ബി.ആർ. ചോപ്രയുടെ പ്രശസ്തമായ 'മഹാഭാരത്' പരമ്പരയിൽ ശ്രീക്രിഷ്ണനായി വേഷമിട്ട് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. പത്മരാജൻ സംവിധാനം ചെയ്ത 'ഞാൻ ഗന്ധർവൻ' എന്ന ചിത്രത്തിലൂടെ മലയാളികളുടേയും പ്രിയങ്കരയ നിതീഷ് 'രാമായണ' സിനിമയുടെ ട്രെയ്‌ലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ചിത്രം ഇന്ത്യൻ സിനിമയ്‌ക്ക് നാഴികകല്ലാകുമെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
"രാമായണ ട്രെയ്‌ലറിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം - മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ 100 ശതമാനം ഉറപ്പ്! നിർമാതാവ് നമിത് മൽഹോത്രയ്ക്ക് അഭിനന്ദനങ്ങൾ. സത്യജിത് റേയ്ക്കും ശേഖർ കപൂറിനും ശേഷം ലോക സിനിമയ്ക്ക് ഭാരതം നൽകുന്ന അടുത്ത സമ്മാനമാണ് നിതേഷ് തിവാരി. പ്രൊഡക്ഷൻ ഡിസൈനിനും ഛായാഗ്രഹണത്തിനും പത്തോളം പുരസ്കാരങ്ങൾ ലഭിക്കും. വിഎഫ്എക്സും എഐയും ഉപയോഗിച്ചുള്ള പിരീഡ് സൃഷ്ടി അതിഗംഭീരമാണ്. ഇന്ത്യൻ സിനിമയുമായി സഹകരിച്ചതിന് സംഗീത ഇതിഹാസം ഹാൻസ് സിമ്മർക്ക് നന്ദി. രൺവീർ സിംഗിനൊപ്പം പരാജയപ്പെടുത്താൻ കഴിയാത്ത അടുത്ത 'ധുരന്ധർ' ആയി രൺബീറും മാറിയിരിക്കുന്നു. യാഷ് - ഗ്ലോബൽ സിനിമയിലേക്ക് സ്വാഗതം," നിതീഷ് കുറിച്ചു.
ശ്രീരാമനായി എത്തുന്ന രൺബീറിനോട് താരം ഒരു അഭ്യർഥനയും നടത്തി. "ആക്ടർ എന്ന നിലയിൽ ആർകെ (രൺബീർ), എനിക്ക് നിങ്ങളെ എപ്പോഴും ഇഷ്ടമാണ്. എന്നാൽ ഇനി ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും സംസ്കാരവും ഉയർത്തിപ്പിടിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം താങ്കൾ ഏറ്റെടുക്കണം. അതിനാൽ ഇനി സ്വർണഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്. ദയവായി നിങ്ങളുടെ വാക്കിനെ മലിനമാക്കരുത്. നിങ്ങളുടെ അഭിനയമികവിന് അനുയോജ്യമായ ഒരുപാട് കഥകൾ ഭാരതത്തിലുണ്ട്," നിതീഷ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ സീതയായി എത്തുന്ന സായ് പല്ലവിയെ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
നിതേഷ് തിവാരി ഒരുക്കിയ 'രാമായണ' രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ഒന്നാം ഭാഗം 2026 ഒക്ടോബറിലും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർക്ക് പുറമെ സണ്ണി ഡിയോൾ, രവി ദുബെ, ശോഭന, ലാറാ ദത്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് 'രാമായണ' നിർമിക്കുന്നത്.