'സീൻ' സിനിമയിൽ സൂര്യയും നസ്രിയയും 
MUSIC

'എയറോപ്ലെയിൻ'; സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' രണ്ടാം ഗാനം പുറത്ത്

നവംബർ ആറിന് ദീപാവലി റിലീസായാണ് 'സീൻ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം ‘എയറോപ്ലെയിൻ' ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രാജ് പ്രിയൻ ആണ്. ഗാനാ ബാലയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘സീൻ’. നേരത്തെ പുറത്തുവിട്ട ‘ആതി ഇവ യാരാ’ എന്ന ആദ്യ ഗാനത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ജൂക്ക്ബോക്സിനായുള്ള കാത്തിരിപ്പിലാണ് സുഷിൻ ആരാധകർ.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളുമുള്ള ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസർ കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്‌ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ഹിറ്റാണ് സൂര്യ ലക്ഷ്യമിടുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്. മലയാളത്തിൽ ഒരുമിച്ച ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ആദ്യമായി തമിഴിൽ ഒന്നിക്കുകയാണ്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

SCROLL FOR NEXT