നവ്യ നായർ Source : Facebook
ENTERTAINMENT

"പണമടയ്ക്കാന്‍ 28 ദിവസത്തെ സമയമുണ്ട്, അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് മെയിലും അയച്ചു"; മുല്ലപ്പൂവിന് പിഴ ഈടാക്കിയതിനെ കുറിച്ച് നവ്യ നായര്‍

യാത്രയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നവ്യ നായർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ക്ക് ഓസ്ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നവ്യ. എച്ച്ടി സിറ്റി സിംഗപ്പൂരിനോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

"ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്. ബാഗില്‍ ഒളിപ്പിച്ചു വച്ചല്ല ഞാന്‍ മുല്ലപ്പൂ കൊണ്ടുപോയത്. അത് എന്റെ തലയിലായിരുന്നു. എന്നാല്‍, യാത്രയ്ക്കു മുമ്പ് അത് ഡിക്ലയര്‍ ചെയ്യാന്‍ വിട്ടുപോയി. ചെടികളുടെ ഭാഗങ്ങളും പൂക്കളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു എന്ന് അവര്‍ പറഞ്ഞു. യാത്രയുടെ തുടക്കത്തില്‍ പൂക്കള്‍ എന്റെ ബാഗില്‍ വച്ചിരുന്നതുകൊണ്ട് സ്‌നിഫര്‍ ഡോഗ്‌സ് അത് മണത്തു", നവ്യ പറഞ്ഞു.

"പണമടയ്ക്കാന്‍ 28 ദിവസത്തെ സമയമുണ്ട്. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് ഒരു മെയില്‍ അയയ്ക്കാമെന്ന് അവര്‍ എന്നോട് പറഞ്ഞു. അതുകൊണ്ട്, അന്ന് രാത്രി തന്നെ ഞാന്‍ അവര്‍ക്കൊരു മെയില്‍ അയച്ചു. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാല്‍, എന്റെ കയ്യില്‍ നിന്ന് 1980 ഓസ്ട്രേലിയന്‍ ഡോളറാണ് (1.14 ലക്ഷം രൂപ) ഈടാക്കിയത്. അതില്‍ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല", എന്നും നടി വ്യക്തമാക്കി.

"ഇതൊരു രാജ്യത്തിന്റെ നിയമമാണ്, എനിക്ക് അത് അനുസരിക്കണം. അല്ലാതെ മറ്റു വഴിയില്ല. ഞാന്‍ അവരോട് അഭ്യര്‍ഥിക്കുകയും അത് മനഃപൂര്‍വമായിരുന്നില്ലെന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്തു. മാനുഷിക പരിഗണനയില്‍ അവര്‍ക്ക് ആ പൂക്കള്‍ എടുത്ത് അവിടെ വയ്ക്കാമായിരുന്നു. എനിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു തന്നെ അവര്‍ക്കെന്നെ വിട്ടയയ്ക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് എനിക്കതില്‍ അഭിപ്രായം പറയാന്‍ കഴിയില്ല", നവ്യ അഭിപ്രായപ്പെട്ടു.

"എനിക്കുണ്ടായ ഈ പ്രശ്‌നം നാട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്, അതിനാല്‍ യാത്രയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഈ നിയമങ്ങള്‍ തികച്ചും കര്‍ശനവും വളരെ കടുപ്പമുള്ളതുമാണ്. അതുകൊണ്ട് ഇത് അത്ര എളുപ്പമല്ല, ഡിക്ലറേഷന്‍ ഫോം എന്നത് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വിട്ടുപോയേക്കാവുന്ന ചെറിയൊരു ഫോം ആണ്", അവര്‍ കൂട്ടിച്ചേര്‍ത്തു.

പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് നവ്യ കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യയ്ക്കെതിരെ പിഴ ചുമത്തിയത്. തിരുവോണ ദിവസമായിരുന്നു താരത്തിന് മെല്‍ബണില്‍ പരിപാടി. യാത്രയുടെ ദൃശ്യങ്ങള്‍ അടക്കം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT