മീരാ നായരും സൊഹ്റാൻ മംദാനിയും Source: X
ENTERTAINMENT

എപ്സ്റ്റീൻ ഫയലുകളിൽ മീരാ നായരും; സിനിമയുടെ ആഫ്റ്റർ പാർട്ടി ലൈംഗിക കുറ്റവാളിയുടെ വീട്ടിൽ, പ്രതികരിക്കാതെ മംദാനി

ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും ലോകപ്രശസ്ത ചലച്ചിത്രകാരിയുമാണ് മീരാ നായർ

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളിൽ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും ചലച്ചിത്രകാരിയുമായ മീരാ നായരെപ്പറ്റിയും പരാമർശം. 2009ൽ മീരാ നായർ സംവിധാനം ചെയ്ത 'അമീലിയ' എന്ന ചിത്രത്തിന്റെ ആഫ്റ്റർ പാർട്ടി എപ്സ്റ്റീന്റെ കൂട്ടാളിയും സെക്സ് ട്രാഫിക്കറുമായ ജിസ്‌ലെയ്ൻ മാക്സ്‍വെല്ലിന്റെ വീട്ടിലാണ് നടന്നതെന്നും ഈ പരിപാടിയിൽ സംവിധായിക പങ്കെടുത്തു എന്നുമാണ് രേഖകളിൽ പറയുന്നത്.

വെള്ളിയാഴ്ചയാണ്, മൂന്ന് ദശലക്ഷത്തിലധികം പേജുകൾ വരുന്ന രേഖകളും 2000ൽ അധികം വീഡിയോകളും 180,000 ചിത്രങ്ങളും അടങ്ങുന്ന പുതിയ രേഖകൾ യുഎസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതിൽ, പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ, 2009 ഒക്ടോബർ 21ന് എപ്സ്റ്റീന് അയച്ച ഇമെയിലിൽ ആണ് മീരാ നായരും പല പ്രമുഖരും പങ്കെടുത്ത ആഫ്റ്റർ പാർട്ടിയെപ്പറ്റിയുള്ള വിശദാംശങ്ങളുള്ളത്. പാർട്ടി കഴിഞ്ഞുടൻ അയച്ച മെയിലിൽ യുഎസ് മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്റൺ, ആമസോൺ സിഇഒ ജെഫ് ബസോസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തതായി പറയുന്നുണ്ട്.

"ജിസ്‌ലെയ്‌ന്റെ ടൗൺഹൗസിൽ നിന്ന് ഇറങ്ങിയതേയുള്ളൂ... സിനിമയുടെ ആഫ്റ്റർ പാർട്ടി ആയിരുന്നു. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ് എന്നിവർ അവിടെ ഉണ്ടായിരുന്നു... ഷോൺ പിഗോസി , സംവിധായിക മീരാ നായർ.... തുടങ്ങിയവരും," എന്നാണ് ഇമെയിലിൽ പറയുന്നത്. മീരാ നായരുടെ സിനിമയോടുള്ള അതിഥികളുടെ പ്രതികരണം "തണുപ്പൻ" ആയിരുന്നു എന്നും ഇമെയിൽ പെഗ്ഗി കൂട്ടിച്ചേർക്കുന്നു.

ഇതിനു പുറമേ, എപ്സ്റ്റീനും പല ഉന്നതരും തമ്മിലുള്ള ഇമെയിൽ വിവരങ്ങളും നീതി ന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ലാറി സമ്മേഴ്‌സ്, ബിൽ റിച്ചാർഡ്‌സൺ, പ്രിൻ് ആൻഡ്രൂ, സാറാ ഫെർഗൂസൺ, മൈക്കൽ ജാക്സൺ, മിക്ക് ജാഗർ, കെവിൻ സ്പേസി, ഡയാന റോസ്, ക്രിസ് ടക്കർ എന്നിവരുടെ പേരുകളും പുതിയ രേഖകളിൽ കടന്നുവരുന്നുണ്ട്. നേരത്തെ പുറത്തുവിട്ട രേഖകളിൽ, വുഡി അലൻ, റിച്ചാർഡ് ബ്രാൻസൺ, നോം ചോംസ്കി, സ്റ്റീഫൻ ഹോക്കിങ് എന്നിവരുടെ പേരുകളും പരാമർശിക്കപ്പെട്ടിരുന്നു.

SCROLL FOR NEXT