കൊച്ചി: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും. ജേക്സ് ബിജോയ് ഈണമിട്ട് കെ.എസ്. ചിത്ര ആലപിച്ച 'തളിരോമലാളെ' എന്ന ഗാനത്തിന്റെ സ്നീക്ക് പീക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗാനത്തിന്റെ പൂർണരൂപം പുറത്തിറങ്ങും.
ഓഗസ്റ്റ് ഏഴിനാണ് 'തുടക്കം' ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും അഭിനയിക്കുന്നുണ്ട്. 'എമ്പുരാനി'ൽ നിർണായകമായ ഒരു സീനിൽ ആശിഷ് അഭിനയിച്ചിരുന്നു.
ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയാണ് 'തുടക്കം' എന്നാണ് പുറത്തുവരുന്ന വിവരം. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അഭിനയിക്കുന്നതായാണ് സൂചന. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.