ENTERTAINMENT

"നന്ദി...എന്റെ പുസ്തകം ഓർത്തതിന്, അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന്"; ഷാഹി കബീറിന് നന്ദി അറിയിച്ച് എൻ.പി. സജീഷ്

'ഉന്മാദം: അബോധത്തിന്റെ മഹോത്സവം' എന്ന പുസ്തകത്തിൽ നിന്നാണ് താൻ ചിത്രത്തിന്റെ പേര് എടുത്തതെന്ന് ഷാഹി കബീർ പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് 'ഉന്മാദം'. മലയാള സിനിമയിലെ ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ വിജയത്തിന് പിന്നാലെ 'ഉന്മാദം' എന്ന ടൈറ്റിലിന് പിന്നിലെ കഥ ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) എൻ.പി. സജീഷ് രചിച്ച 'ഉന്മാദം: അബോധത്തിന്റെ മഹോത്സവം' എന്ന പുസ്തകത്തിൽ നിന്നാണ് താൻ ചിത്രത്തിന്റെ പേര് എടുത്തതെന്ന് തിരക്കഥാകൃത്ത് ഷാഹി കബീർ പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ പുസ്തകം ഓർത്തതിന് ഷാഹിക്കുള്ള നന്ദി അറിയിച്ചുകൊണ്ട് ഒരു സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സജീഷ്.

എൻ.പി. സജീഷ് പങ്കുവച്ച കുറിപ്പ്:

നന്ദി ഷാഹി കബീർ...എന്റെ പുസ്തകം ഓർത്തതിന്...അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന്....'ഉന്മാദം : അബോധത്തിന്റെ മഹോത്സവം' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 21 വർഷങ്ങൾക്കു മുമ്പ് എഴുതിയതാണ്. 2005 മേയിലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. സുഹൃത്ത് ഷാനവാസുമായി ചേർന്ന് തയ്യാറാക്കിയ പുസ്തകം 'പ്രണത'യാണ് പ്രസിദ്ധീകരിച്ചത്. ഷാഹി ഈ വീഡിയോയിൽ പറയുന്നതുപോലെ കലാകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും ഉന്മാദമായിരുന്നു ഉള്ളടക്കം. ദാലിയും നീത്ഷെയും ഡിലൻ തോമസും എലിയറ്റും മോപ്പസാങ്ങും മിഷിമയും ബഷീറും സഞ്ചരിച്ച സർഗാത്മക ഉന്മാദത്തിന്റെ വഴുക്കുന്ന വഴികൾ...

ഷാഹിയുടെ 'ഉന്മാദം' കണ്ടു. എനിക്കിഷ്ടമായി. അടിസ്ഥാനപരമായി എഴുത്തുകാർ ഭൂതദയയുള്ളവരാണ്. വ്യവസ്ഥിതിയും അധികാരവും മനുഷ്യരെ അങ്ങനെയല്ലാതാവാൻ പരുവപ്പെടുത്തുന്നുണ്ട്. മനഃസാക്ഷിയുള്ള ഒരാൾ നിർദയമായ പൊലീസ് സംവിധാനത്തിനുള്ളിലിരിക്കെ എഴുത്തുകാരനാവാൻ ശ്രമിച്ചാൽ....

അതാണ് ഷാഹിയുടെ കഥ. കിരൺ ദാസ് അത് നന്നായി തിരശ്ശീലയിലേക്ക് പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ആ ആന്തരിക സംഘർഷങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുമുണ്ട്.

ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഉന്മാദം സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT