എസ്.പി. വെങ്കിടേഷ് News Malayalam 24X7
MUSIC

വെങ്കിടേഷ് ഗിറ്റാറില്‍ വെറുതെ വായിച്ച ഈണങ്ങള്‍; മലയാളത്തിന് കിട്ടിയത് എവര്‍ ഗ്രീന്‍ ഹിറ്റുകള്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും പിറന്ന സൂപ്പര്‍ഹിറ്റ് സിനിമകളുടെ എനര്‍ജി വെങ്കിടേഷിന്റെ ബിജിഎമ്മോ ഈണമോ ആയിരുന്നു.

Author : എസ്. ഷാനവാസ്

മലയാളത്തില്‍ തൊട്ടതെല്ലാം ഹിറ്റാക്കിയ സംഗീതജ്ഞനായിരുന്നു എസ്.പി. വെങ്കിടേഷ്. പശ്ചാത്തല സംഗീതത്തിനു പിന്നാലെ, സംഗീത സംവിധാനത്തിലേക്ക് കടന്ന വെങ്കിടേഷ് ശ്രവ്യസുന്ദര ഈണങ്ങള്‍കൊണ്ട് സ്വന്തം സിംഹാസനം ഉറപ്പിക്കുകയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും പിറന്ന സൂപ്പര്‍ഹിറ്റ് സിനിമകളുടെ എനര്‍ജി വെങ്കിടേഷിന്റെ ബിജിഎമ്മോ ഈണമോ ആയിരുന്നു. മെലഡികൊണ്ടും, യുവതലമുറയെ ത്രസിപ്പിച്ച ചടുലതാളംകൊണ്ടും വെങ്കിടേഷ് മലയാള സിനിമയിലെ പൊന്നിന്‍താരമായി. ഗിറ്റാറില്‍ വെറുതെ മീട്ടുന്ന ഈണങ്ങളില്‍ പോലും വെങ്കിടേഷ് മാജിക് ഒളിപ്പിച്ചുവച്ചിരുന്നു. അത് മനസിലാക്കിയവര്‍, ആ ഈണങ്ങളില്‍ പാട്ടിനായി വാശി പിടിച്ചതും അവ പിന്നീട് സൂപ്പര്‍ഹിറ്റായി മാറിയ സംഭവങ്ങളും ഒട്ടനവധിയുണ്ട്.

1991ല്‍ ഡെന്നിസ് ജോസഫിന്റെ കഥയില്‍ പല്ലിശേരി തിരക്കഥയും സംഭാഷണവും എഴുതി ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'തുടര്‍ക്കഥ'. തമ്പി കണ്ണന്താനം നിര്‍മിച്ച ചിത്രത്തില്‍ നാല് പാട്ടുകളാണ് നിശ്ചയിച്ചിരുന്നത്. ഒഎന്‍വിയുടെ വരികളില്‍ ആതിര വരവായി..., അളകാപുരിയില്‍ അഴകിന്‍ വനിയില്‍..., മഴവില്ലാടും മലയുടെ മുകളില്‍..., ശരറാന്തല്‍ പൊന്നും പൂവും... എന്നിങ്ങനെ നാല് മികച്ച ഗാനങ്ങള്‍ തന്നെ വെങ്കിടേഷ് ഒരുക്കി. അളകാപുരിയില്‍ അഴകിന്‍ വനിയില്‍... എന്ന പാട്ട് എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ചേര്‍ന്നാണ് പാടിയത്. മറ്റെല്ലാ പാട്ടുകളും ശ്രീകുമാറാണ് പാടിയത്.

എവിഎം സ്റ്റുഡിയോയിലായിരുന്നു പാട്ടുകളുടെ റെക്കോഡിങ്. റെക്കോഡിങ്ങുകളെല്ലാം പൂര്‍ത്തിയാക്കി എല്ലാവരും വിശ്രമിക്കുന്ന സമയം. ഒഎന്‍വി തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെ ഡെന്നിസ് വെങ്കിടേഷിന് അടുത്തെത്തി. "ഗിറ്റാറില്‍ ഞങ്ങള്‍ക്കായി എന്തെങ്കിലും വായിക്കൂ" എന്നതായിരുന്നു ഡെന്നിസിന്റെ ആവശ്യം. ഒരു നിമിഷംപോലും പാഴാക്കാതെ വെങ്കിടേഷ് ഗിറ്റാറില്‍ വിരലുകളോടിച്ചു. ഡെന്നിസ് ഒരു നിമിഷം തരിച്ചുനിന്നു, പിന്നാലെ പറഞ്ഞു: "ഈ ഈണത്തില്‍ കൂടി ഒരു പാട്ട് വേണം". വിമാനം പിടിക്കാന്‍ ധൃതിവയ്ക്കുന്ന ഒഎന്‍വിയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചു. യാത്ര ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഈണം കേട്ട ഒഎൻവി പൊടുന്നനെ രണ്ട് വരികളെഴുതി നല്‍കി. ബാക്കി നാട്ടിലെത്തിയിട്ട് തരാമെന്ന് പറഞ്ഞ് യാത്ര തിരിച്ചു. നാട്ടിലെത്തിയ ഒഎന്‍വി ബാക്കി വരികള്‍ കൂടി എഴുതിക്കൊടുത്തു. "മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ, കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ...". ശ്രീകുമാറും ചിത്രയും ചേര്‍ന്ന് പാടിയ പാട്ട്, ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി.

