"ഇതാണോ സീത, എന്തിനാണിത്ര മേക്കപ്പ്"; 'രാമായണ' ട്രെയ്‌ലറിന് പിന്നാലെ സായ് പല്ലവിക്ക് സൈബർ ആക്രമണം

ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന്റെ സംഭാഷണശൈലിയെ വിമർശിക്കുന്നവരേയും സോഷ്യൽ മീഡിയയിൽ കാണാം
'രാമായണ'യിൽ സീതയായി സായ് പല്ലവി
'രാമായണ'യിൽ സീതയായി സായ് പല്ലവി
Published on
Updated on

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'രാമായണ: പാർട്ട് 1' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്മിശ്ര പ്രതികരണമാണ് ഈ ട്രെയ്‌ലറിന് ലഭിക്കുന്നത്. സിനിമയിലെ കാസ്റ്റിങ്ങും വിഎഫ്‌എക്സുമാണ് പ്രധാന പോരായ്മയായി പലരും ചൂണ്ടിക്കാട്ടുന്നത്. സീതയായി എത്തിയ സായ് പല്ലവി, കൈകേയിയുടെ വേഷം ചെയ്യുന്ന ലാറാ ദത്ത എന്നിവരാണ് പ്രധാനമായും വിമർശനം നേരിടുന്നത്. ശ്രീരാമന്റെ വേഷത്തിൽ എത്തിയ രൺബീർ കപൂറിന്റെ സംഭാഷണശൈലിയെ വിമർശിക്കുന്നവരേയും സോഷ്യൽ മീഡിയയിൽ കാണാം.

'രാമായണ' കാസ്റ്റിൽ ഏറ്റവും വിമർശിക്കപ്പെടുന്നതും സൈബർ ആക്രമണം നേരിടുന്നതും സായ് പല്ലവിയാണ്. സീതയുടെ വേഷം നടിക്ക് യോജിക്കുന്നില്ലെന്നും മേക്കപ്പ് അധികമായെന്നുമാണ് വിമർശനങ്ങൾ. മറ്റ് നടിമാരുടെ പേരുകൾ ചേർത്ത് താരതമ്യപ്പെടുത്തുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ കാണാം. സായ്‌ പല്ലവിയുടെ കഴിവിൽ തങ്ങൾക്ക് സംശയമില്ലെന്നും എന്നാൽ സീതയുടെ റോളിലേക്ക് നടി ചേരുന്നില്ലെന്നുമാണ് ചിലരുടെ വാദം. തന്റെ അഭിനയ മികവുകൊണ്ട് വിമർശകരെ നടി നിശബ്ദരാക്കും എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. നേരത്തെ, നടിയുടെ ഹിന്ദി ഉച്ചാരണശൈലിയും വിമർശനം നേരിട്ടിരുന്നു.

'രാമായണ'യിൽ സീതയായി സായ് പല്ലവി
യഷിന്റെ രാവണൻ കൊള്ളാം! സമ്മിശ്ര പ്രതികരണം നേടി 'രാമായണ: പാർട്ട് 1' ട്രെയ്‌ലർ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് 'രാമായണ' നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.

News Malayalam 24x7
newsmalayalam.com