സലില്‍ ചൗധരി Source: News Malayalam 24X7
MUSIC

ഭലോബാഷി ബോലെ ഭലോബാഷി ബോലി നാ... സലില്‍ ദായുടെ ബംഗാളി കവിത മലയാളത്തില്‍ എത്തിയപ്പോള്‍ എവര്‍ഗ്രീന്‍ ഹിറ്റ്

പഴയ, പുതിയ തലമുറകള്‍ ഒരുപോലെ പാടുകയും ആസ്വദിക്കുകയും ചെയ്യുന്ന പാട്ടായി അത് മാറി എന്നതാണ് പില്‍ക്കാല ചരിത്രം.

Author : എസ്. ഷാനവാസ്

പുറക്കാട് കടലിലെ ചാകരക്കോളിനൊപ്പം മലയാളത്തില്‍ ആദ്യമായി അലയടിച്ച സംഗീതം, സലില്‍ ചൗധരി. മലയാളികള്‍ നെഞ്ചേറ്റിയ സലില്‍ദാ. 1966ല്‍ ചെമ്മീനില്‍ തുടങ്ങി 1995ല്‍ തുമ്പോളി കടപ്പുറം വരെയുള്ള ചിത്രങ്ങളിലായി നൂറ്റിപ്പത്തോളം ഗാനങ്ങള്‍. എത്ര കണ്ടാലും മടുക്കാത്ത കടല്‍പോലെ, എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍. വിരഹവും, സന്തോഷവും, പ്രതീക്ഷയും, താരാട്ടും, ഓണവും, ആഘോഷവുമൊക്കെ സലില്‍ ദായുടെ ഈണത്തില്‍ മലയാളം കേട്ടു. ഈണമൊരുക്കിയ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റ്. ബംഗാളിയില്‍നിന്നും ഹിന്ദിയില്‍ നിന്നുമൊക്കെ ചില ഈണങ്ങള്‍ മലയാളത്തിലേക്ക് കടംകൊണ്ടു, ചിലപ്പോഴൊക്കെ തിരിച്ചും. എല്ലാം കാലാതിവര്‍ത്തികള്‍. മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രത്തിലും അത്തരത്തിലൊരു ഗാനം പിറന്നിരുന്നു. ബംഗാളിയില്‍ സലില്‍ ദാ എഴുതി ഈണമിട്ട ഒരു കവിതയായിരുന്നു അതിന്റെ പ്രചോദനം. പഴയ, പുതിയ തലമുറകള്‍ ഒരുപോലെ പാടുകയും ആസ്വദിക്കുകയും ചെയ്യുന്ന പാട്ടായി അത് മാറി എന്നതാണ് പില്‍ക്കാല ചരിത്രം.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സലില്‍ ചൗധരി മലയാളം ചിത്രത്തിന് പാട്ടൊരുക്കാന്‍ എത്തിയത്. ഉണ്ണി ജോസഫിന്റെ കഥയ്ക്ക് കലൂര്‍ ഡെന്നിസ് തിരക്കഥയൊരുക്കി ജയരാജ് സംവിധാനം ചെയ്യുന്ന തുമ്പോളി കടപ്പുറം. മനോജ് കെ. ജയന്‍, പ്രിയ രാമന്‍, വിജയരാഘവന്‍, സില്‍ക്ക് സ്മിത തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍. കടപ്പുറത്തെ ജീവിതം തന്നെയാണ് പ്രമേയം. ചിത്രത്തിലെ പാട്ടുകള്‍ക്ക് വരികളെഴുതാന്‍ നിശ്ചയിച്ചത് ഒഎന്‍വിയെ ആയിരുന്നു. സംഗീത സംവിധായകനായി സലില്‍ ചൗധരിയെയാണ് ജയരാജ് നിര്‍ദേശിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവ് മഹാരാജ ശിവാനന്ദന്‍ വളരെ സന്തോഷത്തോടെ ആ നിര്‍ദേശം അംഗീകരിച്ചതോടെ കംപോസിങ് ആരംഭിച്ചു.