1992ല്‍ ഡെന്നിസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി, ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കിഴക്കന്‍ പത്രോസി'നുമുണ്ട് സമാന കഥ. ചിത്രത്തില്‍ മൂന്ന് പാട്ടുകളാണ് നിശ്ചയിച്ചത്. വരികളെഴുതുന്നത് ഒഎന്‍വി. വെങ്കിടേഷ് ചെയ്ത ഈണങ്ങളില്‍ നിന്ന് പാട്ടുകള്‍ പിറന്നു. യേശുദാസും ചിത്രയും പാടിയ നീരാഴിപ്പെണ്ണിന്റെ..., യേശുദാസ് പാടിയ വേല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍..., തുടി കൊട്ടി പാടുന്ന... എന്നിവയായിരുന്നു ഗാനങ്ങള്‍. ഇവയ്ക്കൊപ്പം വെങ്കിടേഷ് മൂളിയൊരു ഈണം ഡെന്നിസിനും, സുരേഷിനും, നായകനായ മമ്മൂട്ടിക്കും വളരെ ഇഷ്ടമായി. അതൊരു പാട്ടായി തന്നെ ചിത്രത്തില്‍ വേണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഈണത്തിന് വരികള്‍ എഴുതാമെന്ന് ഒഎന്‍വി സമ്മതിച്ചതോടെ, ഒരു പാട്ട് കൂടി പിറവിയെടുത്തു.

പാതിരാക്കിളീ...വരൂ പാല്‍ക്കടല്‍ക്കിളി... ഓണമായിതാ തിരുവോണമായിതാ... ഒന്നാന്തരം ഓണപ്പാട്ടാണ് ഒഎന്‍വിയുടെ രചനയില്‍ പിറന്നത്. യേശുദാസിന്റെ ശബ്ദത്തില്‍ അത് മികച്ച ഗാനമായി പുറത്തുവന്നു. പക്ഷേ, പാട്ട് സിനിമയില്‍ എവിടെ ചേര്‍ക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലായിരുന്നു. പാട്ടിന് പറ്റിയ സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പാട്ട് ഒഴിവാക്കാന്‍ ആര്‍ക്കും മനസും വന്നില്ല. അങ്ങനെ, ആ പാട്ട് സിനിമയുടെ ടൈറ്റില്‍ സോങ്ങായി മാറി. ചിത്രത്തിലെ മറ്റ് പാട്ടുകളേക്കാള്‍ പാതിരാക്കിളി ഹിറ്റായി. കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തെ അടയാളപ്പെടുത്തുന്ന പാട്ടായി പാതിരാക്കിളി മാറി. ഓണപ്പാട്ട് എന്ന നിലയിലും പാതിരാക്കിളി... കൂടുതല്‍ സ്വീകാര്യമായി.

കഥ അവിടെയും തീര്‍ന്നില്ല. പാതിരാക്കിളിയുടെ ഈണം ഇഷ്ടപ്പെട്ട മറ്റൊരു സംവിധായകന്‍ കൂടിയുണ്ടായിരുന്നു, പ്രിയദര്‍ശന്‍. ഒരു ടൈറ്റില്‍ സോങ്ങായി ഒതുക്കേണ്ടതായിരുന്നില്ല, നല്ല രീതിയില്‍ പാട്ട് പ്ലേസ് ചെയ്യണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രിയദര്‍ശന്‍. ഒരവസരം വന്നാല്‍ ഈണം പ്രയോജനപ്പെടുത്തുമെന്നും, എതിര്‍പ്പ് പറയരുതെന്നും പ്രിയദര്‍ശന്‍ അന്നു തന്നെ പറഞ്ഞു. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം, 1998ൽ തേൻമാവിൻ കൊമ്പത്ത് സാത് രംഗ് കേ സപ്‌നേ എന്ന പേരില്‍ ഹിന്ദിയില്‍ എടുത്തപ്പോൾ ജൂഠ് ബോൽ നാ സച് ബാത് ബോൽ ദേ... എന്ന പാട്ടിനായി പാതിരാക്കിളിയുടെ ഈണം പ്രിയദർശൻ ഉപയോഗിച്ചു.

മലയാളത്തില്‍ ടൈറ്റില്‍ സോങ്ങായി ഒതുങ്ങിയ പാട്ടിന്, ഹിന്ദി ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ വലിയ കാഴ്ചയൊരുക്കി. വെങ്കിടേഷിന്റെ ഈണത്തിന് നദീം-ശ്രാവണ്‍ പുതിയ ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കി. ഉദിത് നാരായണ്‍ ആയിരുന്നു ഗായകന്‍. ഈണം ഹിന്ദിയിലും ഹിറ്റായി. അരവിന്ദ് സ്വാമി, ജൂഹി ചൗള, അനുപം ഖേര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ ചെയ്ത ചിത്രം അമിതാഭ് ബച്ചനായിരുന്നു നിര്‍മിച്ചത്.

SCROLL FOR NEXT