ENTERTAINMENT

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഡൽഹിക്ക് പുറത്തേക്ക്; മമ്മൂട്ടി ഉൾപ്പെടെ അവാർഡ് സ്വീകരിക്കുക ഗുജറാത്തിൽ

ഗുജറാത്തിലെ കേവാഡിയയിലാകും 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടക്കുക

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് രാജ്യതലസ്ഥാനമായ ഡൽഹിക്ക് പുറത്താകും നടക്കുകയെന്ന് റിപ്പോർട്ടുകൾ. പിടിഐ റിപ്പോർട്ട് പ്രകാരം, ഗുജറാത്തിലെ കേവാഡിയയിലാകും 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടക്കുക. സെപ്റ്റംബർ 22ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെവാഡിയ. 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമയ്ക്ക് 597 അടി ഉയരമുണ്ട്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഏകതാ നഗർ എന്നാണ് ഇപ്പോൾ ഈ പ്രദേശം അറിയപ്പെടുന്നത്.

1954ൽ നടന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് നടന്നത്. അന്നുമുതൽ ഭൂരിഭാഗം പുരസ്‌കാര വിതരണ ചടങ്ങുകൾക്കും ആതിഥേയത്വം വഹിക്കുന്നത് വിജ്ഞാൻ ഭവൻ ആണ്. ഈ പതിവിനാണ് ഇപ്പോൾ മാറ്റം വരുന്നത്. രാജ്യത്തെ പ്രധാന പരിപാടികളും ചടങ്ങുകളുമെല്ലാം ഗുജറാത്തിൽവച്ച് നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണവേദിയുടെ മാറ്റം.

ജൂലൈയിലാണ് 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 'ആർട്ടിക്കിൾ 370' ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടിയും 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

'ഫെമിനിച്ചി ഫാത്തിമ'യാണ് മികച്ച മലയാള ചിത്രം. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി.

2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്ന് 11 അംഗ കേന്ദ്ര ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മലയാളി സംവിധായകൻ ജയരാജ് ആയിരുന്നു ദേശീയ അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാൻ.

SCROLL FOR NEXT