സലില്‍ ദാ മൂളുന്ന ഈണത്തിനനുസരിച്ചാണ് ഒഎന്‍വി വരികളെഴുതുന്നത്. പക്ഷേ, എത്രയൊക്കെ ചെയ്തിട്ടും പാട്ട് ശരിയായി വരുന്നില്ല. നിരാശയോ, ആശങ്കയോ നിറഞ്ഞൊരു രാത്രിയില്‍ ജയരാജ് മറ്റൊരു നിര്‍ദേശം മുന്നോട്ടുവച്ചു: "നമുക്ക് ഇതുവരെ ചെയ്തതെല്ലാം മറക്കാം. അങ്ങേയ്ക്ക് ഇഷ്ടപ്പെട്ട വരികളോ ഈണങ്ങളോ ഉണ്ടെങ്കില്‍ പറയൂ. നമുക്ക് അതില്‍നിന്ന് എന്തെങ്കിലും ചെയ്യാം". ഉടന്‍ തന്നെ സലില്‍ ദാ ബംഗാളിയില്‍ എഴുതി ഈണമിട്ട ഒരു കവിത മൂളി. "ഭലോബാഷി ബോലെ ഭലോബാഷി ബോലി നാ...". 'ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനാല്‍, നിന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നില്ല'എന്നാണ് ആദ്യ വരികളുടെ അര്‍ഥം. അതിന്റെ ഈണം ജയരാജിന് നന്നേ പിടിച്ചു. 'അത് തന്നെ മലയാളത്തിലേക്ക് എടുത്താലോ' എന്നൊരു നിര്‍ദേശവും ജയരാജ് മുന്നോട്ടുവച്ചു. സലില്‍ ദായ്ക്കും അത് സന്തോഷമുള്ള കാര്യമായിരുന്നു. അങ്ങനെ ഒഎന്‍വിയെ ഈണം കേള്‍പ്പിച്ചു. അദ്ദേഹത്തിനും അത് ഇഷ്ടമായി. ഈണത്തിനനുസരിച്ചുള്ള, ഗംഭീര വരികളുമായി ഒഎന്‍വിയും എത്തിയതോടെ... ആ ഗാനം പിറവിയെടുത്തു. കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ....

ചെന്നൈ എവിഎം സി സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റെക്കോഡിങ്. ഈണവും വരികളുമൊക്കെ കേട്ട് കണ്ണുകള്‍ നിറഞ്ഞാണ് യേശുദാസ് അതിന് അതിമനോഹരമായി ശബ്ദം പകര്‍ന്നത്. റെക്കോഡിങ് കഴിഞ്ഞതോടെ പാട്ട് സൂപ്പര്‍ഹിറ്റാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. അത് പിന്നീട് കാലം തെളിയിച്ചു. മ്യൂസിക് റിയാലിറ്റി ഷോകളില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവരും പാടുന്ന പാട്ടായി കാതിന്‍ തേന്‍മഴയായ് മാറി. കെ.എസ്. ചിത്രയുടെ ശബ്ദത്തിലും ആ പാട്ട് പുറത്തുവന്നിരുന്നു. കവര്‍, അണ്‍ പ്ലഗ്‌ഡ് വേര്‍ഷനുകളിലൂടെ പുതിയ തലമുറയിലേക്കും ആ തേന്‍മഴ പെയ്തുകൊണ്ടിരിക്കുന്നു.

