോമന്‍, ശാരദ, വിധുബാല, ശങ്കരാടി, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. നാട്ടിലെ ജന്മിയായ, തിക്കുറിശ്ശി അവതരിപ്പിക്കുന്ന രാജേന്ദ്ര പണിക്കരുടെ മകള്‍ രാധികയെ (വിധുബാല) യുവ കര്‍ഷകനായ ഗോപി (പ്രേംനസീര്‍) വിവാഹം കഴിക്കുന്നു. അതിനുശേഷം, ഇരുവരും ഒരുമിച്ച് കൃഷിയിടത്തില്‍ എത്തുമ്പോള്‍, സന്തോഷം പങ്കുവയ്ക്കുന്ന സന്ദര്‍ഭത്തിലാണ് പൂവിളി പൂവിളി പൊന്നോണമായി എന്ന പാട്ട് വരുന്നത്. പ്രേംനസീറും വിധുബാലയും, പാടത്ത് കൃഷിപ്പണിക്കെത്തുന്ന തൊഴിലാളികളുമാണ് സ്ക്രീനില്‍. സലില്‍ ചൗധരി ഒരുക്കിയ ഈണങ്ങള്‍ക്ക് വരികളെഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. കെ.ജെ. യേശുദാസും സംഘവുമാണ് പാട്ട് പാടിയിരിക്കുന്നത്.
വിഷുക്കണിക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ശ്രീകുമാരന്‍ തമ്പിയെ തന്നെയായിരുന്നു പാട്ടുകള്‍ക്ക് വരികളെഴുതാനും നിശ്ചയിച്ചിരുന്നത്. ഈണമൊരുക്കാന്‍ സലില്‍ ചൗധരിയും. ഗാനരചയിതാവെന്ന നിലയില്‍ ശ്രീകുമാരന്‍ തമ്പി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയം കൂടിയായിരുന്നിട്ടും, സലില്‍ ചൗധരിക്ക് അത് അത്രത്തോളം ഉള്‍ക്കൊള്ളാനായില്ല. 1965ല്‍ ചെമ്മീനുവേണ്ടി മലയാളത്തില്‍ സംഗീതം ചെയ്തുതുടങ്ങിയ സലില്‍ ചൗധരി ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി, പി. ഭാസ്കരന്‍ എന്നിവരുടെ ഒന്നോ രണ്ടോ പാട്ടുകളൊഴിച്ചാല്‍, ഈണമിട്ടതെല്ലാം ഒ.എന്‍.വി. കുറുപ്പിന്റെയും വയലാര്‍ രാമവര്‍മ്മയുടെയും വരികള്‍ക്ക് മാത്രമായിരുന്നു. ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് സംവിധായകന്‍ ശശികുമാര്‍ വിശദമായി പരിചയപ്പെടുത്തിയെങ്കിലും, സലില്‍ ചൗധരിയുടെ മുഖം തെളിഞ്ഞില്ല. സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍, "ചെയ്തു നോക്കിയിട്ട് പറ്റുന്നില്ലെങ്കില്‍ നമുക്ക് മാറ്റാം" എന്ന ശശികുമാറിന്റെ വാക്കില്‍, സലില്‍ ചൗധരി സമ്മതിച്ചു.