ചിത്രത്തില്‍ മൂന്ന് പാട്ടുകള്‍ക്കു കൂടി സലില്‍ ദാ ഈണമിട്ടു. അതില്‍ ഓളങ്ങളേ ഓടങ്ങളേ... എന്ന പാട്ട് അസാധ്യമായാണ് ചിത്ര പാടിയിരിക്കുന്നത്. ഐറ്റം, ഡാന്‍സ് നമ്പറുകളില്‍ മാത്രം വെള്ളിത്തിരയില്‍ കാണാറുള്ള സില്‍ക്ക് സ്മിതയാണ് പാട്ടില്‍ പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. വരവേൽക്കയായ് ഏകാന്തവീഥി... എന്ന പാട്ട് പാടിയിരിക്കുന്നത് യേശുദാസാണ്. ഇതാരോ ചെമ്പരുന്തോ പറക്കും തോണീയായ് മേലേ... എന്ന പാട്ട് യേശുദാസും സുനന്ദയും സംഘവുമാണ് പാടിയിരിക്കുന്നത്. ചാകരക്കാലത്തെ കടല്‍മക്കളുടെ സന്തോഷവും പ്രതീക്ഷയുമൊക്കെ നിറഞ്ഞ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ ജീവിതം വരച്ചിട്ട ചെമ്മീനിലൂടെയാണ് സലില്‍ ചൗധരി എന്ന സംഗീത വിസ്മയം മലയാള സിനിമയിലെത്തുന്നത്. കവിയും സംഗീതജ്ഞനുമായ സലില്‍ ദായുടെ ഈണങ്ങളിലേക്ക് വയലാറിന്റെ വരികള്‍ ചേര്‍ന്നൊഴുകിയപ്പോള്‍ ലഭിച്ചത് എത്ര കേട്ടാലും മതിവരാത്ത നാല് പാട്ടുകള്‍. മാനസമൈനേ വരൂ.... മധുരം നുള്ളി തരൂ... എന്ന് മലയാളം അറിയാത്ത മന്നാഡെ നമുക്ക് പാടിത്തന്നു. കെ.ജെ. യേശുദാസും പി. ലീലയും കെ.പി. ഉദയഭാനുവും ശാന്ത പി. നായരും കൂടി സലില്‍ ദായുടെ ഈണത്തിന് സ്വരം പകര്‍ന്നപ്പോള്‍ കടലിനക്കരെപ്പോണോരേ..., പുത്തന്‍ വലക്കാരെ...., പെണ്ണാളേ പെണ്ണാളേ... എന്നിങ്ങനെ പാട്ടുകള്‍ കൂടി മലയാളത്തിന് ലഭിച്ചു. ചെറിയ ചെറിയ ഇടവേളകളില്‍ ആ സംഗീതം പിന്നെയും മലയാള സിനിമയെ തൊട്ടുതലോടി പോയി.

27 ചിത്രങ്ങളിലായി നൂറ്റിപ്പത്തോളം പാട്ടുകളാണ് സലില്‍ ദാ മലയാളത്തിന് നല്‍കിയത്. ഒഎന്‍വി കുറുപ്പിനൊപ്പമാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ചെയ്തത്. വയലാര്‍, ശ്രീകുമാരന്‍ തമ്പി, പി. ഭാസ്കരന്‍, കൈതപ്രം, യൂസഫലി കേച്ചേരി തുടങ്ങിയവരുടെ വരികള്‍ക്കും ഈണമൊരുക്കി. എല്ലാമെല്ലാം എവര്‍ഗ്രീന്‍ ഹിറ്റുകളാണ്. തലമുറകള്‍ തോറും പകരപ്പെടുന്ന സംഗീത വിസ്മയം. ഓണത്തിന്റെ വരവറിയിച്ച് മലയാളികള്‍ ഉള്ളിടത്തെല്ലാം ഇന്നും മുഴങ്ങുന്ന പൂവിളി... പൂവിളി... പൊന്നോണമായി... സലില്‍ ദായുടെ ഈണമാണ്. പല്ലവിയില്‍നിന്ന് അനുപല്ലവിയിലേക്ക് ഇഴമുറിയാതെ നീണ്ടുപോകുന്ന ഈണത്തിലൊരുക്കിയ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ... എന്ന താരാട്ട്, ലത മങ്കേഷ്കറിന്റെ ഏക മലയാളം പാട്ടായ കദളി കണ്‍കദളി..., മഴവില്‍ക്കൊടി കാവടി..., നീലപ്പൊന്മാനെ..., കേളീ നളിനം..., ഓണപ്പൂവേ പൂവേ..., മനയ്ക്കലെ തത്തേ..., സന്ധ്യേ കണ്ണീരിതെന്തേ..., സാഗരമേ ശാന്തമാക നീ..., ഓര്‍മകളേ കൈവള ചാര്‍ത്തി..., നീ വരൂ കാവ്യദേവതേ, മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു... എന്നിങ്ങനെ കാതില്‍ തേന്മഴ തീര്‍ക്കുന്ന പാട്ടുകള്‍.

SCROLL FOR NEXT