ചെന്നൈയിലായിരുന്നു കംപോസിങ്. ഹോട്ടല്‍ മുറിയിലിരുന്ന് സലില്‍ ചൗധരി ആദ്യ പാട്ടിന് ഈണമിട്ടു. ഒറ്റ കേള്‍വിയില്‍ തന്നെ സംഗീതപ്രേമികളെ സന്തോഷത്തിലേക്ക് ആനയിക്കുന്ന ഈണം. അടുത്ത ഊഴം ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു. ശശികുമാറിന്റെ മുഖത്ത് ടെന്‍ഷന്‍ കാണാം. എന്നാല്‍ ഇതൊന്നും ശ്രീകുമാരന്‍ തമ്പിയെ ബാധിച്ചില്ല. ഈണം കേട്ട്, അത് ടേപ്പ് റെക്കോര്‍ഡറില്‍ റെക്കോഡ് ചെയ്ത് അദ്ദേഹം അടുത്ത മുറിയിലേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. വരികള്‍ ശശികുമാറിനു നേരെ നീട്ടി. പൂവിളി... പൂവിളി... പൊന്നോണമായി, നീ വരൂ നീ വരൂ പൊന്നോണത്തുമ്പി... ഈണത്തിന്റെ വക്കുപൊട്ടാതെ, മികച്ചൊരു കാവ്യശകലം. സലില്‍ ചൗധരിയുടെ സന്ദേഹങ്ങളും, മുന്‍വിധികളും പൊളിഞ്ഞുവീണു തുടങ്ങി.
അടുത്തത് ഒരു താരാട്ടുപാട്ടായിരുന്നു. പല്ലവിയില്‍നിന്ന് അനുപല്ലവിയിലേക്ക് ഇഴമുറിയാതെ നീണ്ടുപോകുന്ന ഈണമാണ് സലില്‍ ചൗധരി അതിനായി ഒരുക്കിയത്. വരികളെഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം ചെറുതല്ലാത്ത വെല്ലുവിളി. പക്ഷേ, മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ... എന്ന കാവ്യഭംഗിയാര്‍ന്ന വരികളെഴുതി ശ്രീകുമാരന്‍ തമ്പി പിന്നെയും ഞെട്ടിച്ചു. അതോടെ, സലില്‍ ചൗധരി ഫ്ലാറ്റ്. വളരെ സന്തോഷത്തോടെ അദ്ദേഹം ശ്രീകുമാരന്‍ തമ്പിയെ കെട്ടിപ്പിടിച്ചു, കൂടെയൊരു കോംപ്ലിമെന്റും, "ഞാനിതുവരെ കണ്ടിട്ടുള്ളവരില്‍ ഏറ്റവും വേഗത്തില്‍ പാട്ടെഴുതുന്നയാള്‍".
പിന്നാലെ, സലില്‍ ചൗധരി ഒരു ആഗ്രഹം ശ്രീകുമാരന്‍ തമ്പിയോട് പറഞ്ഞു. "ഇന്ത്യയിലെ പല ഗാനരചയിതാക്കളോടും പറഞ്ഞിട്ടും സാധ്യമാകാത്തൊരു ഈണമുണ്ട്. രണ്ടക്ഷരമുള്ള വാക്കുകള്‍ കൊണ്ട് വരികളെഴുതിയെങ്കില്‍ മാത്രമേ ആ ഈണത്തിന് പിറവിയുള്ളൂ" - ഈ വാക്കുകളെയും വെല്ലുവിളി പോലെ തന്നെ ശ്രീകുമാരന്‍ തമ്പി ഏറ്റെടുത്തു. വരികള്‍ ഇങ്ങനെ പിറന്നു: കണ്ണിൽ പൂവ്.. ചുണ്ടിൽ പാല് തേന്..., കാറ്റിൽ തൂവും കസ്തൂരി നിൻ വാക്ക്... അവിടെയും സലില്‍ ചൗധരി തോറ്റു. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ എളുപ്പമായി. രാപ്പാടി പാടുന്ന രാഗങ്ങളില്‍, പൊന്നുഷസ്സിനുപവനങ്ങള്‍ പൂവിടും, ഏഹേയ് മുന്നോട്ടു മുന്നോട്ട് കാളേ... എന്നിങ്ങനെ ആകെ ആറ് പാട്ടുകള്‍ ഇരുവരും ചേര്‍ന്നൊരുക്കി. എല്ലാം ഒന്നിനൊന്ന് മികച്ച പാട്ടുകള്‍. സംഗീതപ്രേമികള്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന ഈണങ്ങള്‍. അതില്‍ പൂവിളി.. പൂവിളി.. പൊന്നോണമായി... ഓണക്കാലത്തെ ആഘോഷമാക്കുന്നു.